പാലക്കാട്ടുകാരുടെ വി.എസ്

Mr V.S.Vijayaraghavan,Ex.MP and Chairman, Coir Board at a press conference at Kochi on 21 Monday November 2011.Photo:K_K_Mustafah.21/11/2011.
കെ.പി ജലീല്‍

പാലക്കാട്ടുകാര്‍ക്ക് വി.എസ് എന്നാല്‍ അച്യുതാനന്ദനല്ല, വിജയരാഘവനാണ്. മലമ്പുഴയില്‍ മുഖ്യമന്ത്രിമാരായ ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും മല്‍സരിച്ചുവിജയിച്ചിട്ടുണ്ടെങ്കിലും പാലക്കാട് നഗരം ഉള്‍പെടുന്ന നിയമസഭാ മണ്ഡലത്തിലും പാലക്കാട് ലോക്‌സഭയിലും കോണ്‍ഗ്രസിനായിരുന്നു മേല്‍കൈ. പാലക്കാട് ലോക്‌സഭാമണ്ഡലത്തില്‍നിന്ന് മൂന്നുതവണയാണ് വി.എസ് വിജയരാഘവന്‍ പാര്‍ലമെന്റിലെത്തിയത്. -1980ലും 1984ലും 91ലും. കേരളത്തിലെ എം.പി മാരുടെ കണ്‍വീനറായിരുന്നു അദ്ദേഹം.
1989ല്‍ മറ്റൊരു വിജയരാഘവനിലൂടെ (എ.) സി.പി.എം പാലക്കാട് തിരിച്ചുപിടിച്ചു. 81ല്‍ കെ.കരുണാകരന്റെ താല്‍പര്യപ്രകാരമാണ് വിജയരാഘവന്‍ പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാകുന്നത്. പിന്നീട് മന്ത്രിയായ സി.പി.എമ്മിന്റെ ടി. ശിവദാസമേനോനായിരുന്നു എതിരാളി. 12.008 വോട്ടിനാണ് വി.എസ് ശിവദാസമേനോനെ പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ പൂര്‍വരൂപമായ ജനസംഘത്തിന്റെ പിന്തുണയുണ്ടായിരുന്നു സി.പി.എമ്മിന്. എല്‍.കെ അദ്വാനി ശിവദാസമേനോനുവേണ്ടി പ്രചാരണത്തിനെത്തിയപ്പോള്‍ യു.ഡി.എഫിനുവേണ്ടി എത്തിയത് സാക്ഷാല്‍ ഇന്ദിരാഗാന്ധിയായിരുന്നു.
അതിനുമുമ്പ് 1977ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്സിനെ പരാജയത്തിന്റെ അടുക്കല്‍വരെ എത്തിച്ചെന്ന ഖ്യാതിയുണ്ടായിരുന്നു ഈ കരുണാകരവിശ്വസ്ഥന്. പൊരിഞ്ഞ പോരാട്ടത്തില്‍ വെറും 1999 വോട്ടുകള്‍ക്കാണ് ഇ.എം.എസ് നിയമസഭയിലെത്തിയത്. കേരളത്തിലെ ഐക്യജനാധിപത്യമുന്നണിയുടെയും ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും ഉല്‍ഭവകാലമായിരുന്നു 1980.
1977ല്‍ എ. സുന്നാസാബിഹായിരുന്നു വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ശിവദാസമേനോനെയാണ് സുന്നാസാഹിബ് പരാജയപ്പെടുത്തിയത്. 1967ല്‍ നായനാരും 71ല്‍ എ.കെ.ജിയും ഇവിടെനിന്ന് എം.പിയായി . 1996, 98, 99, 2004 തിരഞ്ഞെടുപ്പുകളില്‍ എന്‍.എന്‍. കൃഷ്ണദാസും പിന്നീട് എം.ബി രാജേഷും. പാലക്കാട് നിയമസഭാമണ്ഡലത്തില്‍ മുന്‍മന്ത്രിമാരായ സി.എം സുന്ദരം, കെ.ശങ്കരനാരായണന്‍ എന്നിവര്‍ കോണ്‍ഗ്രസിനുവേണ്ടി വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണയും ഷാഫി പറമ്പിലാണ് യു.ഡി.എഫ് എം.എല്‍.എ.

SHARE