തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ പതിനാറ് കോച്ചിംഗ് സെന്ററിലേക്കും ഡയറക്ടറേറ്റിലേക്കും നടന്ന അറുപതോളം നിയമനങ്ങള്‍ അനധികൃതമാണന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചാണ് ന്യൂനപക്ഷ മന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പറയുന്നത്.
നേരത്തെ അറുപതോളം തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ അടിസ്ഥാന യോഗ്യത കമ്പ്യൂട്ടര്‍ ഓപ്പറേറ്ററിന് എസ്.എസ്.എല്‍.സിയും ഡി.സി.എയും ആയിരുന്നു. എല്‍.ഡി ക്ലര്‍ക്കിനു എസ്.എസ്.എല്‍.സിയുമായിരുന്നു. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഉത്തരവില്‍ അടിസ്ഥാന യോഗ്യത പ്ലസ്ടു ആക്കി ഉയര്‍ത്തിയിരുന്നു. ഒരേ തസ്തികയിലേക്ക് മൂന്ന് മാസത്തെ ഇടവേളകളില്‍ ഇറക്കിയ ഉത്തരവുകളില്‍ ഉണ്ടായ വ്യത്യാസം അഴിമതി നടന്നതായി വ്യക്തമാക്കുന്നു.
കുറഞ്ഞ യോഗ്യതയുള്ള പാര്‍ട്ടി നേതാക്കളെ തിരുകികയറ്റുന്നു എന്ന ആരോപണം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് മന്ത്രിയുടെ പുതിയ ഉത്തരവ്. മലപ്പുറത്ത് പുതുതായി ആരംഭിക്കുന്ന കോച്ചിംഗ് സെന്ററിലെ തസ്തികകളിലേക്കാണ് യോഗ്യത നിര്‍ണയിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പ്രിന്‍സിപ്പല്‍, എല്‍.ഡി ക്ലര്‍ക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകളിലേക്കാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇന്റര്‍വ്യൂ നടത്തിയത്. ഇന്റര്‍വ്യൂ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ചട്ടങ്ങള്‍ മറികടന്നുമാണ് നടത്തുന്നത് എന്നാരോപിച്ച് അന്നുതന്നെ ഉദ്യോഗാര്‍ത്ഥികള്‍ വിജിലന്‍സിനെ സമീപിച്ചിരുന്നു. പത്രത്തില്‍ പരസ്യം നല്‍കി കമ്പ്യൂട്ടര്‍ ടെസ്റ്റ്, എഴുത്ത് പരീക്ഷ എന്നിവ നടത്തി മാര്‍ക്ക് ലിസ്റ്റ് തയാറാക്കണമെന്നും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് വേണം നിയമനം നടത്തേണ്ടതെന്നുമാണ് ചട്ടം.
ഈ ചട്ടം നിലനില്‍ക്കെ സി.പി.എം ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റ് പ്രകാരം നിയമിക്കുകയാണ് ചെയ്തത്. അടിസ്ഥാന യോഗ്യതപോലും ഇല്ലാത്ത ആളുകളുടെ യോഗ്യതയും മറ്റും വിവരാവകാശ പ്രകാരം ചോദിച്ചപ്പോള്‍ അത് നല്‍കാന്‍ തയാറല്ല എന്ന മറുപടിയാണ് വകുപ്പില്‍ നിന്ന് ലഭിച്ചത്. നിയമനം നല്‍കിയവര്‍ക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന വിവരം പുറത്തായതോടെ തസ്തികകളിലേക്ക് വേണ്ട യോഗ്യത പുന:ക്രമീകരിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ്.