ഇസ്രയേല്‍ പ്രതിരോധ മന്ത്രിയെ വധിക്കാന്‍ പലസ്തീന്‍ നീക്കം; പരാജയപ്പെടുത്തിയെന്ന് ഇസ്രയേല്‍

ടെല്‍അവീവ്: ഇസ്രയേല്‍ പ്രതിരോധ മന്ത്രിയെ വധിക്കാന്‍ നീക്കം നടന്നതായി വെളിപ്പെടുത്തല്‍. പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മനെ വധിക്കാന്‍ പലസ്തീന്‍ നീക്കം നടന്നതായും അത് പരാജയപ്പെടുത്തിയതായും ഇസ്രയേല്‍ സുരക്ഷാ ഏജന്‍സി ഷിന്‍ ബെ വെളിപ്പെടുത്തി. ബോംബ് സ്‌ഫോടനത്തിലൂടെ ആക്രമണം നടത്താനുള്ള നീക്കമാണ് ഇസ്രയേല്‍ തടഞ്ഞതെന്നും സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തതായും ഷിന്‍ ബെ അറിയിച്ചു. വെസ്റ്റ്ബാങ്ക് സ്വദേശികളായ ഇവര്‍ ഇസ്രയേല്‍ പൗരന്മാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ വെടിവയ്പ്പ് നടത്താനും പദ്ധതിയിട്ടിരുന്നു എന്നും ഷിന്‍ ബെ പറഞ്ഞു.

ആക്രമണം നടത്തുന്നതിനായി ഇവര്‍ ആയുധങ്ങള്‍ ശേഖരിക്കുകയും സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഗാസയിലെ വിവിധ സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിലും ഇസ്രയേല്‍ പ്രതിരോധമന്ത്രി സഞ്ചരിക്കുന്ന വഴിയില്‍ ബോംബ് സ്ഥാപിക്കാന്‍ സംഘം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മന്ത്രിക്കേര്‍പ്പെടുത്ത ശക്തമായ സുരക്ഷകാരണം പദ്ധതി പാളിപ്പോയി എന്നും ഷിന്‍ബെ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചതോടെ മേഖലയിലെ പ്രശ്‌നങ്ങള്‍ വഷളാകുകയായിരുന്നു. ട്രംപിന്റെ ഈ നീക്കം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇസ്രായേലിനേയും ട്രംപിനെ പ്രസിഡണ്ട് സ്ഥാനത്തെത്തിച്ച ഇസ്രായേല്‍ അനുകൂലികളായ വലതുപക്ഷത്തേയും തൃപ്തിപ്പെടുത്താനാണ് ഈ പ്രഖ്യാപനത്തിലൂടെ ട്രംപ് ലക്ഷ്യമിട്ടതെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നാബില്‍ അബുര്‍ദൈനഹ് പറഞ്ഞിരുന്നു.

ജറൂസലേം വിഷയം ഫലസ്തീകളുടെ മാത്രമല്ലെന്നും ലോകത്തെമ്പാടുമുള്ള അറബ്ഇസ്‌ലാമിക്ക്രിസ്ത്യന്‍ വിഭാഗക്കാരെ സംബന്ധിച്ച സുപ്രധാനമായ വിഷയമാണെന്നും യുഎസ് ഭരണകൂടത്തെ എല്ലാവരും ധരിപ്പിച്ചിരുന്നതാണെന്നു പിഎല്‍ഒ നിര്‍വാഹക സമിതി ജനറല്‍ സെക്രട്ടറി സാഏബ് ഇറെകാത് പറഞ്ഞിരുന്നു. പുണ്യസ്ഥലമായ അല്‍ അഖ്‌സ മസ്ജിദ് ഉള്‍പ്പെടുന്ന ജറൂസലേം പ്രദേശം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കുന്നത് വലിയ പ്രശ്‌നമാണ്. യു.എസ് തീകൊണ്ടാണ് കളിക്കുന്നതെന്നും ഇറെകാത് അഭിപ്രായപ്പെട്ടു. തലസ്ഥാനമായി കിഴക്കന്‍ ജറൂസലേമില്ലെങ്കില്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് അര്‍ഥമില്ലാതായി മാറുമെന്നും ഇറെകാത് പുറഞ്ഞിരുന്നു.

SHARE