പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഏകപ്രതി ആസാം സ്വദേശി അമീറുല്‍ (22) കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ സംബന്ധിച്ച് വാദം ഇന്ന് കോടതിയില്‍ വീണ്ടും നടക്കും. ശേഷം കേസ് പരിഗണിക്കുന്ന ജഡ്ജി കെ. അനില്‍കുമാര്‍ പ്രതിക്കുള്ള ശിക്ഷ വിധിക്കും. തെളിവു നശിപ്പിക്കല്‍ പട്ടിക ജാതി – പട്ടിക വര്‍ഗ പീഡനം എന്ന് വകുപ്പ് പ്രതിക്കെതിരെ നിലനില്‍ക്കില്ലായെന്ന് കോടതി വിലയിരുത്തി.
കൊലപാതകം, ബലാല്‍സംഘം, അതിക്രമിച്ച് കടക്കല്‍, പുറത്തു പോകാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതിക്കെതിരെ പൊലീസ് എടുത്തത് നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. ആടച്ചിട്ട കോടതി മുറിയില്‍ 74 ദിവസത്തെ വിസ്താരത്തിനും 18 ദിവസത്തെ അന്തിമ വാദത്തിനും ശേഷമാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനാ തെളിവുകള്‍, സാഹചര്യ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പ്രതി കുറ്റക്കാരനാണെന്ന നിഗമനത്തിലേക്കു കോടതി എത്തി ചേര്‍ന്നത്. കുറുപ്പംപടി എസ്.ഐ സുനില്‍ തോമസ്, ആലുവ സി.ഐ വിശാല്‍ ജോണ്‍സണ്‍, ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജ എന്നീ അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിഭാഗം സാക്ഷികളാക്കി വിസ്തരിച്ചിരുന്നു.
എറണാകുളം ഗവണ്‍മെന്റ് ലോ കോളജിലെ എല്‍.എല്‍ബി വിദ്യാര്‍ത്ഥിനിയായ ജിഷയെ 2016 ഏപ്രില്‍ 28 ന് രാത്രി 8.3 നാണ് പെരുമ്പാവൂര്‍ പെരിയാര്‍ വാലി കനാല്‍ ബണ്ടിന് സമീപത്തുള്ള പുറമ്പോക്കിലെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .
രായമംഗലം ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് മെമ്പറാണ് വിവരം പൊലീസില്‍ ആദ്യം അറിയിക്കുന്നത്. മെമ്പറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറുപ്പംപടി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപാതകം അതിക്രമിച്ച് കടക്കാന്‍ എന്നീ വകുപ്പുകളാണ് ആദ്യം കുറുപ്പംപടി പൊലീസ് എടുത്തിരുന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ജിഷ ബാലല്‍സംഘത്തിനിരയായി കൊല്ലപ്പെട്ടുവെന്ന് തെളിയുന്നത്. കേസില്‍ 195 സാക്ഷികളെ കോടതി വിസ്തരിച്ചു. 125 രേഖകളും 75 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. 527 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതിക്കെതിരെ ശാസ്ത്രീയമായ തെളിവുകള്‍ അണിനിരത്തിയാണ് പ്രോസിക്യൂഷന്‍ കേസ് വാദിച്ചത്.
2016 ജൂണ്‍ 14 നാണ് കേസിലെ ഏക പ്രതി അമീറിനെ തമിഴ്‌നാട്- കേരള അതിര്‍ത്തിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.
അതേ സമയം നിലവിലെ തെളിവുകള്‍ പ്രതിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. മാര്‍ച്ച് 13 നാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറ് പേരെയും കോടതി വിസ്തരിച്ചിരുന്നു.