നടി മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോന് പൊലീസ് നോട്ടീസ് നല്‍കും

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് വിളിച്ചുവരുത്തും. സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ പൊലീസ് തീരുമാനിച്ചു. ചൊവ്വാഴ്ച നോട്ടീസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ശ്രീകുമാര്‍ മേനോന് തിങ്കളാഴ്ച നോട്ടീസ് നല്‍കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും തൃശ്ശൂര്‍ ഡി.സി.ആര്‍.ബി. അംഗം മരിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ശ്രീകുമാര്‍ മേനോനെതിരേ ഗുരുതര ആരോപണങ്ങളാണ് മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും കൈമാറിയിട്ടുണ്ട്. കേസില്‍ അന്വേഷണസംഘം ഞായറാഴ്ച മഞ്ജുവിന്റെ മൊഴിരേഖപ്പെടുത്തിയിരുന്നു.