തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികള്‍ ഉണ്ടാവില്ലെന്നും കേരളത്തില്‍ 20 മണ്ഡലങ്ങളിലും യു.ഡി.എഫിനെ പിന്തുണക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന് ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തിയില്ല. എന്‍.ഡി.എയെ പുറത്താക്കാന്‍ തക്കശേഷി അവര്‍ക്കില്ല. തെരഞ്ഞെുടപ്പ് ലോക്‌സഭയിലേക്കാണെങ്കിലും സംസ്ഥാന ഭരണവും വിലയിരുത്തപ്പെടേണ്ടതാണ്. ഇടതു സര്‍ക്കാരിന്റെ മൂന്നുവര്‍ഷ ഭരണം തികച്ചും ജനവിരുദ്ധമാണ്. പ്രളയശേഷമുള്ള പുനര്‍ നിര്‍മാണത്തിന് ക്രിയാത്മക കാഴ്ചപ്പാട് പുലര്‍ത്താനായിട്ടില്ല. സംഘ്പരിവാര്‍ സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന പൊലീസ് നയമാണ് കേരളത്തിലും നടക്കുന്നത്. ജനകീയ സമരങ്ങളെ കോര്‍പറേറ്റുകള്‍ക്കുവേണ്ടി അടിച്ചമര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീഖ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ശ്രീജ നെയ്യാറ്റിന്‍കര, റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറിമാരായ സജീദ് ഖാലിദ്, ജോസഫ് ജോണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു. കേരളത്തിലെ മുഴുവന്‍ സീറ്റിലും യു.ഡി.എഫിനെ പിന്തുണക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം സ്വാഗതം ചെയ്യുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.