പിഞ്ചുകുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര പ്രവര്‍ത്തകനെതിരെ പരാതി

തിരുവനന്തപുരം: ആംബുലന്‍സില്‍ ചികിത്സക്ക് കൊണ്ടുപോയ കുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരെ പരാതി. തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോകുകയായിരുന്ന കുഞ്ഞിനെ അമൃത ആസ്പത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ വര്‍ഗീയ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയയിരിക്കുന്നത്. ബിനില്‍ സോമസുന്ദരത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായി പരാതിക്കാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെതിരെയാണ് ബിനില്‍ സോമസുന്ദരം എന്നയാള്‍ വര്‍ഗീയ അധിക്ഷേപം നടത്തിയത്. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയമിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ -ഇതായിരുന്നു ബിനിലിന്റെ ഫേസ്ബുക്കിലേയും ട്വിറ്ററിലേയും പോസ്റ്റുകള്‍.

SHARE