മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം: മഞ്ഞളാംകുഴി അലി


തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാമെന്ന സി.പി.എമ്മിന്റെ മോഹം ഐസ്‌ക്യൂബില്‍ പെയിന്റടിക്കുന്നതു പോലെയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് വലിയൊരു സംഘടനയാണ്. അതിനെ ഇല്ലാതാക്കാന്‍ ആരും ശ്രമിക്കണ്ട. മുസ്‌ലിം ലീഗ് പഴയകാല നേതാക്കള്‍ പ്രാര്‍ത്ഥനയോടെ രൂപം നല്‍കിയ പാര്‍ട്ടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം പിടിച്ചെടുക്കും, പൊന്നാനി ചുവപ്പിക്കും എന്നൊക്കെ പറഞ്ഞവര്‍ ഇപ്പോള്‍ എവിടെയാണെന്നറിയില്ല. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം കത്രികയായിരുന്നു. ആ കത്രിക കൊണ്ട് ലീഗിനെ കീറിമുറിക്കുമെന്നും ഇല്ലാതാക്കുമെന്നും വീമ്പിളക്കിയവര്‍ കത്രിക കൊണ്ട് ഇപ്പോള്‍ എന്ത് പണിയാണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കെ.എം ഷാജിക്കെതിരെ സി.പി.എം നേതാക്കള്‍ വെറുതെ ആരോപണം ഉന്നയിക്കണ്ട. കെ.എം ഷാജി മുസ്‌ലിം ലീഗിന്റെ വലിയ നേതാവാണ്. ഷാജി കഴിഞ്ഞ ദിവസം അവതരിപ്പിച്ച അടിയന്തര പ്രമേയം സി.പി.എമ്മിന്റെ അസ്തിക്കു പിടിച്ചെന്ന് വ്യക്തമായി. അതുകൊണ്ടാണ് ഷാജിക്കെതിരെ ഷംസീറിനെ പോലുള്ളവര്‍ ആരോപണവുമായി രംഗത്തുവരുന്നത്. പാലാരിവട്ടം പാലത്തിന്റെ പേര് പറഞ്ഞ് മുസ്‌ലിം ലീഗിനെ പേടിപ്പക്കണ്ട. പുകമറ സൃഷ്ടിക്കുന്ന വിധത്തില്‍ അവ്യക്തമായി കാര്യങ്ങള്‍ പറഞ്ഞാല്‍ ഭയപ്പെടുന്നവരല്ല ലീഗുകാര്‍. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കാരണം പ്രവാസി സുഹൃത്ത് ആത്മഹത്യ ചെയ്ത സംഭവത്തെ എങ്ങനെ എതിര്‍ക്കുന്നുവോ അതേപോലെ എതിര്‍ക്കപ്പെടേണ്ടതാണ് ഈ സര്‍ക്കാരിന്റെ ധനാഭ്യര്‍ത്ഥനകള്‍. വിദ്യാഭ്യാസ രംഗത്ത് ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ 65000 കുട്ടികള്‍ പെരുവഴിയിലാണ്. ആവശ്യത്തിന് സീറ്റുകളില്ല. മലബാറിലെ സ്ഥിതി ദയനീയമാണ്. മലപ്പുറത്ത് മാത്രം 26000 കുട്ടികള്‍ പുറത്തുനില്‍ക്കുന്നു. 63 വര്‍ഷത്തെ ചരിത്രമുള്ള കേരളത്തില്‍ 27 വര്‍ഷവും മുസ്‌ലിം ലീഗാണ് വിദ്യാഭ്യാസ വകുപ്പ് ഭരിച്ചത്. അതിന്റേതായ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഹൈസ്‌കൂള്‍ ആരംഭിച്ചത് ലീഗാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ കൊണ്ടുവന്നതും ലീഗാണ്.
ആറ് സര്‍വകലാശാലകളാണ് ലീഗ് മന്ത്രിമാരുടെ നേതൃത്വത്തില്‍ സ്ഥാപിതമായത്. പി.കെ അബ്ദുറബ്ബ് മന്ത്രിയായിരിക്കെ പ്ലസ് ടുവിന് 84000 സീറ്റുകളാണ് വര്‍ധിപ്പിച്ചത്. ഇതെല്ലാം മുസ്‌ലിം ലീഗിന്റെ ഭരണനേട്ടങ്ങളാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്താണ് ചെയ്തത്. ഇപ്പോഴും 80ല്‍ അധികം സ്‌കൂളുകള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കുറച്ച് പറയുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് യു.ഡി.എഫിന്റെ ശൈലി. കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. അത് വിശദമായി പരിശോധിച്ച് കൂട്ടായ ചര്‍ച്ചകളിലൂടെ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് വേണ്ടത്, പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്. അതിനു പകരം ഇവിടെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് സര്‍ക്കാരിന് തിടുക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

SHARE