Connect with us

Video Stories

ഏകീകൃത സിവില്‍കോഡ് ഭരണകൂടത്തിന്റെ ദുഷ്ടലാക്ക്

Published

on

ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍, ഇരുപത്തൊന്നാം ലോ കമ്മീഷനിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒരുമ്പിട്ടിറങ്ങിയിരിക്കയാണ്. കേന്ദ്രമന്ത്രി വെങ്കയ്യനായിഡു മുസ്‌ലിം സമുദായത്തിന്, വിശിഷ്യാ മുസ്‌ലിം സ്ത്രീകള്‍ക്ക് തുല്യനീതി ലഭിക്കാനുള്ള നടപടിയായിട്ടാണ് ഏകീകൃത സിവില്‍കോഡിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അസംഖ്യം പ്രസംഗങ്ങളില്‍ മുസ്‌ലിം വ്യക്തി നിയമത്തിന്റെ പോരായ്മയും ഇസ്‌ലാമില്‍ സ്ത്രീസമൂഹം അനുഭവിക്കുന്ന പീഡനങ്ങളും ആവര്‍ത്തിക്കുന്നു. റിട്ട. ജസ്റ്റീസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനും സംഘ് പോരാളികളായ മുന്‍ എം.പി സത്യപാല്‍ ജയിന്‍, ബിമല്‍ എന്‍. പട്ടേല്‍ തുടങ്ങി അംഗങ്ങളുമുള്ള ലോ കമ്മീഷന്‍ 16 ചോദ്യങ്ങള്‍ക്ക് 45 ദിവസങ്ങള്‍ക്കകം ഉത്തരം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് ചോദ്യാവലിയില്‍ മുത്തലാഖ്, ബഹുഭാര്യത്വം, വിവാഹം, ജീവനാംശം, ദത്തെടുക്കല്‍, വിവാഹ മോചനം തുടങ്ങി ശരീഅത്ത് കാര്യങ്ങളാണ് പരാമര്‍ശ വിഷയം. എന്നാല്‍ ലോ കമ്മീഷനില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ മുസ്‌ലിംകളെ പ്രതിനിധീകരിക്കാന്‍ ആരുമില്ല. 1937ല്‍ ഇന്ത്യ അംഗീകരിച്ച ശരീഅത്ത് നിയമത്തിന്‍ വിവാഹ മോചനം, ദായക്രമം, വഖഫ്, ശേഷക്രിയകള്‍ തുടങ്ങി എല്ലാ കാര്യങ്ങളുമുണ്ട്. ശരീഅത്ത് അനുസരിച്ചുള്ള വിധിയാണ് സമുദായത്തിനു ബാധകമാക്കിയത്. ഇന്ത്യയില്‍ ഓരോ സമുദായത്തിനും പ്രത്യേക വ്യക്തി നിയമങ്ങള്‍ അഥവാ സിവില്‍കോഡ് ഉണ്ട്. താലി ചാര്‍ത്തി വിവാഹം നടത്തുന്നത്, രജിസ്റ്റര്‍ വിവാഹം, കുര്‍ബ്ബാന കൈക്കൊള്ളല്‍, നിക്കാഹ് നടത്തല്‍, മൃതദേഹം കത്തിക്കല്‍, ഖബറില്‍ വെക്കല്‍ എന്നിവയെല്ലാം വിവിധ വ്യക്തിനിയമങ്ങള്‍ അനുസരിച്ചാണ്. വര്‍ഷങ്ങളായി സമാധാനപൂര്‍വം തുടര്‍ന്നുവരുന്ന ഈ രീതികളോട് സംഘ് പരിവാര്‍ ഒരിക്കലും യോജിച്ചിട്ടില്ല. ദേശീയോദ്ഗ്രഥനത്തിന് ഏകീകൃത സിവില്‍കോഡ് വേണമെന്നാണ് ആര്‍.എസ്.എസ്-സംഘ്-ബി.ജെ.പി ശക്തികളുടെ അഭിപ്രായം. ലക്ഷ്യം ഒന്നേയുള്ളൂ; ഹൈന്ദവവല്‍ക്കരണം. ക്രൈസ്തവ-മുസ്‌ലിം-ദലിത് ആചാരങ്ങള്‍ നിരാകരിച്ച് സവര്‍ണ ആചാരങ്ങള്‍ നടപ്പാക്കുക.

ഭരണഘടനയില്‍ പറഞ്ഞ ഏതെങ്കിലും മൗലികാവകാശം ഉറപ്പാക്കാനാണ് ഈ ചടുല നീക്കമെങ്കില്‍ അതു മനസ്സിലാക്കാമായിരുന്നു. ഭരണഘടനയുടെ പാര്‍ട്ട് 4 മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലെ ആര്‍ടിക്കിള്‍-44ലാണ് ഏകീകൃത സിവില്‍കോഡുള്ളത്. ‘സാധിക്കുമെങ്കില്‍ ശ്രമിക്കേണ്ടതാണ്’ എന്നു പറഞ്ഞുകൊണ്ട് ഏകീകൃത സിവില്‍കോഡും വേറെ 15 കാര്യങ്ങളും ഈ പട്ടികയിലുണ്ട്. ഉദാഹരണമായി, ഇന്ത്യയില്‍ 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കണമെന്നു 45-ാം തത്വത്തിലും ദലിത്-പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്കു നയിക്കാന്‍ ആവശ്യമായതു ചെയ്യണമെന്നു 46 ലും രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാന്‍ ശ്രമിക്കണമെന്നു 47ലും ചൂണ്ടിക്കാട്ടുന്നുണ്ട്. സമ്പൂര്‍ണ മദ്യനിരോധത്തെപ്പറ്റി ഒരക്ഷരം ഉരിയാടാത്ത, ദലിതുകളെ കൂട്ടക്കൊല നടത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന, പ്രാഥമിക വിദ്യാഭ്യാസം കിട്ടാതെ കോടിക്കണക്കിനു കുട്ടികള്‍ നരകിക്കുന്ന ഇന്നാട്ടിലാണ് ഭരണകൂടം ഏകീകൃത സിവില്‍കോഡില്‍ കയറിപ്പിടിച്ചിരിക്കുന്നത്.

ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളെക്കാളും എത്രയോ ഉത്തുംഗതിയിലാണ് മൗലികാവകാശങ്ങളുടെ സ്ഥാനം എന്ന് വെങ്കയ്യനായിഡുവിന് അറിയാത്തതുകൊണ്ടല്ല. ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ വൈയക്തികവും സംഘടിതവുമായ മത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു. പൗരന് ഏത് മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശം നല്‍കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്തുന്നു. രാഷ്ട്രത്തിന് പ്രത്യേക മതമില്ലെന്നും ഏതെങ്കിലുമൊന്നിനെ ഉദാത്തീകരിക്കില്ലെന്നും എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണനയാണെന്നും അടിവരയിടുന്നു. 66 വര്‍ഷമായി ഇന്ത്യന്‍ ഭരണഘടനയും 79 വര്‍ഷമായി ശരീഅത്ത് നിയമവും നിലനില്‍ക്കുന്നു. ഇന്ത്യയുടേത് ലോകോത്തര ഭരണഘടനയാണ്. ബഹുസ്വരതയാണ് മുഖമുദ്ര. ലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമാണിത്. മുത്തലാഖില്‍ ഭിന്നതയുണ്ടെന്ന് വരുത്തി ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ദുഷ്ടലാക്ക് മനസ്സിലാവുന്നതേയുള്ളൂ. ഇന്റര്‍നെറ്റ് ചോദ്യാവലി മുകള്‍ത്തട്ടിലൂടെ പ്രചരിപ്പിച്ച് സാമാന്യ മുസ്‌ലിംകളെ അതില്‍ നിന്നകറ്റി ‘എല്ലാവരും ഏക സിവില്‍കോഡിന് അനുകൂലം’ എന്ന് ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തതുകൊണ്ടൊന്നും കാര്യമില്ല. നാനാത്വത്തില്‍ ഏകത്വവും വൈവിധ്യത്തിലെ ഏകതയും വര്‍ണ-ഭാഷാ-വൈജാത്യവുമാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. എല്ലാ ഭൂമികയിലും വെച്ച് ഏറ്റവും ഉത്തമമായത് ഇന്ത്യയാണെന്ന് അല്ലാമാ ഇഖ്ബാല്‍ പാടിയത് ഈ പൂന്തോട്ടം കണ്ടുകൊണ്ടു തന്നെയാണ്.

