കോഴിക്കോട്: ഭീകരവാദത്തിന്റെ പേരില്‍ രാജ്യത്ത് മുസ്‌ലിം പ്രബോധകരെയും യുവാക്കളെയും കരിനിയമങ്ങള്‍ ചുമത്തി വേട്ടയാടുന്നതിനെതിരെ മുസ്‌ലിംലീഗ് ജനുവരി ആറിന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന റാലി ഭരണകൂട ഭീകരതക്കെതിരായ ജനമുന്നേറ്റം തീര്‍ക്കും. കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കപ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളാണെന്നു കണ്ട് വിട്ടയക്കപ്പെടുന്നത് പതിവാണ്. ബി.ജെ.പിയുടെ കാര്‍മ്മികത്വത്തിലും പ്രോല്‍സാഹനത്തിലും നടക്കുന്ന ഈ മുസ്‌ലിം വേട്ട കേരളത്തിലും വേരുറപ്പിക്കുമ്പോള്‍ ഭരണകൂട ഭീകരതയുടെ ഇരട്ട പ്രഹരമേല്‍ക്കുന്ന ന്യൂനപക്ഷം ആശങ്കയിലാണ്.

മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പ്രബോധകര്‍ക്കുമെതിരെ യു.എ.പി.എ എന്ന കിരാതനിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് കേരളത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ വിഷം ചീറ്റുന്ന സംഘ്പരിവാര്‍ നേതാക്കള്‍ക്ക് സൈ്വരവിഹാരവുമൊരുക്കുന്നു. ഇതിനെതിരായ ചെറുത്തുനില്‍പ്പും ജനജാഗരണവും നിയമനടപടികളും ഏറ്റെടുത്ത മുസ്‌ലിംലീഗ്, ആദ്യഘട്ടമെന്ന നിലക്കാണ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന റാലി നടത്തുന്നത്.

ഇതിന്റെ ഔപചാരിക ഉദ്ഘാടനം കൂടിയായ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ജനുവരി ആറിന് വൈകിട്ട് അഞ്ചിന് നടക്കുന്ന റാലിയില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി വിരേന്ദ്രകുമാര്‍ എം.പി, സാഹിത്യകാരന്‍ കെ.പി രാമനുണ്ണി, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസമദ് സമദാനി സംബന്ധിക്കും. പരമാവധി പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു.