Connect with us

Video Stories

ആശങ്കപ്പെടുത്തുന്ന പ്രവാസികളുടെ മടക്കം

Published

on

കെ.കുട്ടി അഹമദ്കുട്ടി

കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലവും പകരം വെക്കാനാകാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളം ഇന്ന് കാണുന്ന സാമൂഹിക സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം പ്രവാസി സമൂഹം നാട്ടിലേക്ക് അയക്കുന്ന Remittences ആണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്ന് ഇന്ത്യയില്‍ ഒന്നാമതാണെങ്കില്‍ അതിനുള്ള ഒരു പ്രധാന കാരണം പ്രവാസി നിക്ഷേപം തന്നെയാണ്. ഭാരതത്തിന്റെ കാര്യത്തില്‍ പൊതുവെയുള്ള സവിശേഷതയാണ് നാം വിദേശ രാജ്യങ്ങളുമായി പുരാതനകാലം മുതല്‍തന്നെ പുലര്‍ത്തുന്ന ബന്ധം. കേരള സമ്പദ് വ്യവസ്ഥക്ക് അനുകൂലമാകുന്നവിധം പ്രവാസി മാറിയത് 1973 മുതലാണ്. ഈ കാലയളവിലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവുമധികം കുടിയേറ്റം കേരളത്തില്‍നിന്നുമുണ്ടായിട്ടുള്ളത്.

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ എണ്ണ ഖനനവും അനുബന്ധ അടിസ്ഥാന സൗകര്യ വികസനവും നിരവധി തൊഴിലവസരം ഈ രാജ്യങ്ങളില്‍ സൃഷ്ടിച്ചു. ഈ അവസരം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് മലയാളികളാണെന്ന് പറയാം. അന്ന് തുടക്കംകുറിച്ച മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും വലിയ സവിശേഷത, കുടിയേറിയ മലയാളികള്‍ ഏറെയും വിദ്യാഭ്യാസ നൈപുണ്യ രഹിതരായിരുന്നുവെന്നതാണ്. വിദ്യാഭ്യാസത്തിലും തൊഴില്‍ വൈദഗ്ധ്യത്തിലും പിന്നിലായതിനാല്‍ തന്നെ കേരളത്തില്‍ ജോലി ലഭിക്കാതെ പട്ടിണിയിലായിരുന്ന വലിയ ജനസമൂഹത്തിന് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ അത്താണിയായി മാറി. അവിടെ ഇവര്‍ക്ക് ലഭിച്ച മാന്യമായ വരുമാനംകൊണ്ട് അവരുടെ ജനിച്ച നാട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ പട്ടിണിയില്ലാതാക്കാന്‍ കഴിഞ്ഞു.

അവര്‍ക്ക് കിടപ്പാടവും മാന്യമായ ഭവനങ്ങളും കുട്ടികളുടെ വിദ്യഭ്യാസത്തിനും വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കള്‍ക്ക് ചികിത്സ ലഭ്യമാക്കാനും ഈ വരുമാനം മതിയാകുമെന്ന അവസ്ഥ സംജാതമായി. ഒരു പ്രവാസിയുടെ കുടുംബം കേരളത്തില്‍ കടമായി പൈസ ആവശ്യപ്പെട്ടാല്‍ ഉയര്‍ന്ന വിശ്വാസത്തില്‍ പണം കടം ലഭ്യമാകുന്ന അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു. പ്രവാസം പട്ടിണിപ്പാവങ്ങളായ ലക്ഷക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് മാന്യമായ ജീവിതം ഉറപ്പ് നല്‍കി. കേരളത്തിലെ ബഹുഭൂരിപക്ഷംവരുന്ന ആദ്യകാല പ്രവാസികള്‍ കുടിയേറിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം താല്‍ക്കാലിക കുടിയേറ്റമായതിനാല്‍ തന്നെ തൊഴില്‍ അനുമതി അവസാനിക്കുന്ന മുറക്ക് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും കുടിയേറാനുള്ള അവസരങ്ങള്‍ നിഷേധിച്ചിട്ടില്ലായിരുന്നു. ആയതിനാല്‍തന്നെ കുടിയേറ്റം ഇന്നും കേരളത്തില്‍നിന്നും നിര്‍ലോഭം തുടര്‍ന്ന്‌കൊണ്ടിരിക്കുന്നു.

എന്നാല്‍ ഈ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നുവെന്നത് നമുക്കറിയാം. ഈ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണല്ലോ 1994 ല്‍ സഊദി അറേബ്യ നടപ്പിലാക്കിയ സഊദിവത്കരണം. സഊദി പൗരന്‍മാര്‍ക്ക് തൊഴില്‍ ഉറപ്പ്‌വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പില്‍വരുത്തിയ സഊദിവത്കരണ നിയമം എന്നാല്‍ അത്ര വലിയ പ്രകമ്പനം സഊദിയിലേക്കുള്ള കേരളത്തില്‍നിന്നുള്ള കുടിയേറ്റത്തില്‍ വരുത്തിയില്ലായിരുന്നുവെന്നതാണ് വസ്തുത.

