കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ(എസ്.ബി.ഐ)യുടെ എറണാകുളം ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും ചാടി ക്ലര്‍ക്ക് ജീവനൊടുക്കി. വിമുക്തഭടനും കൂടിയായ കോലഞ്ചേരി എന്‍.എസ്. ജയന്‍ (51)ആണ് ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.

നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ബാങ്ക് എംപ്ലോയിസ് എറണാകുളം ജില്ലാ സെക്രട്ടറിയും സ്റ്റേറ്റ് ബാങ്ക് യൂണിയന്‍ ജില്ലാ അസി. ജനറല്‍ സെക്രട്ടറിയുമാണ്. നാലു മണിയോടെ ജയന്‍ മൊബൈലില്‍ സംസാരിച്ച് കെട്ടിടത്തിന് മുകളിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചു. സംഭവം നേരില്‍ക്കണ്ട പലരും ഓടിമാറി. മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബാങ്കിലെ ജോലിയുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോണിലെ വിളികളെക്കുറിച്ച് വിശദമായി അന്വേഷിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് സെന്‍ട്രല്‍ പൊലീസ് എസ്.ഐ. ജോസഫ് സാജന്‍ പറഞ്ഞു. ഭാര്യ: വിജി. മകന്‍: അനന്ത് (സി.എ. വിദ്യാര്‍ത്ഥി).