മുംബൈയില്‍ ഐടി എന്‍ജിനീയറിങ് ബിരുദധാരിയായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാഗ്പൂര്‍ സ്വദേശിയായ 22കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുറ്റവാളികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
അറസ്റ്റിലായ നിഖിലേഷ് പാട്ടീല്‍ പെണ്‍കുട്ടിയുടെ സുഹൃത്താണ്. രണ്ടാമത്തെ കുറ്റവാളി അക്ഷയ് വലോഡ് നിഖിലേഷിന്റെ സുഹൃത്താണ്. നാഗ്പൂര്‍ സ്വദേശിയായ നിഖിലേഷ് സുഹൃത്തുക്കളായ നിലേഷ് കോബ്രഗേഡ്, അക്ഷയ് എന്നിവരോടൊപ്പം പെണ്‍കുട്ടിയുമായി പൂനെയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നിഖിലേഷും അക്ഷയ്‌യും പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് അംബര്‍നാഥിലുള്ള അക്ഷയ്‌യുടെ വീട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. പൊലീസിനോട് പറയുമെന്ന പെണ്‍കുട്ടിയുടെ ഭീഷണിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിന്നീട് മൃതദേഹം സ്യൂട്ട് കേസിലാക്കി ബെല്‍ഗാവിയില്‍ ഉപേക്ഷിച്ചു. ഗോവയിലേക്ക് കടക്കുന്നതിനിടെയാണ് മൃതദേഹം ഉപേക്ഷിച്ചത്.
സംഭവ സമയത്ത് നിലേഷ് ഇവരോടൊപ്പമുണ്ടായിരുന്നില്ല. നിലേഷ് തിരിച്ചെത്തിയ ശേഷം ഇരുവരും കുറ്റസമ്മതം നടത്തുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു. നിലേഷിന്റെ പ്രസ്താവന പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റവാളികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടി നാഗ്പൂര്‍ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടറുടെ മകളാണ്.