രാജ്യത്ത് ശക്തിയായ വര്‍ഗീയാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഏക സിവില്‍കോഡ് വിഷയം ലോ കമ്മീഷനിലൂടെ എടുത്തിടുന്നത് എന്നുകൂടി കൂട്ടിവായിക്കേണ്ടതുണ്ട്. രാജ്യത്തെ പള്ളികളിലെല്ലാം ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്നു യോഗി ആദിത്യനാഥ് എം.പി പറഞ്ഞത്; മാട്ടിറച്ചി തിന്നണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് പാക്കിസ്താനിലേക്കു പോകാമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പ്രഖ്യാപിച്ചത്; മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മാട്ടിറച്ചി ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ആവശ്യപ്പെട്ടത്; മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരിച്ച് ന്യൂനപക്ഷ ജനസംഖ്യാ വര്‍ധന തടയണമെന്ന് ഹിന്ദുമഹാസഭ അധ്യക്ഷ സാധ്വി ദേവ ഠാക്കൂര്‍ ഉദ്‌ഘോഷിച്ചത്; മുസ്‌ലിംകളുടെ വോട്ടവകാശം പിന്‍വലിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്- ഇതെല്ലാം ഈയിടെ അരങ്ങേറിയ വിഷലിപ്തമായ ഏതാനും ചില പരാമര്‍ശങ്ങളാണ്. ബി.ജെ.പിയുടെ സഹയാത്രികരാവട്ടെ പലതും പറഞ്ഞു. മുസ്‌ലിം പള്ളികള്‍ വെറും കെട്ടിടങ്ങളാണെന്നും എപ്പോള്‍ വേണമെങ്കിലും അത് പൊളിക്കാമെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. വന്ദേമാതരം പാടാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നാണ് വി.എച്ച്.പി നേതാവ് സാധ്വി പ്രാച്ചി അഭിപ്രായപ്പെട്ടത്. ഇതെല്ലാം അരങ്ങേറിയത് ലോ കമ്മീഷന്‍ നടപടികളുടെ തൊട്ടുമുമ്പാണെന്ന് ഓര്‍ക്കണം. എല്ലാറ്റിന്റെയും തുടര്‍ച്ചയായി മാത്രമേ ഇപ്പോഴത്തെ ലോ കമ്മീഷന്‍ നടപടികളെ കാണാന്‍ കഴിയൂ.

ഇസ്‌ലാമിക വീക്ഷണത്തില്‍ വിവാഹം ഏറ്റവും സുദൃഢമായ ഉടമ്പടിയാണ്. ‘അവര്‍ നിങ്ങളില്‍ നിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത് (അന്നിസാഅ്-21)’ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വിവാഹത്തിലൂടെ സ്ത്രീയെയും പുരുഷനെയും പരസ്പരം ബന്ധിപ്പിക്കുന്നു. അതിനുശേഷം അവരെ ഓരോരുത്തരെയും ‘ഇണ’ എന്നാണ് ഖുര്‍ആന്‍ വിളിക്കുന്നത്. ബലിഷ്ഠമായ കരാറിനുമുമ്പ് ഇരുവരും ഒറ്റപ്പെട്ട വ്യക്തികളായിരുന്നു. ശേഷം അവര്‍ ഇണകളാണ്. ഇരുവരും പരസ്പരം പ്രതിനിധാനം ചെയ്യുന്നു. ഭരിക്കുന്നവര്‍ എന്നര്‍ത്ഥം വരുന്ന ഭര്‍ത്താവും ഭരിക്കപ്പെടുന്നവള്‍ എന്നര്‍ത്ഥം വരുന്ന ഭാര്യയും ഇസ്‌ലാമില്‍ ഇല്ല. പ്രവാചകന്‍ (സ) കല്‍പിച്ചു: ‘നീ ആഹരിച്ചാല്‍ അവളെയും ആഹരിപ്പിക്കുക. നീ ഉടുത്താല്‍ അവളെയും ഉടുപ്പിക്കുക’. അല്‍ബഖറ-87ല്‍ ‘അവര്‍ നിങ്ങളുടെ വസ്ത്രമാണ്. നിങ്ങള്‍ അവരുടെയും’-എന്നോര്‍മ്മിപ്പിക്കുന്നു. ‘സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹുവില്‍ നിന്നുള്ള അമാനത്ത് ആയാണ് അവര്‍ നിങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.-‘ എന്നാണ് പ്രവാചകന്‍ (സ) വിടവാങ്ങല്‍ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തിയത്. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ് (അഹ്മദ്, തിര്‍മുദി); ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന് സാഷ്ടാംഗം ചെയ്യുന്നത് അനുവദനീയമായിരുന്നെങ്കില്‍ സ്ത്രീയോട് അവളുടെ ഭര്‍ത്താവിന് സാഷ്ടാംഗം ചെയ്യാന്‍ നാം കല്‍പ്പിക്കുമായിരുന്നു (ഹാക്കിം) എന്നീ വചനങ്ങളും ഓര്‍ക്കുക. ഇണകളെ അടിക്കുന്നവര്‍ മാന്യന്മാരല്ലെന്നും അങ്ങനെ ക്രൂരതയിലേക്കു കടക്കുന്നവരെ അഭിസംബോധന ചെയ്ത് -‘നാണമില്ലേ നിങ്ങള്‍ക്ക്! സ്ത്രീയേക്കാള്‍ കൈബലമുണ്ടെന്ന് കരുതി പുരുഷന്‍ അവളെ ഇഷ്ടാനുസരണം വേദനിപ്പിക്കാനോ കരുത്ത് കാണിക്കാനോ യാതൊരു അധികാരവുമില്ല’-എന്നു മുന്നറിയിപ്പു നല്‍കിയതും നബി(സ)യുടെ വചനങ്ങളില്‍ കാണാവുന്നതാണ്.

പ്രവാചകന്റെ (സ) കാലത്തുള്ള അറേബ്യന്‍ സമൂഹത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്നും വിമര്‍ശകര്‍ മനസ്സിലാക്കേണ്ടതുണ്ട്. കഅ്ബാലയത്തില്‍ രാത്രി കാലത്ത് നഗ്നകളായി പ്രദക്ഷിണം ചെയ്യുന്ന സ്ത്രീകള്‍, പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുന്നവര്‍, പുരുഷന് അനേകം ഭാര്യമാര്‍, വെപ്പാട്ടികള്‍, അടിമകള്‍, ആര്‍ത്തവ ശുദ്ധി കഴിഞ്ഞാല്‍ പ്രമാണിക്ക് ഭാര്യയെ സമര്‍പ്പിക്കുന്നവര്‍, വീടിന് മുന്നില്‍ കൊടി നാട്ടി അനേകം പേരെ സ്വീകരിച്ച് ഒരാളെ പിതാവായി പ്രഖ്യാപിക്കുന്നവര്‍, പിതൃ ഭാര്യമാരെ കല്യാണം കഴിക്കുന്നവര്‍, വിധവകളെ പൊതുസ്വത്ത് ആക്കിയവര്‍-ആ സമൂഹത്തെയാണ് വസ്ത്രം ധരിക്കുന്നവരും സംസ്‌കാര സമ്പന്നരുമാക്കി ഇസ്‌ലാം മാറ്റിയത്. ഇണക്കു മാത്രമല്ല ഉമ്മക്കും മറ്റെല്ലാ സ്ത്രീകള്‍ക്കും ഇസ്‌ലാം അത്യുന്നത സ്ഥാനം നല്‍കി. ഉമ്മയുടെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗം എന്നു പഠിപ്പിച്ചു. ഉമ്മയുമായി ബന്ധം നിലനിര്‍ത്താത്തതിന്റെ പേരില്‍ ഇസ്രാഈലി പണ്ഡിതനായ ജുറൈജിനും സഹാബി അല്‍ഖമ (റ)ക്കുമുണ്ടായ അനുഭവം വിശദമാക്കി കൊടുത്തു. മഹര്‍ നല്‍കി വിവാഹം കഴിക്കണമെന്നും ആരെയൊക്കെ വിവാഹമാവാം, അരുത്, ഭര്‍ത്താവിന്റെ കടമ, ഭാര്യയുടെ അവകാശം, കുടുംബ സംവിധാനം- എല്ലാ വിശദീകരിച്ചു കൊടുത്തു.

