പാര്‍ലമെന്റ് ശീതകാല സമ്മേളനം: പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ ബഹളത്തില്‍ സഭ പിരിഞ്ഞു

ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. മുന്‍പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പസ്താവനയും ജെ.ഡി.യു നേതാവ് ശരത് യാദവിന്റെ അംഗത്വം റദ്ദാക്കിയ നടപടിയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളവെച്ചത്തിന് തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു ആദ്യം രാജ്യസഭ 11.30 വരെ നിര്‍ത്തിവെക്കേണ്ടി വന്നു. പിന്നീട് സഭ വീണ്ടും ചര്‍ന്നപ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം വച്ചതോടെ സഭ 2.30 വരെ നിര്‍ത്തിവച്ചു. പീന്നിട് ചേര്‍ന്ന സഭ കഴിഞ്ഞ സമ്മേളനത്തിനുശേഷം മരിച്ച എം.പിമാരുടെ വേര്‍പാടില്‍ അനുശോചിച്ച് ഇന്നത്തേക്കു പിരിയുകയായിരുന്നു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് രാജ്യസഭ പ്രക്ഷുബ്ധമാവുന്നത്.

ജെ.ഡി.യു മുതിര്‍ന്ന നേതാവ് ശരത് യാദവിന്റെ രാജ്യസഭാ അംഗത്വം റദ്ദാക്കിയ നടപടിയെയും രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തു. അതേസമയം ശരത് യാദവ് വിഷയത്തേക്കാള്‍ പ്രാധാന്യം ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ചാണെന്നും ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു നിലപാട് സ്വീകരിച്ചു. തമിഴ്‌നാട്ടില്‍നിന്നുള്ള എം.പിമാരും ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു.

അതേസമയം ലോക്‌സഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ അംഗങ്ങളെ സ്വാഗതം ഇന്ന് ചെയ്തിരുന്നു. ശീതകാല സമ്മേളനത്തെ വളരെ പ്രതീക്ഷയോടെയാണ് സമീപിക്കുന്നതെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.

SHARE