അമേരിക്കയില്‍ വെളുത്ത വര്‍ഗീയ വാദികളുടെ പ്രഭാഷണം പ്രതിഷേധക്കാര്‍ ഇരച്ചുകയറി അലങ്കോലമാക്കി

ഫ്‌ളോറിഡ: അമേരിക്കയില്‍ വെളുത്ത വര്‍ഗ വംശീയവാദികളുടെ പരിപാടി, പ്രതിഷേധക്കാരുടെ ഇടപെടല്‍ കാരണം അലങ്കോലമായി. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും വെളുത്ത വര്‍ഗാധിപത്യ പ്രസ്ഥാനക്കാരനുമായ റിച്ചാര്‍ഡ് സ്‌പെന്‍സറുടെ പ്രഭാഷണ വേദിയിലാണ് അനുകൂലിക്കുന്നവരേക്കാള്‍ പ്രതിഷേധക്കാര്‍ ഇടിച്ചുകയറിയത്. ‘തിരിച്ചു പോകൂ’, ‘നാസികള്‍ ഇവിടെ വേണ്ട’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ സ്‌പെന്‍സറുടെ വാക്കുകള്‍ മുങ്ങിപ്പോയി.

രണ്ടു മാസങ്ങള്‍ക്കു മുമ്പ് വിര്‍ജിനിയയിലെ ചാര്‍ലറ്റ്‌സ്‌വില്ലില്‍ സ്‌പെന്‍സറുടെ പ്രഭാഷണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു വനിത കൊല്ലപ്പെട്ടിരുന്നു. ലോക ശ്രദ്ധയാകര്‍ഷിച്ച ഈ സംഭവത്തിനു ശേഷമുള്ള സ്‌പെന്‍സറുടെ ആദ്യ പ്രധാന പ്രഭാഷണമായിരുന്നു ഫ്‌ളോറിഡയിലേത്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സ്‌പെന്‍സര്‍ക്ക് വേദി അനുവദിക്കാന്‍ തയാറല്ലായിരുന്നെങ്കിലും നിയമം മൂലം അതിന് സാധിക്കാത്തതിനാല്‍ വിട്ടു നല്‍കുകയാണെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചിരുന്നു. കലാപ സാധ്യത മുന്നില്‍ക്കണ്ട് ഹെലികോപ്റ്ററുകളും ഡ്രോണുകളുമടക്കം വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.

സ്‌പെന്‍സര്‍ പ്രഭാഷണം തുടങ്ങിയ ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തി. സ്‌പെന്‍സര്‍ അനുകൂലികളും ശബ്ദമുയര്‍ത്തിയെങ്കിലും പ്രതിഷേധക്കാരുടെ ബഹളത്തില്‍ മുങ്ങിപ്പോയി. ഗോബാക്ക് വിളിക്കും നടുവിരലുയര്‍ത്തിയും പ്രക്ഷോഭകര്‍ പ്രതിഷേധം തുടര്‍ന്നതോടെ സ്‌പെന്‍സര്‍ക്ക് പ്രഭാഷണം ചുരുക്കേണ്ടി വന്നു.

സംഭവത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട സ്‌പെന്‍സര്‍, ഓഡിറ്റോറിയം അനുവദിച്ചതിന് യൂണിവേഴ്‌സിറ്റി പ്രസിഡണ്ട് കെന്റ് ഫുക്‌സിന് നന്ദി പറഞ്ഞു. എന്നാല്‍, വര്‍ഗീയവാദിയായ സ്‌പെന്‍സര്‍ക്കൊപ്പമല്ലെന്നും അയാളുടെ വിദ്വേഷ പ്രചരണങ്ങളെ എതിര്‍ക്കുന്നവര്‍ക്കൊപ്പമാണെന്നും ഫ്ക്‌സ് ട്വീറ്റ് ചെയ്തു.

അമേരിക്കയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന വലതുപക്ഷ, വിദ്വേഷ സംഘങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായതിനെ തുടര്‍ന്നാണ് സജീവമായി രംഗത്തു വന്നു തുടങ്ങിയത്.