വിവാദമായപ്പോള്‍ ഉത്തരവ് റദ്ദാക്കി; സാലറി ചാലഞ്ചില്‍ പങ്കാളിയാവില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റില്ല

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റാന്‍ പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് നടപടി. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജിന്റെ സ്ഥലംമാറ്റല്‍ ഉത്തരവാണ് പിന്‍വലിച്ചത്.

വീട്ടിലെ പരാധീനതമൂലം സാലറി ചാലഞ്ചില്‍ പങ്കെടുക്കാനാവില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും അനില്‍രാജ് അറിയിച്ചിരുന്നു. രണ്ടു പേരുടെയും കൂടി ശമ്പളം നല്‍കാനാവില്ലെന്ന് ഇയാള്‍ അഭിപ്രായപ്പെട്ടു.

ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് കഴിയാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്നും രണ്ടു പേരുടെയും ശമ്പളം ഒന്നിച്ച് നല്‍കാനാവില്ലെന്നും അനില്‍രാജ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്ക് സ്ഥലംമാറ്റി ഉത്തരവായത്. എന്നാല്‍ വിവാദമായപ്പോള്‍ സംഭവം അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് ധനകാര്യ വകുപ്പ് കൈയൊഴിഞ്ഞു. ഉദ്യോഗസ്ഥര്‍ മന്ത്രിയുടെയോ മന്ത്രി ഓഫീസിന്റെയോ അറിവില്ലാതെയാണ് ഉത്തരവിറക്കിയതെന്ന് നടപടി പിന്‍വലിച്ച് ധനകാര്യ വകുപ്പ് അറിയിക്കുകയായിരുന്നു.

SHARE