ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ആദ്യ ഇന്നിങ്‌സില്‍ 600 റണ്‍സെടുത്ത ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 154 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ അഞ്ചു വിക്കറ്റുകള്‍ പിഴുതു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ലങ്കക്ക് ഇനി 247 റണ്‍സു കൂടി വേണം.
ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി രണ്ടും ഉമേശ് യാദവ്, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സായപ്പോഴേക്കും ഓപണര്‍ കരുണ രത്‌നെയെ പുറത്താക്കി ഉമേശ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് നല്‍കിയത്. കരുതലോടെ കളിച്ച ഗുണ തിലകയും ഉപുല്‍ തരംഗയും സ്‌കോര്‍ ബോര്‍ഡ് മെല്ലെ ചലിപ്പിച്ചെങ്കിലും 68ല്‍ നില്‍ക്കെ ഗുണ തിലകെ (16) ഷമിയുടെ പന്തില്‍ പുറത്തായി.
പിന്നാലെ എത്തിയ കുശാല്‍ മെന്‍ഡിസിന് നാലു പന്തുകള്‍ നേരിടാനുള്ള ആയുസ്സേ ഉണ്ടായുള്ളൂ ഷമിയുടെ പന്തില്‍ പൂജ്യനായി മെന്‍ഡിസ് മടങ്ങി. എട്ടു റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ല കൂടി പുറത്തായതോടെ ലങ്ക കൂടുതല്‍ പ്രതിരോധത്തിലായി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉപുല്‍ തരംഗ (64) റണ്ണൗട്ടായതോടെ ലങ്കയുടെ നില പരിതാപകരമായി. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 54 റണ്‍സുമായി എയ്ഞ്ചലോ മാത്യൂസും ആറു റണ്‍സുമായി ദില്‍റുവാന്‍ പെരേരയുമാണ് ക്രീസില്‍. നേരത്തെ മൂന്നിന് 399 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 600 റണ്‍സിന് എല്ലാവരും പുറത്തായി. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടിയ ഹര്‍ദ്ദിക് പാണ്ഡ്യയാണ് (49 പന്തില്‍ 50) ഇന്ത്യന്‍ നിരയില്‍ അവസാനം പുറത്തായ ബാറ്റ്‌സ്മാന്‍. ശ്രീലങ്കക്കു വേണ്ടി നുവാന്‍ പ്രദീപ് 31 ഓവറില്‍ 132 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കു 153 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
അജിന്‍ക്യ രഹാനെ 57 റണ്‍സും അശ്വിന്‍ 47 റണ്‍സുമെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ (17), രവീന്ദ്ര ജഡേജ (15), മുഹമ്മദ് ഷാമി (30), എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍. 11 റണ്‍സുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (190) ആദ്യദിനം തന്നെ സെഞ്ചുറി നേടിയിരുന്നു. ലാഹിരു കുമാര മൂന്നു വിക്കറ്റ് വീഴ്ത്തി.