കോഴിക്കോട് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; എട്ട് പേര്‍ക്ക് ഗുരുതരം

കോഴിക്കോട് പുതിയാപ്പ ബീച്ചിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. പയ്യന്നൂരില്‍ നിന്ന് വിനോദയാത്രക്കെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപടത്തില്‍ വീടിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.

പയ്യന്നൂരിലെ ഷോണായീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രണ്ട് ബസ്സുകളിലായിട്ടാണ് കോഴിക്കോട് ബീച്ച് കാണാനെത്തിയത്. ഇതില്‍ അഞ്ചാം ക്ലാസിലേയും എട്ടാം ക്ലാസിലേയും കുട്ടികള്‍ സഞ്ചരിച്ചിരുന്ന ഗ്രീന്‍ബേര്‍ഡ് എന്ന ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടത്. ബസില്‍ 5 ടീച്ചര്‍മാരും 42 കുട്ടികളുമാണ് ഉണ്ടായിരുന്നത്‌.  ഇതില്‍ ഭൂരിഭാഗം പേര്‍ക്കും നിസ്സാര പരിക്കുണ്ട്. അപകടത്തില്‍ പെട്ടവരെ കോഴിക്കോട് മെഡി: കോളജ് ആസ്പത്രിയിലേക്ക് കൊണ്ടു പോയി.

ബസ് ഇടിച്ചു കയറിയ വീട്ടിനുള്ളിലുണ്ടായിരുന്ന ഗര്‍ഭിണിക്ക് അടക്കം പരിക്കുണ്ട്. ഇവരേയും നിസ്സാര പരിക്കുള്ളവരെയും ബീച്ച് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്.