സംഘ്പരിവാറിന്റെ അസഹിഷ്ണുത

സംഘ്പരിവാറിന്റെ അസഹിഷ്ണുത


സലീം ദേളി

സ്വാതന്ത്ര്യം അടുത്തുവന്ന നാളില്‍, ഗാന്ധി ജീവിച്ചിരിക്കുമ്പോള്‍ 1947 ഏപ്രില്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ റിലേഷന്‍സ് സമ്മേളനത്തില്‍ ഈജിപ്തില്‍നിന്ന് ഒരു കവിത ചൊല്ലപ്പെട്ടു.
ഗാന്ധിജിയുടെ കയ്യില്‍ ചര്‍ക്ക
തണ്ടുകള്‍ വാളിനേക്കാള്‍
മൂര്‍ച്ചയുള്ളതായി
ഗാന്ധിയുടെ മെലിഞ്ഞ ദേഹത്ത്
ചുറ്റിയ വെള്ളമുണ്ട്
സാമ്രാജത്വ തോക്കുകള്‍ക്ക്
തുളച്ചുകയറാനാവാത്ത പടച്ചട്ടയായി
ഗാന്ധിയുടെ ആട് ബ്രിട്ടീഷ്
സിംഹത്തെക്കാള്‍
കരുത്തുള്ളതായി.
യന്ത്രവും രാഷ്ട്രീയവും കുടില തന്ത്രങ്ങളാവുന്ന കാലത്തിലാണ് ഗാന്ധിയുടെ യുഗം. യോഗാചാര്യന്‍മാര്‍ക്കോ ചക്രവര്‍ത്തിമാര്‍ക്കോ പിന്തുണ കിട്ടുന്ന കാലമല്ലയിത്. ഒരുമയുടെ ഭൂമിയില്‍നിന്ന് ഗാന്ധി തുടങ്ങുകയായിരുന്നു. ഹിന്ദു സ്വരാജില്‍ വ്യക്തമാക്കിയതുപോലെ വ്യക്തിയെന്ന യൂണിറ്റില്‍ നിന്നാരംഭിച്ച് അയല്‍ക്കൂട്ടമായി ഗ്രാമമായി പ്രദേശമായി ദേശമായി രാഷ്ട്രമായി ലോകമായി വ്യാപിക്കുന്ന വികസിക്കുന്ന സ്വരാജാണ് ലക്ഷ്യമിട്ടത്.
‘ജനാധിപത്യത്തിന്റെ ചൈതന്യം വളര്‍ത്തണമെങ്കില്‍ അസഹിഷ്ണുത വര്‍ജിച്ചേ തീരൂ, സ്വന്തം നിലപാടില്‍ വിശ്വാസമില്ലാത്തവരുടെ ലക്ഷണമാണ് സഹിഷ്ണുത, അതൊരു അക്രമമാണ്.’ എന്ന ഗാന്ധിജിയുടെ ബോധവും വീക്ഷണവും സമീപനവും ഭാരതത്തെ ഹിന്ദുത്വ ഭൂമിയായി കരുതാത്തവര്‍ ഇന്ത്യക്കാരല്ലെന്ന സവര്‍ക്കര്‍-ഗോള്‍വാള്‍ക്കര്‍ ചിന്തയും രണ്ട് വ്യത്യസ്ത വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ്. സവര്‍ക്കറുടെ ഹിന്ദുത്വ എന്ന പുസ്തകം പുറത്തുവന്ന ശേഷമാണ് ഗാന്ധിജിയുടെ ഈ പ്രസ്താവന എന്നുള്ളത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
‘യുക്തിക്കു നിരക്കാത്തതും ധാര്‍മിക വിരുദ്ധവുമായ എല്ലാ സിദ്ധാന്തങ്ങളെയും ഞാന്‍ നിരാകരിക്കുന്നു, അധാര്‍മികതയില്‍ അധാര്‍മികമല്ലെങ്കില്‍ യുക്തിരഹിതമായ മതവികാരങ്ങളെ ഞാന്‍ സഹിഷ്ണുതയോടെ വീക്ഷിക്കും’ എന്ന് 1920ലും ‘ഈശ്വരന്റെ ഒരു വാക്കിനെ മറ്റൊരു വാക്കിനോട് മല്ലിടാന്‍ പിടിച്ചുനിര്‍ത്തേണ്ട കാര്യമില്ല. പക്ഷേ ഹിറ്റ്ലറുടെ യുക്തിയോട് മല്ലിടുകതന്നെ വേണം’ എന്ന് 1937-ലും ഗാന്ധി എഴുതി. ഗാന്ധി മുന്നോട്ടുവെച്ച വീക്ഷണങ്ങളാണിവ. സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രത്തെ പൂര്‍ണമായി നിരാകരിക്കുന്ന, സഹിഷ്ണുതയെ ആഗ്രഹിക്കുന്ന, സമാധാനത്തിന്റെ വക്താവായി രാഷ്ട്രീയ വ്യക്തിയുടെ ധാര്‍മികതയില്‍ നില്‍ക്കുന്ന ഉത്തമതയാണ് ഗാന്ധിയുടെ രാഷ്ട്രീയം. അത് തെല്ലൊന്നുമല്ല സംഘ്പരിവാറിനെ ചൊടിപ്പിച്ചത്.
