ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നല്‍ ആക്രമണത്തെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ജവാന്‍മാരുടെ ത്യാഗത്തെ നരേന്ദ്ര മോദി തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കുകയാണെന്നായിരുന്നു രാഹുലിന്റെ ആക്ഷേപം. നമ്മുടെ ജവാന്‍മാര്‍ അവരുടെ ജീവന്‍ ത്യാഗം ചെയ്തു. ആരാണോ മിന്നല്‍ ആക്രമണം നടത്തിയത്, അവരെ മറച്ച് പിടിച്ച് മോദി തന്റെതാക്കി മാറ്റുന്നു. കള്ളപ്പണം തിരിച്ചു പിടിച്ച് ജനങ്ങളുടെ അക്കൗണ്ടിലെത്തിക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനു പകരം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയാണ് മോദി നടപ്പിലാക്കിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
മോദി പറഞ്ഞത് തനിക്ക് 56 ഇഞ്ച് നെഞ്ച് ഉണ്ട് അഴിമതി തടയുവാന്‍ എന്നാണ്. കൂടാതെ കള്ളപ്പണം തിരികെ കൊണ്ടു വരുമെന്നും വാഗ്ദാനമുണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായുള്ള മുഖം മിനുക്കല്‍ പദ്ധതിയാണ് മോദി നടപ്പിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും എന്‍ ഡി എ സര്‍ക്കാറില്‍ നിന്നും ഒന്നും ലഭിച്ചില്ല. എന്നാല്‍ മോദിയുടെ സുഹൃത്തുക്കളായ 15 വമ്പന്‍ വ്യവസായികള്‍ക്ക് പലതും ലഭിച്ചു. മോദിയുടേയും ഈ പതിനഞ്ച് പേരുടേയുമാണ് ഇപ്പോള്‍ നല്ല സമയമെന്നും രാഹുല്‍ പരിഹസിച്ചു.
അതേ സമയം കര്‍ഷകരുടെ വായ്പാ കുടിശിക ഒഴിവാക്കാന്‍ സ ര്‍ ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.പിയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പതിനഞ്ച് പേരുടെ സര്‍ക്കാറായിരിക്കില്ലെന്നും ജനങ്ങളുടെ സര്‍ക്കാരായിരിക്കുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തു. യു.പി തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന കിസാന്‍ റാലിയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.