അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പേരില്‍ നിന്ന് ‘മുസ്‌ലിം’ മാറ്റണമെന്ന് യു.ജി.സി; പറ്റില്ലെന്ന് രജിസ്ട്രാര്‍

ന്യൂഡല്‍ഹി: അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പേരില്‍ നിന്ന് ‘മുസ്‌ലിം’ എന്ന പദം മാറ്റണമെന്ന യു.ജി.സി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍. പേരിലെ ‘മുസ്‌ലിം’ എന്ന പദം യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തേയും പാരമ്പര്യത്തേയും ലക്ഷ്യത്തേയും വിളിച്ചറിയിക്കുന്നതാണ്. അത് സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ജാവേദ് അക്തര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പേരില്‍ നിന്ന് ‘മുസ്‌ലിം’ എന്ന പദവും ബനാറസ് ഹിന്ദു യുണിവേഴ്‌സിറ്റിയുടെ പേരില്‍ നിന്ന് ‘ഹിന്ദു’ എന്ന പദവും നീക്കം ചെയ്യണമെന്ന് യു.ജി.സി നിര്‍ദേശിച്ചത്. ഇത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്നായിരുന്നു യു.ജി.സി വാദം.

രാജ്യത്തെ 10 കേന്ദ്രസര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയാണ് രണ്ട് സര്‍വകലാശാലകളുടേയും പേര് മാറ്റണമെന്ന് നിര്‍ദേശിച്ചത്. അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പേര് അലിഗഡ്‌ യൂണിവേഴ്‌സിറ്റി എന്നോ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ യൂണിവേഴ്‌സിറ്റി എന്നോ മാറ്റണമെന്നായിരുന്നു കമ്മിറ്റിയുടെ നിര്‍ദേശം.

അതേസമയം യൂണിവേഴ്‌സിറ്റികളുടെ പേര് മാറ്റണമെന്ന നിലപാടിനോട് യോജിപ്പില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റിയും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയും വളരെയധികം പഴക്കമുള്ള സ്ഥാപനങ്ങളാണ്. അവയുടെ പേര് മാറ്റണമെന്ന് സര്‍ക്കാറിന് യാതൊരു താല്‍പര്യവുമില്ല. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വേണ്ടി മാത്രമാണ് കമ്മിറ്റിയെ നിയോഗിച്ചതെന്നും കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ വ്യക്തമാക്കി.

SHARE