എന്നാല്‍ 2005 ന് ശേഷം സ്ഥിതി പൂര്‍ണ്ണമായി മാറി. 2005 മുതല്‍ സഊദിവത്കരണത്തിന്റെ പുതിയ കര്‍ശന നയമായി നിതാഖത്ത് നിയമം സഊദി നടപ്പിലാക്കി. ഈ നിയമത്തിന്റെ സവിശേഷത സഊദിയിലെ എല്ലാ വ്യവസായ സേവന മേഖലയില്‍ ഉറപ്പായും നിയമിച്ചിരിക്കേണ്ട സഊദി പൗരന്മാരുടെ എണ്ണം ആസ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി നിശ്ചയിക്കപ്പെട്ടു. പലപ്പോഴും ഈ അനുപാതം കുറഞ്ഞത് 10 ശതമാനം മുതല്‍ കൂടിയത് 75 ശതമാനം വരെയും ചിലതില്‍ 99 ശതമാനം വരെയും നിശ്ചയിക്കപ്പെട്ടു. വ്യവസായികളെ ഇതിന്റെ അനുപാതത്തില്‍ പല വര്‍ണ്ണങ്ങളുമായി തരംതിരിക്കപ്പെട്ടു.

എല്ലാ സ്ഥാപനങ്ങളും നേടിയെടുക്കാന്‍ ആത്യന്തികമായി നിയമപരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്വദേശി വിദേശി തൊഴില്‍ അനുപാതം പരിപാലിക്കേണ്ടത് കര്‍ശനമായതോടെ ഒരു കാലത്തെ മലയാളികളുടെ സ്വര്‍ഗമായിരുന്ന പ്രവാസ കുടിയേറ്റ രാജ്യങ്ങള്‍ ഇന്ന് വിലക്കപ്പെട്ട ഖനിയായി മാറുന്ന ഒരു കാലഘട്ടത്തിലൂടെ കടന്ന് പോകേണ്ടിവരുന്നു. മാത്രമല്ല പല ഗള്‍ഫ് രാഷ്ട്രങ്ങളും കുടുംബ നികുതികള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ന് വിദേശ രാജ്യങ്ങളിലെ ജീവിതം ചിലവേറിയതായി മാറിക്കൊണ്ടരിക്കുന്നുവെന്നതും തിരിച്ചുവരവിന്റെ വേഗത വര്‍ധിപ്പിക്കുന്നു.
1998 മുതല്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന കുടിയേറ്റ പഠനങ്ങളാണ് കേരള കുടിയേറ്റത്തിന്റെ ആധികാരിക പഠന രേഖയെന്ന് കണക്കാക്കിവരുന്നത്. ഇത് പ്രകാരം 1998 തിരികെയെത്തിയ മലയാളി കുടിയേറ്റക്കാരുടെ എണ്ണം 7.4 ലക്ഷം ആയിരുന്നുവെങ്കില്‍ 2018 ല്‍ ഇത് 28.6 ലക്ഷമായി ഉയര്‍ന്നുവെന്ന് കാണാം. ഇത് വീണ്ടും ഉയര്‍ന്നുവെന്നത് വസ്തുതയാണ്.

2018 ല്‍ സി.ഡി.എസ് തിരുവനന്തപുരം 2160 മടങ്ങിയെത്തിയ കുടിയേറ്റക്കാരെ തെരഞ്ഞെടുത്ത് നടത്തിയ പഠനം വെളിവാകുന്നത് മടങ്ങിയെത്തിയവരില്‍ 21.3 ശതമാനം ആളുകളും 30 നും 39 നും ഇടയില്‍ പ്രായമുള്ളവരാണ്. 45.9 ശതമാനം ആളുകളുടെ പ്രായം 50 വയസ്സിന് മൂകളിലാണെന്നും കാണാം. മടങ്ങിയെത്തിയവരില്‍ 45.1 ശതമാനം ആളുകളുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസോ അതിന് മുകളിലോ ആണ്. ഏറ്റവും ആശങ്കാ ജനകമായ വസ്തുത മടങ്ങിയെത്തിയവരുടെ കുടുംബാംഗങ്ങളായ ആശ്രിതരുടെ എണ്ണമാണ്. ഏഴംഗങ്ങള്‍ക്ക് മുകളില്‍ ആശ്രിതരായവരുടെ കുടുംബങ്ങളുള്ള മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം 17 ശതമാനം ആണെന്നും കാണാം. 23 ശതമാനം മടങ്ങിയെത്തിയ പ്രവാസികളുടെ കുടുംബ ആശ്രതരുടെ എണ്ണം 5 ആണെന്നും വെളിവാക്കുന്നു.

