കാവി പുതക്കുന്ന ചെങ്കൊടി

പി.കെ അബ്ദുറബ്ബ് എം.എല്‍.എ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് മുണ്ടുടുത്ത മോദി എന്ന ഒരു അപരനാമം നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍കിയിട്ടുള്ളതാണ്. ഇതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ അറിഞ്ഞോ അറിയാതെയോ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ. മത നിരാസം മുഖമുദ്രയാക്കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭരണാധികാരിയില്‍ നിന്നും മതേതര സമൂഹം പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ ചാണിന് ചാണായി പിന്തുടരുന്ന പിണറായിയുടെ രീതി അദ്ദേഹത്തിന്റെ മാത്രം പോരായ്മയായും മുഖ്യമന്ത്രി ആരോപണ വിധേയനായ ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ തന്ത്രമായും പാര്‍ട്ടി അണികളും അനുഭാവികളും വിമര്‍ശകരും വിലയിരുത്തിയിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തം കൂടി പുറത്തു വന്നതോടെ ഈ വിലയിരുത്തലുകള്‍ ഒന്നും മതിയാവാതെ വരും പിണറായിയെയും പാര്‍ട്ടിയേയും മോദിയുടെ കരാള പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എന്ന് വ്യക്തമാണ്.
സ്വന്തം അണികള്‍ക്ക് പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രം മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കാത്ത സി.പി.എമ്മിന്റെ ദൗര്‍ബല്യം പോലും മുസ്‌ലിംകളുടെ തലയില്‍ വെച്ചുകെട്ടികൊടുക്കുന്ന നിലപാടാണ് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയില്‍ നിന്ന് മനസ്സിലാവുന്നത്. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ മുതലാളിത്ത നിലപാടില്‍ അരിശം പൂണ്ട പാര്‍ട്ടിയിലെ യുവ തലമുറ തീവ്ര കമ്മ്യൂണസത്തിലേക്കും മാവോയിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കും ചേക്കേറുന്നതിന്റെ ഉത്തരവാദിത്തം മുസ്‌ലിം ‘തീവ്രവാദി’കള്‍ക്ക് പതിച്ച് നല്‍കിയാല്‍ പാര്‍ട്ടിയെ രക്ഷിച്ചെടുക്കാമെന്ന വ്യാമോഹമാണ് മോഹനന്റെ പ്രസ്താവനയില്‍ നിഴലിച്ച് കാണുന്നത്. മോഹനന്റെ പ്രസ്താവന വന്നയുടനെ അതിനെ പിന്തുണച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും നല്‍കുന്നത് സി.പി.എമ്മിന്റെ ഫാസിസ്റ്റ് നിലപാടിനുള്ള സാക്ഷ്യപത്രമാണ്. മോഹനന്റെ ആശങ്കകള്‍ പൂര്‍ണമായും ശരിയാണെന്നും തങ്ങള്‍ ഏറെ കാലമായി ഉയര്‍ത്തുന്ന ആവലാതിയാണിതെന്നുമാണ് കുമ്മനം സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.
സി.പി.എം, ബി.ജെ.പിക്ക് പഠിക്കുകയാണെന്നതിനുള്ള തെളിവായൊ, നിലപാടുകളില്‍ സി.പി.എം, ബി.ജെപിയെ കടത്തിവെട്ടും എന്ന രീതിയിലൊ മാത്രമെ കുമ്മനം-മോഹനന്‍ പ്രസ്താവനകളെ കാണാനാവുകയുള്ളു.
മോഹനന്റെ പ്രസ്താവനയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വരെ തള്ളി പറയുന്നിടത്താണ് കേരളത്തില്‍ സി.പി.എമ്മിന്റെ നിലപാടുകള്‍ ബി.ജെ.പിക്ക് സ്വാഗതാര്‍ഹമാവുന്നത് എന്നതാണ് മതേതര വിശ്വാസികളെ ഭീതിപ്പെടുത്തുന്നത്. ഭരണകൂട ഭീകരതയും ഭരണപരാജയവും മറച്ചുവെക്കാന്‍ മുസ്‌ലിംകളെ പഴിചാരിയിട്ട് കാര്യമില്ലെന്ന് സി.പി.എം മനസ്സിലാക്കണം. സമൂഹത്തില്‍ വര്‍ഗ്ഗീയതയും വിഭാഗീയതയും ഉണ്ടാക്കാന്‍ മാത്രമെ ഇത്തരം പ്രസ്താവനകള്‍ സഹായകരമാവുകയുള്ളു എന്നത് ഊരി പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നവര്‍ ഓര്‍ക്കണം.
ഗെയില്‍ വിരുദ്ധസമരത്തിന്റെ പേരില്‍ മുസ്‌ലിംകളെ ഏഴാംനൂറ്റാണ്ടിലെ പ്രാകൃത സംസ്‌കാരം വച്ചുപുലര്‍ത്തുന്നവരായി ആക്ഷേപിച്ചതും, 20 വര്‍ഷം കൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയുമെല്ലാം സി.പി.എമ്മിന്റെ തനി നിറം വ്യക്തമാക്കുന്നതാണ്. സി.പി.എം നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ പാര്‍ട്ടി വിട്ടതിന്റെ പേരില്‍ കൊലപ്പെടുത്താനായി അക്രമികളായ പാര്‍ട്ടി ക്രിമനലുകള്‍ സഞ്ചിരിച്ച ഇന്നോവ കാറില്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ പതിച്ച് മുസ്‌ലിംകളുടെ മേല്‍കെട്ടിവെക്കാന്‍ ശ്രമിച്ചതു പോലെയുള്ള അപഹാസ്യമായ കുതന്ത്രങ്ങളാണ് സി.പി.എം വീണ്ടും ആവര്‍ത്തിക്കുന്നത്.
ഇന്ത്യയില്‍ സി.പി.എം പ്രതിനിധാനം ചെയ്യുന്ന ഇടതു പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുതന്നെയാണ് മാവോവാദം പോലുള്ള ആശയങ്ങള്‍ വളര്‍ന്നു വികസിച്ചിട്ടുള്ളതെന്ന കാര്യം സിപി.എം മറക്കരുത്. സ്വന്തം പ്രവര്‍ത്തകര്‍ മാവോവാദത്തിലേക്ക് പോയിട്ടുണ്ടെങ്കില്‍ അത് ചെറുക്കാനുള്ള ബാധ്യത സി.പി.എമ്മിനു തന്നെയാണ്. മാവോവാദവുമായി ബന്ധപ്പെട്ട ആശയവ്യതിയാനം സ്വന്തം അണികള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനു പകരം, മുസ്‌ലിം ‘തീവ്രവാദം’ ഉ ന്നയിച്ച് യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മിന്റെ ആശയപാപ്പരത്തമാണ് തെളിയിക്കുന്നത്.
ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ തെരുവില്‍ നേരിടുന്ന കാര്യത്തിലും നരേന്ദ്ര മോദിയുടെ പാത തന്നെയാണ് പിണറായി വിജയനും പിന്തുടരുന്നതെന്നതിന്റെ വ്യക്തമായ തെളിവാണ് ഒരു ജനപ്രതിനിധി കൂടിയായ ശാഫി പറമ്പില്‍ എം.എല്‍.എയുടെ തല കേരള പോലീസ് അടിച്ച് പൊട്ടിച്ചതിലൂടെ പുറത്തുവന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് അടിച്ച് തലപൊട്ടിച്ച് പോലിസ് പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് എം.എല്‍.എ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണ പക്ഷത്തെ എം.എല്‍.എയും സി.പി.ഐയുടെ നേതാവുമായ എല്‍ദോ അബ്രഹാമിനെ വരെ നടുറോഡിലിട്ട് തല്ലി ചതച്ച കേരള പോലീസിനെ നിയന്ത്രിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് പുറത്തുള്ള ശക്തികളാണെന്നാണ് വ്യക്തമാകുന്നത്. അമിതമായ ഫീസ് വര്‍ധനവിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി പൊലിസ് കൈകൊണ്ട മനുഷ്യത്വ രഹിതമായ നടപടിയുടെ മറ്റൊരു മുഖമാണ് കേരളത്തില്‍ പിണറായിയുടെ പൊലീസും. ഡല്‍ഹി പൊലീസിനെയും കേരള പൊലീസിനെയും നിയന്ത്രിക്കുന്നത് ഡല്‍ഹിയില്‍ ഇരുന്ന് ഭരണം നടത്തുന്നവരാണെന്ന് തോന്നിപ്പിക്കുമാറാണ് കേരളത്തിലെ സംഭവ വികാസങ്ങള്‍.
ജെ.എന്‍.യു കാമ്പസില്‍ പ്രതിഷേധം പ്രകടിപ്പിച്ച പെണ്‍കുട്ടികളെ അടക്കം ഡല്‍ഹി പോലീസിലെയും സി.ആര്‍.പി.എഫിലെയും പുരുഷ പൊലീസുകാരാണ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടു പോയി തല്ലിച്ചതച്ചത്. കാഴ്ച ശക്തിയില്ലാത്തവര്‍ അടക്കം ശാരീരിക വൈകല്യമുള്ള വിദ്യാര്‍ത്ഥികളെ വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൃഗീയമായാണ് നേരിട്ടത്. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ തെരുവ് വിളക്കുകള്‍ അണച്ച് ലാത്തി ചാര്‍ജ് ചെയ്ത നടപടി ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ചരിത്രത്തെ പോലും വളച്ചൊടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇത്തരം ക്രൂരമായ നടപടികള്‍ അപലപനീയമാണ്. ഭിന്നിപ്പിപ്പിന്റെ അപത താളം കൊട്ടുന്ന ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഏകമുഖപ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് താല്‍ക്കാലിക ലാഭം ഉണ്ടാക്കുമെങ്കിലും, മഹാരഥന്‍മാരുടെ ത്യാഗം കൊണ്ട് പടുത്തുയര്‍ത്തിയ ഈ മഹാരാജ്യത്തിന്റെ അടിത്തറ ഇളക്കുമെന്നതിന് സംശയമില്ല. കമ്മ്യൂണിസം കമ്മ്യൂണലിസമായി പരിണാമം പ്രാപിക്കുന്നത് ചേതനയുള്ള കമ്മ്യൂണിസ്റ്റുകള്‍ നിസ്സംഗതയോടെ കണ്ടിരിക്കുന്നതാണ് സങ്കടകരം..
(മുന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയാണ് ലേഖകന്‍)

SHARE