1400 വര്‍ഷങ്ങള്‍ക്കു മുമ്പ് ഖുര്‍ആനിലൂടെ, നബി ചര്യയിലൂടെ, എന്താണോ നിര്‍ദ്ദേശിച്ചത്, അതിനപ്പുറത്തേക്കോ ഇപ്പുറത്തേക്കോ കടക്കാന്‍ മുസ്‌ലിമിന് സാധ്യമല്ല. സ്ത്രീകള്‍ക്ക് ലോകത്താദ്യമായി സ്വത്തവകാശവും അംഗീകാരവും ഇസ്‌ലാം നല്‍കി. ഇറ്റലിയില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം ലഭിച്ചത് 1919-ലാണ്. നൂറുകൊല്ലം പോലും ആയിട്ടില്ല. ഫ്രാന്‍സില്‍ 1938ലാണ് അതു നിയമമായത്. ജര്‍മ്മനിയില്‍ 1990-ഉം ഇംഗ്ലണ്ടില്‍ 1882 ഉം ആവേണ്ടി വന്നു. 1850 വരെയുള്ള ഇംഗ്ലീഷ് നിയമത്തില്‍ സ്ത്രീ രാഷ്ട്ര പൗരയല്ലെന്നും അവള്‍ക്ക് വ്യക്തിയെന്ന നിലക്ക് യാതൊരവകാശവുമില്ലെന്നും അധ്വാനിച്ചുണ്ടാക്കുന്ന പണം സ്വന്തമായി വസ്ത്രം വാങ്ങാന്‍ ഉപയോഗിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. സ്ത്രീക്കു മാത്രമല്ല മൂത്ത സന്തതിയൊഴിച്ച് മറ്റ് ആണ്‍മക്കള്‍ക്കും സ്വത്തവകാശം ഉണ്ടായിരുന്നില്ല. 1882-ല്‍ വിവാഹിതകളായ സ്ത്രീകളുടെ ധനനിയമം വന്നപ്പോഴാണ് സ്ത്രീ സമൂഹത്തിന് ആശ്വാസം വന്നത്. പ്രവാചകന്റെ (സ) കാലത്ത് ഗ്രീക്കുകാര്‍ക്ക് സ്ത്രീ അങ്ങാടിയിലെ വില്‍പനചരക്കായിരുന്നു. സ്ത്രീയുടെ വായ മൂടിക്കെട്ടിയ റോമക്കാര്‍ അവരെ സംസാരിക്കാനോ ചിരിക്കാനോ അനുവദിച്ചില്ല. അവള്‍ക്ക് മാംസം തിന്നരുതായിരുന്നു. എ.ഡി 586-ല്‍ ഫ്രാന്‍സിലെ ചൂടേറിയ ചര്‍ച്ച സ്ത്രീ മനുഷ്യ വര്‍ഗത്തില്‍പ്പെട്ടതോ എന്നതിനെപ്പറ്റിയായിരുന്നു. കോളറ, മരണം, നരകം, വിഷം, സര്‍പ്പം എന്നിവ സ്ത്രീയെക്കാള്‍ ഉത്തമം എന്നായിരുന്നു പ്രാചീന ഇന്ത്യന്‍ വിശ്വാസം. കൂട്ടുകുടുംബ വ്യവസ്ഥയുണ്ടായിരുന്ന ഹിന്ദു സമുദായത്തില്‍ കാരണവര്‍ക്കായിരുന്നു സര്‍വാവകാശം. 70 വര്‍ഷം മുമ്പാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം പ്രാബല്യത്തില്‍ വന്നത്. 