Connect with us

Video Stories

മതേതര മഹാസഖ്യം തകരാതിരുന്നെങ്കില്‍

Published

on

ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവി രാജിവച്ച് മഹാസഖ്യത്തില്‍നിന്ന് പുറത്തുചാടിയത് ബിഹാറിനെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ മതേതര മനസുകളെയും മുറിവേല്‍പ്പിച്ചിരിക്കുകയാണ്. വര്‍ഗീയ ഫാസിസ്റ്റ് പടയോട്ടത്തെ പിടിച്ചുകെട്ടാന്‍ ആറ്റുനോറ്റുണ്ടാക്കിയ സ്വപ്‌നസഖ്യത്തെ പുല്ലുവില കല്‍പിച്ച നിതീഷ് കുമാര്‍ പൊറുക്കാനാവാത്ത പാതകമാണ് ചെയ്തുകൂട്ടുന്നത്. അധികാര ദ്രംഷ്ടങ്ങളില്‍ ഞെരിഞ്ഞമരുന്ന മതേതര ഇന്ത്യയെ ആപത്കരമായ ഭാവിയിലേക്ക് ആട്ടിയിറക്കാനുള്ള ഈ അമിതാവേശം തികഞ്ഞ അവിവേകമായിപ്പോയി. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ രാജ്യം അമ്പരന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ അതിന് ആക്കംകൂട്ടുന്ന നടപടി ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. മതേതര സഖ്യത്തെ പടച്ചുണ്ടാക്കിയവരില്‍ നിന്നു പ്രത്യേകിച്ചും. രണ്ടു വര്‍ഷം മുമ്പ് രൂപംകൊടുത്ത മതേതര മഹാസഖ്യത്തെ തകര്‍ത്ത് തരിപ്പണമാക്കാന്‍ നിതീഷ് കുമാറിന് രണ്ടു നിമിഷം വേണ്ടിവന്നില്ല എന്നതാണ് ഖേദകരം. എന്‍.ഡി.എ വച്ചുനീട്ടിയ അപ്പക്കഷ്ണത്തില്‍ ആകൃഷ്ടനായ നിതീഷ് കുമാര്‍ നരേന്ദ്ര മോദിക്കൊപ്പം അധികാരക്കട്ടില്‍ പങ്കുവെച്ചാല്‍ തെല്ലും അതിശയിക്കാനില്ലെന്നര്‍ഥം.
ബിഹാര്‍ രാഷ്ട്രീയം കലങ്ങിമറിഞ്ഞ് ഇരുപതാം ദിവസമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെക്കുന്നത്. അഴിമതി ആരോപണം നേരിട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പുറത്താക്കാന്‍ നിതീഷ് കുമാര്‍ ആര്‍ജവം കാണിക്കുമോ എന്ന് ബിഹാര്‍ ജനത ഉറ്റുനോക്കുന്നതിനിടെയാണ് അതിശയിപ്പിക്കുന്ന തീരുമാനവുമായി നിതീഷ് രംഗത്തുവരുന്നത്. തേജസ്വി രാജിവെക്കില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ നിതീഷ് തേജസ്വിയെ പുറത്താക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍, സ്വയം പുറത്തുപോകുക വഴി ബി.ജെ.പിയിലേക്കുള്ള അടിയൊഴുക്കുകള്‍ക്ക് അവസരമൊരുക്കുകയാണ് തന്ത്രശാലിയായ നിതീഷ് കുമാര്‍ ചെയ്തത്. ഇത് കേവലം യാദൃച്ഛികതയില്‍ നിന്ന് ഉടലെടുത്തതാണെന്ന് ആരും വിശ്വസിക്കുന്നില്ല. വ്യക്തമായ തയാറെടുപ്പുകളോടെയാണ് നിതീഷ് കുമാറും തന്റെ പാര്‍ട്ടിയുടെ നിലപാട് രൂപപ്പെടുത്തിയിരിക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ വിശാല പ്രതിപക്ഷ ഐക്യനിര പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങളെ കീഴ്‌മേല്‍ മറിക്കുന്നതിനുള്ള തന്ത്രമാണിത്. അമിത് ഷായുടെ ഓപറേഷന്‍ ഫലപ്രദമായി വിനിയോഗിച്ച ഈ രാഷ്ട്രീയ ചാണക്യനെ ബി.ജെ. പി പുതിയ മേച്ചില്‍പുറം ഒരുക്കിവച്ച് കാത്തിരിക്കുകയാണ്. ഇന്നലെ പാറ്റ്‌നയില്‍ ചേര്‍ന്ന ജെ.