ന്യൂഡല്‍ഹി: രാജ്യസഭയിലെ അംഗബലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ സഹായം തേടുന്ന കാര്യം സി.പി.എം കേന്ദ്ര നേതൃത്വം ആലോചിക്കുന്നു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ പശ്ചിമബംഗാളില്‍നിന്നുള്ള രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. നിലവിലെ സാഹചര്യത്തില്‍ ഈ അംഗങ്ങളെ വീണ്ടും രാജ്യസഭയില്‍ എത്തിക്കുന്നതിനാവശ്യമായ എം.എല്‍.എമാര്‍ പശ്ചിമബംഗാളില്‍ സി.പി.എമ്മിനില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പിന്തുണ തേടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സി.പി.എം സംസ്ഥാന ഘടകം ധാരണയുണ്ടാക്കിയിരുന്നു.
എന്നാല്‍ ഈ തീരുമാനത്തെ സി.പി.എം കേന്ദ്ര നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബൂര്‍ഷ്വാ പാര്‍ട്ടികളുടെ വാലായി പ്രവര്‍ത്തിക്കരുതെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയരേഖയിലും പറയുന്നത്. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തി ല്‍ കോണ്‍ഗ്രസ് ബന്ധത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച സി. പി.എം പൊളിറ്റ് ബ്യൂറോ തന്നെയാണ് കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനുള്ള സാധ്യത തേടണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത് എന്നാണറിയുന്നത്.
സീതാറാം യെച്ചൂരിയുടെ കാലാവധി ഓഗസ്റ്റിലും തപന്‍ കുമാര്‍ സെന്നിന്റെ കാലാവധി 2018 ഫെബ്രുവരിയിലുമാണ് അവസാനിക്കുന്നത്. പശ്ചിമബംഗാളില്‍ നിലവില്‍ ഇടതുമുന്നണിക്ക് 32 എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് 44ഉം തൃണമൂല്‍ കോണ്‍ഗ്രസിന് 211ഉം എം. എല്‍. എമാര്‍ ഉണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരുതരത്തിലുമുള്ള നീക്കുപോക്കുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നില്ലാത്തതിനാല്‍ നേതാക്കളെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടുക മാത്രമാണ് സി. പി.എമ്മിനു മുന്നിലെ ഏക വഴി. അടുത്ത് ചേരുന്ന സി.പി.എം ബംഗാള്‍ സംസ്ഥാന സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.