ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും; മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ സാധ്യത

കോഴിക്കോട്‌: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും.
അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ പശ്ചാലത്തലത്തില്‍ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും സാധ്യതയുണ്ട്. ഹര്‍ജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് ആവശ്യമുന്നയിക്കും.

രാവിലെ ഹര്‍ജി സമര്‍പ്പിച്ച് ഉച്ചയ്ക്ക് ശേഷം ബെഞ്ചില്‍ കൊണ്ടുവരാനാണ് നീക്കം. കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ജാമ്യക്കാര്യത്തില്‍ നിര്‍ണായമാകും.

നാളെയാണ് ചോദ്യം ചെയ്യലിനായി ബിഷപ്പിനോട് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റിന് നീക്കമുണ്ടായാല്‍ അത് തടയാനുളള വഴിയാണ് ബിഷപ്പ് തേടുന്നത്. അതേസമയം, ഇന്നത്തെ കോടതി നടപടികള്‍ക്ക് ശേഷമേ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്തിമ തീരുമാനമെടുക്കൂ എന്നാണ് വിവരം.

കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ട്, ഇക്കാര്യം പൊലീസ് തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്, ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട് എന്നീ വാദങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രികള്‍ അടക്കം കൊച്ചിയില്‍ തുടരുന്ന സമരം സര്‍ക്കാരിന് മേലുളള സമ്മര്‍ദ്ദതന്ത്രമാണെന്നും പൊലീസ് അതിന് വഴിപ്പെടുമെന്ന് ഭയമുണ്ടെന്നും കോടതിയെ അറിയിക്കും.

അതേസമയം, കന്യാസ്ത്രീയുടെ സഹോദരി നടത്തുന്ന നിരാഹാര സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. സഹോദരിക്കൊപ്പം സാമൂഹ്യപ്രവര്‍ത്തക പി ഗീതയും നിരാഹാരമിരിക്കുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ കൊച്ചിയിലെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്