കൂടത്തായി തുടര്‍കൊലപാതകം; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കോഴിക്കോട്: കൂടത്തായി തുടര്‍ കൊലപാതകക്കേസിലെ പ്രതികളായ ജോളി ജോസഫ്, മാത്യൂ, പ്രജുകുമാര്‍ എന്നീ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂവരെയും ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

നാളെയാണ് മൂന്നു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. അതേസമയം, പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ട് ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താനും സാധ്യതയുണ്ട്. പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ജോളിയുടെ എന്‍.ഐ.ടി ബന്ധത്തെ കുറിച്ച് ദൃശ്യങ്ങളും മറ്റും ലഭിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘം ഈ ദിശയിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

എന്‍.ഐ.ടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജോളിക്കൊപ്പം യുവതി എന്‍.ഐ.ടിക്ക് സമീപം നില്‍ക്കുന്ന ചിത്രങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. യുവതി നിലവില്‍ ചെന്നൈയില്‍ ആണ് എന്നാണ് സൂചന.

അതിനിടെ, ഡി.എന്‍.എ പരിശോധനക്കായി മരിച്ച റോയ് തോമസിന്റെ സഹോദരന്‍ റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കള്‍ എന്നിവരുടെ സാമ്പിളുകള്‍ ശേഖരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെത്തിയാണ് നാല് പേരും സാമ്പിളുകള്‍ നല്‍കിയതത്. കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കൂടത്തായിയില്‍ ദുരൂഹമായി കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് ഡി.എന്‍.എ പരിശോധന.

SHARE