ഇന്ന് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി തീര്‍ച്ചയായും തൊഴില്‍ രഹിതരുടെ എണ്ണത്തിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുന്നതില്‍ നല്ല പങ്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ തന്നെയാണെന്നതില്‍ സംശയമില്ല. പ്രവാസികള്‍ നേരിട്ടോ പരോക്ഷമായോ കേരളത്തിന്റെ, ഭാരതത്തിന്റെ വളര്‍ച്ചയുടെ തോതില്‍ ഭാഗധേയം നിര്‍ണ്ണയിച്ചവരാണ് എന്ന് ആരും നിസംശയം അംഗീകരിക്കും. അവരുടെ ചോര നീരാക്കിയ പണം നേരിട്ട് നിരവധിയായ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ നിര്‍മ്മാണ മേഖലകള്‍ക്ക് മുതല്‍ക്കൂട്ടായി എങ്കില്‍ അവര്‍ അയച്ച ആ പണം രാജ്യത്തിന്റെ വിദേശ കറന്‍സി ശേഖരത്തിന്റെ അളവിനെ വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍തന്നെ ഈയൊരു വലിയ ജന സമൂഹത്തിന്റെ പുനരധിവാസം ഓരോ മലയാളിയുടെയും ധാര്‍മിക ബാധ്യതയാണെന്നതിനാല്‍തന്നെ ശാസ്ത്രീയമായ ഒരു പഠനം ഈ സങ്കീര്‍ണമായ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇവരുടെ ശാസ്ത്രീയ പുനരധിവാസം സാധ്യമാകുകയുള്ളൂ. കുടിയേറ്റ പ്രവാസികളുടെ മടക്കം കേരളമാകെ അലയൊലികള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള വിഷയമാണെങ്കിലും ഇത്് ഏറ്റവും കൂടുതല്‍ പ്രകമ്പനം സൃഷ്ടിക്കുക മൊത്തം പ്രവാസികളുടെ 20 ശതമാനത്തിലേറെ സംഭാവന ചെയ്തത് ഒന്നാം സ്ഥാനമലങ്കരിക്കുന്ന മലപ്പുറമാണ് എന്നത് വസ്തുതയാണ്.

നോര്‍ക്ക റൂട്ട്‌സിനാണ് പ്രവാസികള്‍ക്ക് വേണ്ടി പുനരധിവാസ പദ്ധതി നടപ്പാക്കാനുള്ള ചുമതല. പ്രൊജക്ട് സമര്‍പ്പിച്ചവരുടെ അപേക്ഷ ബാങ്കിലേക്ക് അയക്കും. ബാങ്കിന് പ്രൊജക്ട്് തൃപ്തികരവും അപേക്ഷകന്‍ ലോണ്‍ തിരിച്ചടക്കാന്‍ ശേഷിയുള്ളവനാണെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ബാങ്ക് ലോണ്‍ നല്‍കുകയുള്ളൂ. ലോണിന് 15 ശതമാനം സബ്‌സിഡിയുണ്ട്്. പ്രവാസി ക്ഷേമ ബോര്‍ഡ് അംഗങ്ങളില്‍ 60 വയസ്സ് തികയുന്നവര്‍ക്ക് 2000 രൂപ പ്രതിമാസം പെന്‍ഷന്‍കിട്ടും. ഇത്് മാത്രമാണ് പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍. ലോണ്‍ ലഭിക്കാന്‍ തന്നെ ഒരുപാട് പ്രയാസങ്ങളുണ്ട്്. തിരിച്ചടക്കാന്‍ കഴിയുമെന്ന് ബാങ്കിന് ബോധ്യപ്പെട്ടാല്‍ മാത്രമേ ലോണ്‍ ലഭിക്കുകയുള്ളൂ. നമ്മുടെ നാട്ടില്‍ ലോണ്‍ എടുത്ത് സംരംഭങ്ങള്‍ തുടങ്ങിയാല്‍ എന്ത്മാത്രം വിജയ സാധ്യതയുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.

പൂര്‍ണ്ണമായ പുനരധിവാസമാണ് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആവശ്യം. തങ്ങളുടെ നല്ലകാലത്ത് സര്‍ക്കാറിന്റെ വിദേശ നാണ്യം വര്‍ധിപ്പിക്കുന്നതിന് കാരണമായിതീരുകയും നാട്ടിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായ സഹകരങ്ങള്‍ ചെയ്യുകയും ചെയ്ത പ്രവസികള്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ട് ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോള്‍ അവരോട്് നന്ദികേടു കാണിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. അവര്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകള്‍ തയ്യാറാകണം. അവ വിജയകരമാവുന്നത് ആവുകയുംവേണം.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending