രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ്; 12ല്‍ ഒമ്പതിടത്തും ബി.ജെ.പിയെ തോല്‍പിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്വല വിജയം. 11 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 12 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചത്.

10 ജില്ലകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 വാര്‍ഡുകളില്‍ ഒമ്പതും കോണ്‍ഗ്രസ് നേടി. അതേസമയം ബി.ജെ.പിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ഒരു സീറ്റ് സ്വതന്ത്രനും സ്വന്തമാക്കി. പാലി, കരോളി, സിരോഹി, പ്രതാപ്ഗഢ്, ശ്രീഗംഗാനഗര്‍, അജ്മീര്‍, ജയ്പൂര്‍, ചുരു, ഹനുമാന്‍ഗഢ്, ജുന്‍ജുനു എന്നീ ജില്ലകളിലെ മുനിസിപ്പാലിറ്റികളിലെയും മുനിസിപ്പല്‍ കൗണ്‍സിലുകളിലെയും വാര്‍ഡുകളിലേക്ക് ഓഗസ്റ്റ് നാലിനാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസിന്റെ ദീന്‍ദയാല്‍ ശര്‍മ അജ്മീര്‍ ജില്ലയിലെ 52-ാം വാര്‍ഡില്‍ നിന്ന് വിജയിച്ചപ്പോള്‍ മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജ്യോതിക സര്‍വാറില്‍ നിന്നും വിജയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാനില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സംസ്ഥാനത്ത് ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി വീണ്ടും ആധികാരികവിജയവുമായി കോണ്‍ഗ്രസ് മുന്നേറുന്നത്.

SHARE