അജാസിന്റെ നില ഗുരുതരം; സൗമ്യയുടെ സംസ്‌കാരം നാളെ നടത്തും

ആലപ്പുഴ: സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ അജാസിന്റെ (33) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രതി അജാസ്. അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ലെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ലിബിയയിലുള്ള, സൗമ്യയുടെ ഭര്‍ത്താവ് സജീവ് ഇന്ന് നാട്ടിലെത്തും. സംസ്‌കാരം നാളെ രാവിലെ 10ന് ശേഷം വീട്ടുവളപ്പില്‍ നടക്കുമെന്നാണ് വിവരം.

ഓച്ചിറയിലെ സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 9ന് വള്ളികുന്നം പൊലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ വിലാപയാത്രയായി ഊപ്പന്‍തറ വീട്ടില്‍ എത്തിക്കും.

അജാസിന് കഴിഞ്ഞ ദിവസം ഡയാലിസിസ് ആരംഭിച്ചിരുന്നു. രക്തസമ്മര്‍ദത്തില്‍ ഉണ്ടായ വ്യതിയാനം മൂലം ഇന്നലെ ഡയാലിസിസ് നടന്നില്ല. അജാസിന് 60 ശതമാനത്തോളം പൊള്ളലുണ്ട്. തീവ്രപരിചരണ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന അജാസ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് ആസ്പത്രി സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ പറഞ്ഞു.