ഭരണാധികാരിയായ ബഷാറുല്‍ അസദിനെ എതിര്‍ക്കുന്ന വിമതര്‍, അസദ് അനുകൂലികള്‍… സഖ്യസേന ഉതിര്‍ത്തു വിടുന്ന ഷെല്ലുകള്‍ക്കിടയില്‍ മരണത്തെ മുഖാമുഖം കണ്ടു ജീവിക്കുകയാണ് സിറിയക്കാര്‍. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം നിലനിന്നെങ്കിലും രക്തരൂഷിത പോരാട്ടങ്ങളിലേക്കു കടന്നതു 2011 തുടക്കത്തിലാണ്. എന്നാല്‍ ദ്രുതഗതിയില്‍ പോരാട്ടം രാജ്യത്താകമാനം വ്യാപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താല്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 400000 പേരാണ് ഔദ്യോഗിക കണക്കുകള്‍. അതായത് 11 മില്യണ്‍. സിറിയന്‍ രാജ്യത്തിന്റെ ജന സംഖ്യയില്‍ പകുതിയോളം വരുന്ന മനുഷ്യജീവനുകള്‍ ഇല്ലാതായി. അവേശിക്കുന്നവരാകട്ടെ ഭീതിയുടെ മുനമ്പിലും.
സിറിയന്‍ സര്‍ക്കാരിനൊപ്പം അമേരിക്കയായിരുന്നു വിമതര്‍ക്കെതിരെ ആദ്യം പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍, യു.എസിന്റെ ഗൂഢ ലക്ഷ്യം തിരിച്ചറിഞ്ഞ റഷ്യ പതിയെ പിടിമുറുക്കി. കഴിഞ്ഞ ഒരു വര്‍ഷമായി റഷ്യയാണ് സര്‍ക്കാരിനെ മുന്നില്‍ നിന്നു നയിക്കുന്നത്. 2015 സെപ്തംബര്‍ 30നാണ് റഷ്യ വ്യോമാക്രമണങ്ങള്‍ക്കായി സിറിയയില്‍ എത്തിയത്. സിറിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയായിരുന്നു ഈ സൈനിക നടപടികള്‍. ആലപ്പോ നഗരം അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും ഐ.എസ് അടക്കമുള്ള തീവ്രവാദികളെ തുരത്താനായിരുന്നു സിറിയയുമായി യോജിച്ചുള്ള ആക്രമണം. ഇതുവരെ റഷ്യന്‍ ആക്രമണത്തില്‍ 9364 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 3,800 സിവിലിയന്മാരും ഉള്‍പ്പെടുന്നു. ഇപ്പോള്‍ ആക്രമണം രൂക്ഷമായ ആലപ്പോ നഗരത്തില്‍ ഉള്‍പ്പെടെ ഒരു വര്‍ഷം സിറിയയില്‍ റഷ്യ നടത്തിയ ആക്രമണ പരമ്പരയിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്‍ കേന്ദ്രമാക്കിയുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘടനയുടെ (ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്) പ്രവര്‍ത്തകര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് രക്തചൊരിച്ചിലിന്റെ ഭീകര മുഖങ്ങള്‍ വ്യക്തമാക്കിയത്. ഓരോ ദിവസങ്ങളില്‍ നടക്കുന്ന സംഭവങ്ങളും സംഘടന നിരീക്ഷിച്ചു വരുന്നുണ്ട്.
ഇറാഖ് കേന്ദ്രമായുള്ള ഇസ്‌ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളില്‍പെട്ട 5500 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു വര്‍ഷം നീണ്ട രക്തചൊരിച്ചിലില്‍ 20000 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, അജ്ഞാത വ്യോമാക്രമണങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ റാമി അബ്ദുല്‍ റഹ്മാന്‍ പറയുന്നു. റഷ്യന്‍ ആക്രമണത്തില്‍ ജനങ്ങളുടെ ആശ്രയ കേന്ദ്രങ്ങളായ ആസ്പത്രികളും മെഡിക്കല്‍ ക്ലിനിക്കുകളും തകര്‍ന്നടിഞ്ഞു.
കിഴക്കന്‍ ആലപ്പോയിലാണ് സിറിയ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ രക്തരൂഷിത പോരാട്ടം അരങ്ങേറിയത്. സിറിയയുടെ ഏറ്റവും വലിയ വാണിജ്യ നഗരമായിരുന്നു ആലപ്പോ. ഇന്നിപ്പോള്‍ വ്യാണിജ്യ നഗരത്തിന്റെ പഴയ ഖ്യാതി ഒന്നും ഇല്ല. വിവിധയിനം വ്യാപാരങ്ങളുടെ സമുച്ചയമായിരുന്ന ആലപ്പോ യുദ്ധത്തില്‍ തകര്‍ന്നു നിലംപൊത്തി. പോരാട്ടങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയായ ആലപ്പോയില്‍ വാണിജ്യം തുടച്ചു നീക്കി. കിഴക്കന്‍ ആലപ്പോ വിമതരുടെ കീഴിലാണ്. ഇവരെ തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോരാട്ടം കനക്കുന്നത്. കിഴക്കന്‍ ആലപ്പോയില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ 400 പേരാണ് കൊല്ലപ്പെട്ടത്. 1700 പേര്‍ക്ക് പരിക്കേറ്റു. 250000 ജീവനുകള്‍ മാത്രമാണ് ഇവിടെ ശേഷിക്കുന്നത്. രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയും നേരിടുന്നുണ്ട്. ഭക്ഷണത്തിനായി കേഴുന്ന കുരുന്നുകളുടെ മുഖങ്ങളും വാര്‍ത്താമാധ്യമങ്ങളില്‍ ലോകം കണ്ടു. ആഹാരവും ഇന്ധന ക്ഷാമവും രൂക്ഷമായി തുടരുകയാണ്.