സര്‍വമതങ്ങളെയും ആദരിച്ച് സാര്‍വദേശീയതക്കുവേണ്ടി വര്‍ത്തിച്ച് സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കാളിയായി ആശയദൃഢതയോടെ ഗാന്ധി നിലകൊണ്ടപ്പോള്‍ നിലനില്‍പ്പില്ലാതെ പോവുമെന്ന് ഉറപ്പായ സംഘ്പരിവാര്‍ ആശയമവതരിപ്പിക്കുന്നതില്‍നിന്ന് വ്യതിചലിച്ച് സങ്കുചിത്വം പൂണ്ട് ഇന്ത്യന്‍ ഫാഷിസ്റ്റുകളായി രൂപാന്തരപ്പെടുകയാണ് ചെയ്തത്.
ഇന്ത്യ ഇന്ത്യക്കാരുടേതുപോലെ, ഫ്രഞ്ച് ഫ്രഞ്ചുകാരുടേതുപോലെ ഫലസ്തീന്‍ പലസ്തീന്‍കാരുടേതാണെന്ന് നിസംശയം പ്രഖ്യാപിച്ച ഗാന്ധിയെ സംഘ്പരിവാറിന് സഹിക്കുന്നതിനുമപ്പുറമായിരുന്നു. ‘ഞാനൊരു സനാതന ഹിന്ദു വിശ്വാസിയാണ്. എന്റെ മതത്തിനായി ഞാനെന്റെ ജീവന്‍ നല്‍കും, എന്നാലത് എന്റെ വ്യക്തിപരമായ ഒരു കാര്യം മാത്രമാണ്. ഞാന്‍ സമരം ചെയ്ത് രൂപം കൊടുക്കുന്ന ഇന്ത്യ തീര്‍ത്തും മതേതരമായിരിക്കണം. മതം രാജ്യത്തോട് ആജ്ഞകള്‍ പുറപ്പെടുവിക്കുകയില്ല. എന്റെ രാജ്യം തിരിച്ച് മതത്തിനും ആജ്ഞകള്‍ നല്‍കില്ല’ (ഗാന്ധിജി). ഹിന്ദുമത വിശ്വാസിയായി ജീവിച്ച് മതനിരപേക്ഷതക്ക്‌വേണ്ടി ഊര്‍ജംകൊണ്ട പരിപൂര്‍ണ്ണ രാഷ്ട്രീയ മനുഷ്യനായിരുന്നു ഗാന്ധി. ‘വെറുപ്പിനെ പുറത്താക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമാണ് ഹിന്ദു സ്വരാജ്’ എന്നാണ് 1921ല്‍ ഗാന്ധി എഴുതിയത്. രാഷ്ട്രീയം കലര്‍ത്തി മനുഷ്യന്റെ രക്തം കുടിക്കുന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തി പുറത്താക്കണമെന്നാണ് ഗാന്ധി ആഹ്വാനം ചെയ്തത്. അന്നും ഇന്നും സംഘ്പരിവാര രാഷ്ട്രീയത്തിന്റെ അപകടവും പ്രത്യാഘാതവും കണ്ട് ഗാന്ധി അവരെ വെളിക്കു പുറത്തിരുത്തി. അതുമൂലം അന്നും ഇന്നും സംഘ്പരിവാര രാഷ്ട്രീയം ഗാന്ധിയെ പുറത്തിരുത്തി. 1948 ജനുവരി 30ന് വൈകിട്ട് 5.17 ന് നാഥുറാം ഗോഡ്‌സെ ബാപ്പുവിന്റെ നെഞ്ചിലേക്ക് തൊട്ടടുത്തുനിന്ന് മൂന്ന് വെടിയുണ്ടകള്‍ ഉതിര്‍ത്തു അദ്ദേഹത്തെ കൊന്നു. മത ഭ്രാന്ത് ചോര പുഴയായി ഒഴുകിയപ്പോള്‍ അത് പിടിച്ചുനിര്‍ത്താന്‍ തുനിഞ്ഞതായിരുന്നു ഗാന്ധി. അതിനുവേണ്ടി അശ്രാന്ത പരിശ്രമമാണ് അദ്ദേഹം നടത്തിയത്. ഒടുവില്‍ ജീവന്‍ തന്നെ അടിയുറവ് വെച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ദീര്‍ഘമായ അത്യാഹിതത്തിന്റെ പ്രഹരത്തില്‍നിന്നും കരകയറിയിട്ടില്ല. ഇന്ത്യന്‍ ഫാസിസത്തിന്റെ ഉള്ളടക്കമാണ് അന്നു മുതല്‍ ആരംഭിച്ചത്. അഥവാ ഗാന്ധി വധം ഇന്ത്യന്‍ ഫാസിസത്തിന്റെ മൂലധനമാണ്. സത്യം മരിക്കുന്ന നാല് മാര്‍ഗങ്ങളെക്കുറിച്ച് വിക്തോര്‍ ക്ലെമ്പറര്‍ എന്ന ചിന്തകന്‍ പറയുന്നുണ്ട്. ഒന്ന് കെട്ടുകഥകളെ വസ്തുതയായി പ്രചരിപ്പിക്കുക,രണ്ട് ഉള്ളടക്കങ്ങളില്ലാത്ത മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കുക, മൂന്ന് പരസ്പര വിരുദ്ധമായ വാഗ്ദാനങ്ങള്‍ നല്‍കുക നാല് അന്ധമായ വിശ്വസ്തത. ഗാന്ധി മരിച്ചതല്ല. കൊല്ലപ്പെട്ടതാണ്. ജനുവരി 30 യഥാര്‍ത്ഥ്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് ചിതക്ക് തീ കൊളുത്തിയ ദിനം. സത്യത്തെ കൊല്ലാനുള്ള എല്ലാ മാര്‍ഗങ്ങളും ഭരണകൂട താല്‍പര്യങ്ങള്‍വഴി രാജ്യത്ത് നടപ്പിലാക്കി കഴിഞ്ഞു. ഗാന്ധി ഘാതകന്‍ ഗോദ്‌സെയെ ആരാധിക്കുന്ന ദിനം വരെ എത്തി നില്‍ക്കുമ്പോള്‍ തികഞ്ഞ ജനാധിപത്യ വിരുദ്ധത തന്നെയാണ് ഗാന്ധിവധത്തിലുമുണ്ടായതെന്ന് ഊഹിക്കേണ്ടതില്ല.
ആത്യന്തികമായി ഗാന്ധിയെന്ന പ്രത്യയശാസ്ത്രം ഇന്ത്യന്‍ ഫാസിസത്തെ ഏറെ പ്രതിരോധിക്കുന്നുണ്ട്. ഇത് സംഘ്പരിവാറിനെ എന്നും അലട്ടുന്ന ഭീതിയാണ്. ഇന്ത്യയില്‍ ഗാന്ധിയുടെ ഉറച്ച വേരുകള്‍ ഭയപ്പെട്ട ആര്‍.എസ്.എസ് ഗാന്ധി ഉന്മൂലനം പരിവാര്‍ ആധിപത്യത്തിതിനുള്ള സാധ്യതയായി കണ്ടു. അത് വിജയിപ്പിച്ചെടുക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് പരിവാര്‍ ഇന്ത്യയില്‍ ഇന്ന് നടപ്പിലാക്കികൊണ്ടിരിക്കുന്ന അസഹിഷ്ണുതകള്‍. ബ്രാഹ്മണ മേധാവിത്വ ചിന്താധാരകള്‍ അടങ്ങിയ ഫാസിസ്റ്റുകള്‍ക്ക് അടിതെറ്റിയത് 1930-കളില്‍ കോണ്‍ഗ്രസ് സജീവമായി ഗാന്ധിയുടെ നേതൃത്വത്തില്‍ പൂര്‍ണ സ്വരാജിനോടൊപ്പം അയിത്തോച്ചാടനം അടക്കമുള്ള പ്രവര്‍ത്തനങ്ങളായി മുന്നോട്ടുപോയതാണ്. അന്നുമുതല്‍ തന്നെ ഗാന്ധിക്കു നേരെ വധ ശ്രമങ്ങളും ഉണ്ടായിത്തുടങ്ങി. 1934 മുതല്‍ 1948 വരെയുള്ള കാലയളവിനുള്ളില്‍ അഞ്ച് തവണ അപായപ്പെടുത്താന്‍ ശ്രമിച്ചു. 48 ജനുവരി 30 നാണ് നടപ്പിലായത്. ഇന്ത്യന്‍ രാഷ്ട്രീയം രണ്ട് ചേരികളിലാണ് നിലനില്‍ക്കുന്നത് ഗാന്ധിവധ വാഹകരും അല്ലാത്തവരും. ഗാന്ധി നേരത്തെ പുറന്തള്ളിയ സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെ പ്രതിരോധിക്കാനും ഗാന്ധിജിയെ സംഘ്പരിവാര്‍ മുക്തമാക്കാനും അര്‍ധനഗ്നനായ ഫഖീറിനെ തേടുന്നു.

NO COMMENTS

LEAVE A REPLY