പ്രതികളുമായി വന്ന പൊലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു

കോയമ്പത്തൂര്‍: അറസ്റ്റ് ചെയ്ത പ്രതികളെയുമായി വരുന്നതിനിടെ തമിഴ്‌നാട് പൊലീസിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാവിലെ കല്ലാര്‍ കൂനൂര്‍ റോഡിലെ രണ്ടാം ഹെയര്‍പിന്‍ വളവിലാണ് ടെംമ്പോ ട്രാവലര്‍ വാഹനം അപകടത്തില്‍ പെട്ടത്. െ്രെഡവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തില്‍ കലാശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആറ് പൊലീസുകാരും അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പ്രതികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല. ബുധനാഴ്ച രാത്രിയാണ് ചെന്നൈ പൊലീസിലെ പ്രത്യേക സംഘം നീലഗിരി ജില്ലയിലെ ഉദഗമണ്ഡലത്തിലെത്തി പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.

എന്നാല്‍ ഏഴ് പ്രതികളുള്‍പ്പെടെ 14 പേര്‍ വാഹനത്തിലുണ്ടായിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അപകടം നടന്നവിവരം കോയമ്പത്തൂര്‍ റൂറല്‍ പൊലീസിനെ അറിയിക്കാതെ മറ്റൊരു വാഹനം ചെന്നൈയില്‍ നിന്ന് എത്തിച്ച് പ്രതികളെയും മറ്റും കൊണ്ടുപോവുകയായിരുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്. ആരൊക്കെയാണ് വാഹനത്തിലുണ്ടായിരുന്നതെന്നും എങ്ങനെയാണ് അപകടം നടന്നതെന്നും സംബന്ധിച്ച വിവരങ്ങള്‍ ചെന്നൈ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

SHARE