1927-ലാണ് സോവിയറ്റ് യൂനിയനില്‍ സ്ത്രീകളോട് അല്‍പമെങ്കിലും നീതി കാട്ടി കുടുംബനിയമം കൊണ്ടുവന്നത്. ചൈനയാകട്ടെ 1952-ലാണ് ഫാമിലി കോഡ് നിയമമാക്കിയത്. പ്രവാചകന്റെ (സ) കാലത്ത് അറേബ്യന്‍ സ്ത്രീ മരിച്ചാല്‍ അവളെക്കൊണ്ട് കാഷ്ഠം എറിയിക്കുന്ന പതിവും ഉണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ചയുടനെ അവളെ ഇരുട്ട് കൂടാരത്തിലാക്കും. പിന്നീട് ഏറ്റവും വൃത്തികെട്ട വസ്ത്രം ധരിപ്പിക്കും. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം ആട് അല്ലെങ്കില്‍ പക്ഷികള്‍ എന്നിവയില്‍ ഏതെങ്കിലും അവളുടെ സ്വകാര്യ സ്ഥലമടക്കം ശരീരമാകെ തടവും. അങ്ങനെ അവള്‍ പുറത്തു വരുമ്പോള്‍ കാഷ്ഠം കയ്യില്‍ കൊടുത്ത് അത് എറിയിക്കും. തുടര്‍ന്ന് സ്ത്രീക്ക് പുറത്തിറങ്ങാം. ഇങ്ങനെയുള്ളൊരു സമൂഹത്തിന് സംസ്‌കാരത്തിന്റെ വെള്ളിവെളിച്ചം എത്തിക്കുകയും ഉത്തമ സമുദായമായി എക്കാലത്തും നിലനിര്‍ത്തുകയുമാണ് ഇസ്‌ലാം ചെയ്തത്. മുസ്‌ലിംകള്‍ക്ക് വിവാഹമോചനം നടത്തണമെങ്കില്‍ ധാരാളം കടമ്പകള്‍ കടക്കണം. യോജിപ്പിക്കാന്‍ കഴിയുന്നതിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തണം. യാതൊരു വിധത്തിലും യോജിക്കുന്നില്ലെങ്കില്‍ മാത്രമേ ത്വലാഖ് ആകാവൂ. ദൈവത്തിനു ഏറ്റവും വെറുക്കപ്പെട്ട കാര്യമാണ് ത്വലാഖ് എന്നു വിശ്വസിക്കുന്നവര്‍ വളരെയധികം ആലോചനയോടെ തെറ്റുതിരുത്തലിന് അവസരം നല്‍കിയാണ് അത് അനുവദിക്കുന്നത്. പതിനെട്ടര കോടി മുസ്‌ലിംകളുള്ള ഇന്ത്യയില്‍ പോലും മറ്റു സമുദായങ്ങളെ അപേക്ഷിച്ച് വിവാഹമോചനം വളരെ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതാണ് വസ്തുതയെന്നിരിക്കെ, തരം കിട്ടുമ്പോഴൊക്കെ വര്‍ഗീയ കലാപം ഉണ്ടാക്കുകയും മുസ്‌ലിംകളെ കൂട്ടക്കൊല നടത്തുകയും ഭിന്നിപ്പിച്ചു ഭരിക്കാന്‍ ഒരുമ്പെടുകയും ചെയ്യുന്ന സംഘ് ശക്തികളുടെ ഗൂഢാലോചന മനസ്സിലാക്കാനുള്ള വിവേകം മുസ്‌ലിം സമുദായത്തിനുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Trending