ദിലീപിന്റെ ഹര്‍ജി തള്ളി; വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യ ജീവിതത്തിന് ഭീഷണിയാവുമെന്നും പ്രോസിക്യൂഷന്‍ എതിര്‍ത്തു.
പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ദിലീപിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

കുറ്റപത്രത്തിനൊപ്പം പൊലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. വിചാരണ സമയത്ത് പൊലീസ് സമര്‍പ്പിച്ച രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ രേഖകളും ദിലീപിന് നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ എറണാംകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായി കോടതി ഉത്തരവിട്ടു. കേസില്‍ വളരെ വേഗത്തില്‍ വിചാരണ നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ അങ്കമാലി കോടതിയിലെ നടപടികളെല്ലാം കോടതി അവസാനിപ്പിച്ചു.