ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഉയരുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഫലമുണ്ടാകും: കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഫലമുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഭരണാ ഘടനാ സംരക്ഷണ സമിതി കണ്ണൂരില്‍ നടത്തിയ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വമ്പിച്ച പോരാട്ടങ്ങളാണ് നടന്നു വരുന്നത്. മുസ്ലിംങ്ങള്‍ മാത്രല്ല നാനാജാതി മതസ്ഥര്‍ അണിനിരക്കുന്ന പ്രക്ഷോഭങ്ങളാണ് ഇന്ത്യയിലുടനീളം നടക്കുന്നത്.

വൈദേശികരോട് പടവെട്ടിയ അതേ രീതിയിലാണ് മോദിയോടുള്ള നമ്മുടെ പോരാട്ടം .ഏകാധിപത്യത്തില്‍ സ്വാതന്ത്യവും ഭരണഘടനയും കുഴിച്ചുമൂടാനുള്ള നീക്കമാണ് മോദി അമിത് ഷാ കൂട്ടുകെട്ട് നടത്തുന്നത്. എന്‍പിആര്‍, എന്‍ ആര്‍സി നടപ്പിലാക്കി മുസ് ലിംങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന മോദി ഭരണകൂടത്തിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുറു മുറുപ്പ് തുടങ്ങിയിട്ടുണ്ട്.ജനങ്ങളെ തമ്മിലടിപ്പിച്ച് അധികനാള്‍ കേന്ദ്ര ഭരണം മുന്നോട്ട് പോകില്ല.ഇന്ത്യന്‍ ജനത ഉണര്‍ന്നതിന്റെ തെളിവാണ് രാജസ്ഥാന്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ പരാജയം. ബിജെപിക്കെതിരെ പാളയത്തില്‍ തന്നെ പട തുടങ്ങി.ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് പകരം ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നടത്തുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും മതേതര കക്ഷികളുടെ പോരാട്ടം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE