ഡോ. എം.കെ മുനീര്‍

‘ഇടതുപക്ഷത്തിന് അനുകൂലമായി മാറിയ കേരള രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ് വേങ്ങര. കേരളം ആരു ഭരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗും പാണക്കാട് തങ്ങളും നിശ്ചയിക്കുമെന്ന ഹുങ്കിന് ലഭിച്ച പ്രഹരം കൂടിയായിരുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ആ മാറ്റത്തിന്റെ കാറ്റ് പൂര്‍ണ അളവില്‍ മലപ്പുറത്ത് അന്ന് പ്രതിഫലിച്ചില്ലെങ്കിലും പരമ്പരാഗതമായി മുസ്്‌ലിംലീഗിനെ പിന്തുണച്ചിരുന്ന വോട്ടര്‍മാരില്‍ പ്രകടമായ മാറ്റം ദൃശ്യമായി… ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളില്‍ പ്രധാനപ്പെട്ടത് സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികം പിന്നിടുന്ന ഇന്ത്യയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്. ബഹുസ്വരതയുള്ള നാടായി ഇന്ത്യ നിലനില്‍ക്കണമോ അതോ ഹിന്ദുത്വരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ആര്‍.എസ്.എസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അക്രമാസക്തമായ യജ്ഞങ്ങള്‍ക്ക് കീഴടങ്ങണമോ എന്നതാണ്.’ ‘ജനശിക്ഷാ യാത്ര’ എന്ന പേരില്‍ കൊടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന്റെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചത്. ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ലേഖനം വേങ്ങരയെ കുറിച്ചായതോ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ മോശമാക്കുന്നതോ ഒന്നുമല്ല അതിന്റെ മര്‍മ്മം. സി.പി.എം, ആര്‍.എസ്.എസിനെ പറഞ്ഞു തുടങ്ങിയാല്‍ കോണ്‍ഗ്രസിനോ മുസ്‌ലിംലീഗിനോ എതിരെയാവുന്നതും പാണക്കാട് തങ്ങളെ സംഘികള്‍ കുപ്പത്തൊട്ടിയിട്ട പദം ഉപയോഗിക്കുന്നതും ഇപ്പോള്‍ പുതുമയല്ല. എഴുപത് വര്‍ഷം പിന്നിട്ട ഇന്ത്യയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടും ബി.ജെ.പി.ക്കും ആര്‍.എസ്.എസിനും കീഴടങ്ങണോ എന്നതുമാണത്രെ വേങ്ങരയിലെ ചോദ്യം. ഒന്നര വര്‍ഷം പിന്നിട്ട സംസ്ഥാന സര്‍ക്കാറിന്റെ മാറ്റുരക്കുന്ന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് വേങ്ങരയിലെന്ന് പറയാന്‍ പോലും സി.പി.എം ഭയക്കുന്നതിന്റെ കാരണം കൊടിയേരിയുടെ വാക്കുകളില്‍ തന്നെയുണ്ട്.
ലേഖനം തുരട്ടെ, ‘എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 16 മാസത്തിനുള്ളില്‍ നിരപരാധികളായ 13 സി.പി.ഐ-എം പ്രവര്‍ത്തകരെ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കൊലപ്പെടുത്തി. പയ്യന്നൂരില്‍ ധനരാജനെ വീട്ടില്‍ കയറിയാണ് വെട്ടി കൊലപ്പെടുത്തിയത്. പിണറായിയില്‍ സി.വി രവീന്ദ്രനെ ബോംബാക്രമണത്തിലാണ് വകവരുത്തിയത്. വാളാങ്കിച്ചാലിലെ സി.പി.ഐ-എം ബ്രാഞ്ച് സെക്രട്ടറി കെ മോഹനനെ കള്ളുഷാപ്പില്‍ കയറിയാണ് കൊന്നത്.’ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ അണികളുടെ ജീവനു പോലും സംരക്ഷണം നല്‍കാനാവാത്ത ഒരു ഭരണത്തെക്കകുറിച്ച് മേനി പറയാന്‍ നില്‍ക്കാത്തത് ഏതായാലും നന്നായി. മലപ്പുറം ഉപതെരഞ്ഞെടുപ്പു വേളയില്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞത് വേങ്ങരയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പാകുമ്പോള്‍ വിഴുങ്ങിയതു തന്നെ പിണറായി സര്‍ക്കാറിനുള്ള കുറ്റപത്രമാണ്.
ഏതെങ്കിലും മേഖലയില്‍ എടുത്തുപറയത്തക്ക എന്തെങ്കിലുമൊരു പദ്ധതിയെ കുറിച്ച് പറയാനില്ലാത്തതാണ് എല്‍.ഡി.എഫിന്റെ ഒന്നര വര്‍ഷം. ക്രിയാത്മകമായൊരു പ്രഖ്യാപനമോ തീരുമാനമോ ഉണ്ടായോ എന്നു ചോദിച്ചാലും ഉത്തരം തഥൈവ. പക്ഷേ, മദ്യം വ്യാപകമാക്കുന്നതില്‍ അതിവേഗം ബഹുദൂരം സഞ്ചരിച്ചുവെന്ന് അഭിമാനത്തോടെ പറയാനാവും. സ്വന്തം വകുപ്പുകളില്‍ മൈനസ് മാര്‍ക്കുള്ള മുഖ്യമന്ത്രി, മന്ത്രിമാര്‍ക്ക് മാര്‍ക്കിടുമ്പോള്‍ എല്ലാവര്‍ക്കും വട്ടപ്പൂജ്യം ലഭിച്ചാലും എക്‌സൈസ് മന്ത്രിക്ക് നൂറില്‍ ആയിരം മാര്‍ക്കു കൊടുക്കാം. യു.ഡി.എഫ് പൂട്ടിയ ബാറുകള്‍ തുറന്നും പുതിയ ഔട്‌ലെറ്റുകള്‍ തുറന്നും വിമാനത്താവള ആഭ്യന്തര ടെര്‍മിനലുകളിലുമായി മദ്യമൊഴുക്കുന്നു. ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പനക്ക് കോടതി താഴിട്ടപ്പോള്‍ റോഡുകള്‍ അപ്പാടെ ജില്ലാഗ്രാമ റോഡുകളാക്കുന്നതൊക്കെ മദ്യവര്‍ജന നയമാണത്രെ.
മദ്യശാല തുടങ്ങാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് തിരിച്ചു പിടിച്ചവര്‍ അധികാര വികേന്ദ്രീകരണത്തില്‍ നിന്ന് മദ്യമാഫിയയുടെ ഏകാധിപത്യത്തിലേക്ക് കേരളത്തെ നയിക്കുമ്പോള്‍ തദ്ദേശ വകുപ്പു മന്ത്രിയായി രാജ്യത്തെ ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം സ്വീകരിച്ചത് ഓര്‍ക്കുകയാണ്. ഒന്നര വര്‍ഷത്തിനിടെ തദ്ദേശ വകുപ്പ് ഡയറക്ടര്‍മാരായ ആറു പേരാണ് വന്നുപോയതെന്നതു മാത്രം മതി ആ വകുപ്പിനെ വിലയിരുത്താന്‍. കുടുംബശ്രീയിലും തദ്ദേശ വകുപ്പിലും നടക്കുന്ന തീവെട്ടിക്കൊള്ളകളും കെടുകാര്യസ്ഥതയും സംസ്ഥാനത്തെ പിറകോട്ടടിപ്പിക്കുകയാണെന്നത് ആരോപണമല്ല. ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം 15 ശതമാനം മാത്രമാണെന്ന ദുഃഖ സത്യം പറയുമ്പോള്‍, ഒരു കാലത്ത് എന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്ന ആളാണല്ലോ ആ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നോര്‍ത്ത് സങ്കടം തോന്നുന്നു.
സര്‍ക്കാര്‍ അധികാരത്തിലേറി പെന്‍ഷന്‍ വീടുകളിലെത്തിച്ചുവെന്ന അവകാശവാദവും വഴിനീളെ #ക്‌സുകളും കണ്ടിരുന്നു. എത്ര മാസമായി ക്ഷേമ പെന്‍ഷനുകള്‍ വിതരണം നിലച്ചിട്ട്. പല പെന്‍ഷനുകളുടെയും കുടിശ്ശിക വര്‍ഷം ഒന്നു പിന്നിട്ടു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍, ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണ രംഗത്തെ കേരള മോഡലുകള്‍ മുച്ചൂടും നശിപ്പിച്ചു. രണ്ടു മന്ത്രിമാര്‍ നാണം കെട്ട് ഇറങ്ങിപ്പോയ സര്‍ക്കാറില്‍ നിന്ന് ആരെയാണ് പുറത്താക്കാതെ നിലനിര്‍ത്താന്‍ പറ്റിയതെന്നാണ് ആലോചന. ഗതാഗത മന്ത്രി കായല്‍ കയ്യേറുമ്പോള്‍ ആരോഗ്യമന്ത്രി മെഡിക്കല്‍ ഫീസുകള്‍ മുന്നൂറ് ഇരട്ടി വര്‍ധിപ്പിച്ചത് പുണ്യം കിട്ടാനാണെന്നാണ് പറയുന്നത്. പാഠപുസ്തകം വിതരണം ചെയ്യാതെ, പരീക്ഷകള്‍ നേരാംവണ്ണം നടത്താതെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമം. ബജറ്റും പരീക്ഷയും ചോര്‍ച്ചയാവുമ്പോള്‍ അതിന്റെ സാമ്പത്തിക ലക്ഷ്യം ലാവലിന്‍ ചാക്കിനോളം വലുതോ ചെറുതോ എന്നതുമാത്രമാണ് സംശയം.
സമീപ കാലത്തെ നിരവധി വിഷയങ്ങളില്‍ പൊലീസ് സംഘ്പരിവാറിന് ഇരകളെ വേട്ടയാടാന്‍ അനുകൂല സാഹചര്യമൊരുക്കിയപ്പോഴാണ് സഖ്യ കക്ഷിയായ സി.പി.ഐ പോലും മുണ്ടുടുത്ത മോദിയെന്ന് പൊലീസും വിജിലന്‍സുമുള്ള മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടിയത്. സംസ്ഥാനത്തെ പൊലീസ് നയം കാവിവത്കരിക്കപ്പെട്ടു എന്ന വിമര്‍ശം ഉന്നയിച്ച ഇടതു ബുദ്ധിജീവികള്‍ക്ക് നേരെ വരെ കരിനിയമങ്ങളുടെ വാളെടുക്കുകയാണ്. പിഞ്ചു മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ പോലും ആര്‍.എസ്.എസ് അവരുടെ ആയുധ പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്നുവെന്ന് പാര്‍ട്ടി ചാനല്‍ തന്നെ തെളിവ് സഹിതം വാര്‍ത്ത നല്‍കുകയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രേഖാമൂലം ഡി.ജി.പിക്ക് പരാതി നല്‍കയും ചെയ്തിട്ടും എന്തു നടപടിയാണുണ്ടായത്.
സംഘ്പരിവാര്‍ കൊലക്കത്തിക്കിരയായ കൊടിഞ്ഞിയിലെ ഫൈസലിനും കാസര്‍കോട്ടെ റിയാസ് മൗലവിക്കും ഒരു ആശ്വാസ വാക്കു പോലും നല്‍കിയോ. ധന സഹായത്തിന് ജില്ലാ കലക്ടര്‍ ശിപാര്‍ശ ചെയ്തിട്ടും സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫൈസലിന്റെ ഭാര്യക്കും പിഞ്ചോമന മക്കള്‍ക്കും ഒരു രൂപ പോലും നല്‍കിയോ. ഹരിയാനയില്‍ ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ രക്ഷിതാക്കള്‍ ഡല്‍ഹിയിലെ കേരളാ ഹൗസിലെത്തിയപ്പോള്‍ മുഖം കൊടുത്തതു വലിയ കാര്യമാക്കുന്നവര്‍, കൊടിഞ്ഞി വഴി പലതവണ പോയിട്ടും ആ വീട്ടിലൊന്ന് കയറാന്‍ മുഖ്യമന്ത്രിക്ക് എന്തേ മനസ്സുണ്ടായില്ല. സ്വന്തം മകന്റെ മരണത്തിനു ഉത്തരവാദിയായവരെ നിയമത്തിന് മുമ്പിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെത്തി ചവിട്ടേറ്റു വീണ കമ്മ്യൂണിസ്റ്റ് കുടുംബാംഗമായ മഹിജയെ കാണാന്‍ കൂട്ടാക്കാത്ത ധാര്‍ഷ്ട്യത്തെ സി.പി.ഐ തന്നെ മുതലാളിയെന്നാണ് വിളിക്കുന്നത്.
സമാധാനത്തിന്റെ നാടായ കേരളത്തെ കൊലക്കളമാക്കാന്‍ ആര്‍.എസ്.എസും സി.പി.എമ്മും മത്സരിക്കുമ്പോള്‍ നിയമവാഴ്ച 51 വെട്ടിനാല്‍ ഊര്‍ധശ്വാസം വലിക്കുകയാണ്. തലസ്ഥാന നഗരിയില്‍ ഒരു ബി.ജെ.പിക്കാരന്‍ വധിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയെ വിളിച്ച്‌വരുത്തി താക്കീത് നല്‍കിതുകൊണ്ട് ഏതാനും ആഴ്ചകളായി മത്സരകൊലോത്സവം സുല്ലിട്ടിരിക്കുന്നു. മുഖ്യമന്ത്രിയും കുമ്മനവും ഒന്നിച്ചിരുന്ന് ധാരണയാവുമ്പോള്‍ കൊലയും മറുകൊലയും കുറയുന്നത് നല്ലകാര്യം. പക്ഷെ, ഈ നേതാക്കള്‍ അറിഞ്ഞോ സംരക്ഷിക്കുമെന്ന ബോധ്യമുള്ളതുകൊണ്ടോ ആണ് കേരളം ചോരക്കളമാവുന്നതെന്നാണ് അതിലെ ദുസ്സൂചന. പൊലീസ് കാവിയു ചുവപ്പുമായി കാക്കിക്കുള്ളില്‍ പരിണാമത്തിന് വിധേയമാകുന്നത് ആശ്വാസകരമല്ല. സ്വതന്ത്രമായ പൊലീസ് എന്നത് കേരളത്തിന്റെ സ്വപ്‌നമാണിപ്പോള്‍.
വിഷലിപ്തവും അതിവര്‍ഗീയതയും അടങ്ങിയ ശശികലമാരുടെയും ഗോപാലകൃഷ്ണന്‍മാരുടെയും നാക്കിനു എന്‍.ഒ.സിയും ബൂസ്റ്റിംഗ് പാക്കേജും നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ സംശയത്തിന്റെ പേരില്‍ പോലും മുസ്്‌ലിം ന്യൂനപക്ഷദലിത് വിഭാഗങ്ങളെ വേട്ടയാടുകയാണ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശം പരസ്യമായി ലംഘിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് ദേശീയ പതാകയുടെ പ്രോട്ടോകോള്‍ കാറ്റില്‍ പറത്തി കൊടിയേറ്റുമ്പോള്‍ വലിയ വര്‍ത്തമാനങ്ങളില്‍ അഭിരമിക്കുകമാത്രമല്ല, നടപടിക്ക് മുതിര്‍ന്ന ജില്ലാ കലക്ടറെ രായ്ക്കുരാമാനം നാടുകടത്തുകയാണ്. സംഘ്പരിവാറിന്റെ തൃപ്പൂണിത്തുറ മോഡല്‍ യോഗ കേന്ദ്രങ്ങള്‍ക്ക് നേരെ കണ്ണും കാതും കൊട്ടിയടക്കുന്നവര്‍ പീസ് സ്‌കൂളുകളില്‍ മണത്തു നടക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരനായ അശോകന്റെ മകള്‍ ഹാദിയ ആയി മതം മാറുമ്പോള്‍ എന്‍.ഐ.എ അന്വേഷണത്തിന്റെ മൗനാനുവാദവും വീട്ടുതടങ്കലിന്റെ പുതുമാതൃകകളും തീര്‍ക്കാന്‍ എങ്ങിനെയാണ് ഒരു ഇടതുപക്ഷ സര്‍ക്കാറിനാവുക.
രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്ന മോദി സര്‍ക്കാറിന്റെ ഏക സിവില്‍കോഡ്, പശു രാഷ്ട്രീയങ്ങള്‍ക്കെതിരെ രാജ്യത്താകെ പ്രതിഷേധം അലയടിക്കുകയാണ്. അത്തരമൊരു സമരത്തിന്റെ ഭാഗമായി പ്രകടനം നടത്തിയ സമസ്ത പണ്ഡിതരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സെടുത്തത് കേരളത്തില്‍ പിണറായിയുടെ പൊലീസാണ്. മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്നത് കുറ്റപത്രത്തില്‍ എഴുതി ചേര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന ഉള്ളിടത്തോടം ഭയപ്പെടാനില്ല. പക്ഷെ, മോദി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി പിണറായി മാറുന്നുവെന്ന ആശങ്ക നിസ്സാരമല്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി നയവും മുഖ്യ ശത്രു ബി.ജെ.പിയല്ലെന്ന സി.പി.എം നിലപാടും ഫലത്തില്‍ ഒന്നു തന്നെയാണ്. കോണ്‍ഗ്രസ് മുന്നണി സര്‍ക്കാറുകള്‍ കെട്ടിപ്പടുത്ത രാജ്യത്തിന്റെ അടിത്തറ മാന്തുന്ന മോദിയുമായി ഒത്തുകളിച്ച് എത്രകാലം സി.പി.എമ്മിന് കബളിപ്പിക്കാനാവും.
കേന്ദ്രത്തിലെ ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും ജനദ്രോഹത്തില്‍ നടത്തുന്ന മത്സരം പോലെതന്നെയാണ് അതു മറച്ചുപിടിക്കാനുള്ള വാചക കസര്‍ത്തുകളും. ബി.ജെ.പിയും സി.പി.എമ്മും ഡല്‍ഹി ഓഫീസുകളിലേക്ക് പരസ്പരം ജാഥ നടത്തുന്നത് ഭരണ പരാജയങ്ങള്‍ മറച്ചുപിടിക്കാനുള്ള നാടകം മാത്രമാണ്. വാക്കുകള്‍ക്ക് അപ്പുറം പ്രവൃത്തിയാണ് വേണ്ടത്. പകല്‍ വെളിച്ചത്തില്‍ നാവുകൊണ്ട് കടിച്ചു കീറുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ അരണ്ട വെളിച്ചത്തില്‍ കെട്ടിപ്പുണരുകയാണ്. നിലാവുണ്ടെന്ന് കരുതി നേരം പുലരുവോളം മോഷണം നടത്തുന്ന കാവിച്ചെങ്കൊടി വേങ്ങരയില്‍ കയ്യോടെ പിടിയിലായിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ഫൗളിനെതിരെയുള്ള മഞ്ഞക്കാര്‍ഡാണ് വേങ്ങരയില്‍ നിന്നുയരുക.
(പ്രതിപക്ഷ ഉപനേതാവാണ് ലേഖകന്‍)