കാണാതായ എച്ച്.ഡി.എഫ്.സി ഭാരവാഹിയുടെ മൃതദേഹം കണ്ടെത്തി; സഹപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മുംബൈ: കാണാതായ എച്ച്ഡിഎഫ്‌സി വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് സാംഘ്‌വിയുടെ മൃതശരീരം കണ്ടെത്തി. ബുധനാഴ്ച മുതല്‍ കാണാതായ സിദ്ധാര്‍ഥിന്റെ മൃതദേഹം മുംബൈയിലെ കല്യാണില്‍ നിന്ന്് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

സിദ്ധാര്‍ഥിന്റെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് വഴിവെച്ചതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തില്‍ പുറത്തുനിന്നുള്ള സംഘത്തിന്റെ സഹായം ലഭിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്.

ലോവര്‍പരേല്‍ കമലാമില്‍സിലെ ഓഫീസില്‍ നിന്ന് ബുധനാഴ്ച രാത്രി ഏഴരക്ക് ദക്ഷിണ മുംബൈ മലബാര്‍ ഹില്‍സിലെ റിഡ്‌ഗെ അപാര്‍ട്ട്‌മെന്റിലേക്ക് പുറപ്പെട്ട സിദ്ധാര്‍ഥിനെ കാണാതാവുകയായിരുന്നു. ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതിപ്പെട്ടത്.

തുടര്‍ന്ന് വ്യാഴാഴ്ച സിദ്ധാര്‍ഥിന്റെ കാര്‍ നവി മുംബൈയിലെ ഐരോലിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കാറിന്റെ പിന്‍സീറ്റില്‍ നിന്ന് കത്തിയും രക്തപ്പാടുകളുമുണ്ടായിരുന്നു.

സിദ്ധാര്‍ഥിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നലുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചായിരുന്നു പോലീസ് അന്വേഷണം. തുടര്‍ന്ന് കാര്‍ ഡ്രൈവറായ സര്‍ഫാസ് ഷെയ്ക്കിനെ ഞായറാഴ്ച പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

SHARE