ഉപതിരഞ്ഞെടുപ്പ്; കേരളത്തില്‍ ലോക്‌സഭാ ഫലം ആവര്‍ത്തിക്കും, സാമ്പത്തിക രംഗത്തെ തകര്‍ച്ച ബിജെപിക്ക് തിരിച്ചടിയാകും ; പി.കെ കുഞ്ഞാലിക്കുട്ടി

ഒക്ടോബര്‍ 21 നു ഒഴിവു വന്ന അഞ്ചു മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ ആത്മ വിശ്വാസത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്രത്തിലെ വര്‍ഗീയ സര്‍ക്കാരിനും , കേരളത്തിലെ ജനവിരുദ്ധ സര്‍ക്കാരിനുമെതിരായി ജനങ്ങള്‍ വിധിയെഴുതും. ഇന്ത്യയില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ബിജെപി വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് ബിജെപി സര്‍ക്കാറിന്റെ പരാജയം ബിജെപിക്ക് വലിയ തിരിച്ചടിയാവും. യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സുസജ്ജമാണ്. മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗിന് വ്യക്തമായ ആധിപത്യമുണ്ട്.

മുസ്‌ലിം ലീഗ് മുന്‍പ് തന്നെ തിരഞ്ഞെടുപ്പിന് തയ്യാറായിരുന്നു എന്നാല്‍ ഇല്ലാത്ത കേസിന്റെ പേരില്‍ ബിജെപി തിരഞ്ഞടുപ്പ് വൈകിപ്പിച്ചതാണ് . ആത്മവിശ്വാസ കുറവാണ് അതിന്റെ കാരണം. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മഞ്ചേശ്വരത്ത് തുടങ്ങിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ ചര്‍ച്ചകള്‍ക്ക് പാലാ ഉപതിരഞ്ഞെടുപ്പിന്റെ ഫലം മറുപടി നല്‍കും. നിലവില്‍ കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാറുകള്‍ കാണിക്കുന്ന ജനദ്രോഹ നടപടികള്‍ക്കുള്ള വിധിയെഴുത്ത് തന്നെയായിരിക്കും അടുത്ത മ3ാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പ് അദ്ദേഹം വ്യക്തമാക്കി.