കുരുന്നുകളുടെ തേങ്ങല്‍ ഇന്നും സിറിയയില്‍ കേള്‍ക്കാം. ലോക മനസാക്ഷിയെ ഞെട്ടിച്ച് ഉംറാന്‍ ദഖ്‌നീഷ് എന്ന അഞ്ച് വയസ്സുകാരന്റെ ചിത്രത്തിലൂടെ സിറിയ വീണ്ടും ശ്രദ്ധാകേന്ദ്രമായി. മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് മരവിച്ചു കിടന്ന അയ്‌ലന്‍ കുര്‍ദിയുടെ ചിത്രം ഓര്‍മകളില്‍ നിന്ന് മായും മുമ്പേയാണ് ഉംറാന്റെ മുഖം ലോക ജനത കണ്ടത്. ഉംറാന്റെ കഥ കേട്ടവര്‍ വിതുമ്പി. സിറിയയിലെ സംഘര്‍ഷ ബാധിത മേഖലയായ അലപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ് ഉംറാനെയും സഹോദരങ്ങളേയും രക്ഷിക്കുന്നത്. തകര്‍ന്ന വീടിനുള്ളില്‍ നിന്നും പൊടിയില്‍ മുങ്ങി പരിക്കുകളോടെ നിര്‍വികാരനായി ഇരിക്കുകയാണ് ഉംറാന്‍. ഒരു തുള്ളി കണ്ണീര്‍ പോലും അവന്‍ പൊഴിക്കുന്നില്ല. ആക്രമണത്തിന്റെ നടുക്കം വിട്ടുമാറാതെ മുഖത്തെ രക്തം തുടച്ച് കയ്യിലേക്ക് നോക്കുകയാണവന്‍. സിറിയന്‍ ജനത അനുഭവിക്കുന്ന ഭീകരതയെ ലോകത്തിന് ഒരിക്കല്‍ കൂടി ഉംറാന്‍ ബോധ്യപ്പെടുത്തുന്നു.
എണ്ണിയാലൊതുങ്ങാത്ത കുരുന്നുകള്‍ യുദ്ധ ഭീകരതയില്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ പറയുന്നു. യുദ്ധ ഭീകരതയില്‍ ശേഷിപ്പിച്ച ഒട്ടേറെ അനാഥ ബാല്യങ്ങളെയും സിറിയയുടെ ഇടവഴികളില്‍ കാണാനാകും. ഒരു ലക്ഷം കുട്ടികള്‍ യുദ്ധകെടുതിയില്‍ അകപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആലപ്പോ നഗരത്തില്‍ മാത്രം കാല്ലപ്പെട്ടത് 96 കുട്ടികളാണെന്നു ചൈല്‍ഡ് വെല്‍ഫയര്‍ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ കൊല്ലപ്പെടുന്നതായി ശ്രദ്ധയില്‍പെട്ട യുണിസെഫ്, പോരാട്ടത്തിനെതിരെ രംഗത്തെത്തിയിരുന്നു. കുട്ടികള്‍ക്കും കുരുന്നുകള്‍ക്കും നേരെ നടക്കുന്ന ബോംബാക്രമണങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നു യുണിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജസ്റ്റിന്‍ ഫ്രോര്‍സ്ത് വ്യക്തമാക്കി. വര്‍ഷങ്ങളോളം സ്‌കൂളില്‍ പോകാതിരിക്കുന്ന കുട്ടികളെയും ആലപ്പോയില്‍ കാണാനാകുമെന്ന് സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് എഡ്യൂക്കേഷന്‍ സംഘടന വ്യക്തമാക്കുന്നു. നാമമാത്രമായ കുട്ടികള്‍ മാത്രമേ സ്‌കൂളുകളിലേക്കു പോകുന്നുള്ളു. ഇവര്‍ക്കു പഠിക്കാന്‍ സ്‌കൂളുകള്‍ പോലുമില്ല. വിമതരുടെയും സൈന്യത്തിന്റെയും ആക്രമണത്തില്‍ പകുതിയോളം സ്‌കൂളുകളും പൂര്‍ണമായോ ഭാഗികമായോ നശിച്ചു. രാജ്യത്തെ നാലു സ്‌കൂളുകള്‍ ഇനിയും ഉപയോഗിക്കാനാവാത്ത വിധം നശിച്ചെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. സൈന്യവും പോരാളികളും ലക്ഷ്യം വെക്കുന്നത് സ്‌കൂളുകളെയാണ്. ആക്രമണം ഭയന്നു ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുമുണ്ട്. സന്നദ്ധ സംഘടനകളുടെ ഇടപെടലിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കമ്മ്യൂണിറ്റി സെന്ററുകളിലും വീടുകളിലും സ്‌കൂളുകളാക്കി മാറ്റി. 13 സ്‌കൂളുകളാണ് സന്നദ്ധ സംഘടനകളുടെ സംരക്ഷണയിലുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സിറിയ പൂര്‍ണമായി നിശ്ചലമായി. മനുഷ്യ ജീവനുകള്‍ പകുതിയോളം ഇല്ലാതായി, വ്യാപാരം തകര്‍ന്നു. സാമ്പത്തിക മേഖല ദുര്‍ബലപ്പെട്ടു. സിറിയയെ വീണ്ടെടുക്കാന്‍ യു.എന്‍ രക്ഷാസമിതി അടക്കമുള്ള ലോക രാജ്യങ്ങളുടെ ഇടപെടലാണ് ആവശ്യം.
Be the first to write a comment.