കോഴിക്കോട് : ബന്ധുനിയമനത്തില്‍ കുറ്റക്കാരനായ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 21-ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ തെരുവുകള്‍ സംഘടിപ്പിക്കാന്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സ്റ്റേറ്റ് മൈനോറിറ്റി ഡവലെപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ ആയി ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തു വന്നിട്ടും മന്ത്രി ജലീല്‍ അധികാരത്തില്‍ തുടരുന്നത് അപമാനകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബഹുജന പങ്കാളിത്തത്തോടെ നടക്കുന്ന പ്രതിഷേധത്തെരുവില്‍ മുസ്‌ലിംലീഗ്, യൂ.ഡി.എഫ് നേതാക്കള്‍ സംബന്ധിക്കും.
കെ.ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി കാമ്പയിന്‍ സംഘടിപ്പിക്കും. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവരടക്കം ഇരുപത് വിദ്യാര്‍ത്ഥി നേതാക്കളെ ജയിലിലടച്ച സംഭവത്തില്‍ യോഗം പ്രതിഷേധിച്ചു. അധികാര ദണ്ഡുപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരക്കാരെ അടിച്ചമര്‍ത്തി പ്രതിഷേധത്തെ ഇല്ലാതാക്കാമെന്നത് വ്യാമോഹമാണെന്നും യോഗം സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. അഷറഫ് എടനീര്‍, പി.വി ഇബ്രാഹിം മാസ്റ്റര്‍, സാജിദ് നടുവണ്ണൂര്‍. കെ.കെ. നവാസ്, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷറഫ്, സി.എ സാജിദ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, അന്‍സാര്‍ മുണ്ടാട്ട്, ടി.കെ നവാസ്, നിയാസ് റാവുത്തര്‍, എ. ഷാജഹാന്‍, പി ബിജു, വി.എം റസാഖ് ചര്‍ച്ചയില്‍ പങ്കെടുത്തു.