ഡി-യു നേതൃയോഗത്തില്‍ നിതീഷ് കുമാറിന്റെ നീക്കത്തിനെതിരെയുള്ള എതിര്‍ ശബ്ദങ്ങള്‍ക്ക് കരുത്തില്ലാതെ പോയത് ബി.ജെ.പിയുടെ മെഗാ ഓഫര്‍ മുന്നിലുള്ളതു കൊണ്ടാണ്. ശരദ് യാദവ് അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിച്ചുകൊണ്ട് പഴുതടക്കാനുള്ള നീക്കമാണ് നടക്കുന്നത്. തങ്ങളുടെ നിരന്തര രാഷ്ട്രീയ എതിരാളിയായ ലാലുപ്രസാദിനെ പ്രതിരോധത്തിലാക്കുകയാണ് നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യം.
2015 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമാണു ഭാവിയില്‍ രാജ്യത്തെ പ്രതിപക്ഷത്തിനാകെ മാതൃകയായേക്കുമെന്നു കരുതിയ മഹാസഖ്യം ബിഹാറില്‍ പിറവിയെടുത്തത്. നിതീഷിന്റെ ജെ.ഡി(യു), ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നിവയായിരുന്നു സഖ്യകക്ഷികള്‍. രണ്ടു പതിറ്റാണ്ടിലേറെ രാഷ്ട്രീയത്തില്‍ ബദ്ധവൈരികളായിരുന്ന ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദും ജെ.ഡി-യു നേതാവ് നിതീഷ്‌കുമാറും സഖ്യത്തിനായി ഒരുമിച്ചു എന്നതായിരുന്നു വലിയ പ്രത്യേകത. പൊതുതെരഞ്ഞെടുപ്പോടെ രാജ്യത്ത് ബി.ജെ.പി ആരംഭിച്ച വിജയക്കുതിപ്പിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം തടയിട്ടു. രാജ്യത്തു ഉരുത്തിരിഞ്ഞു വരാന്‍ പോകുന്ന മതേതര മഹാസഖ്യത്തിന്റെ കേളികൊട്ടായി ബിഹാറിലെ വിജയത്തെ പ്രതിപക്ഷ ക്യാമ്പ് കണ്ടു. 80 സീറ്റ് നേടി ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 71 സീറ്റ് നേടിയ ജെ.ഡി(യു)യുടെ നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മതേതര മുന്നേറ്റത്തിന് ഏറെ പ്രതീക്ഷകള്‍ പകര്‍ന്ന്, ഒന്നര വര്‍ഷത്തിലേറെ മുന്നോട്ടുപോയ സഖ്യത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് മുതലെടുക്കുകയായിരുന്നു ബി.ജെ.പി. സര്‍ക്കാറില്‍ ആര്‍.ജെ.ഡിക്കുള്ള മേല്‍ക്കൈ ലാലുപ്രസാദ് യാദവിനോടുള്ള അസൂയയാക്കി പരിവര്‍ത്തിപ്പിക്കാന്‍ ബി.ജെ.പിക്കു സാധിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ജെ.ഡി-യു പിന്തുണ പ്രഖ്യാപിച്ചതിന്റെ പൊരുള്‍ ഇതാണ്.
ജൂലൈ ഏഴിന് ലാലുപ്രസാദ് യാദവിനെയും മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെയും അഴിമതിക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്തതോടെ പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്നു. തേജ്വസി യാദവ് രാജിവെക്കണമെന്നായിരുന്നു നിതീഷിന്റെ താല്‍പര്യം. അഴിമതിയില്‍ വിട്ടുവീഴ്ച പറ്റില്ലെന്നും അദ്ദേഹം നിലപാടെടുത്തു. രാജി നേരിട്ട് ആവശ്യപ്പെട്ടില്ലെങ്കിലും ലാലുപ്രസാദും തേജസ്വിയും അഴിമതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിച്ചേ മതിയാകൂ എന്ന കാര്യത്തില്‍ നിതീഷ് ഉറച്ചുനില്‍ക്കുകയും ചെയ്തു. തേജസ്വി രാജിവെക്കില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയ ലാലു ആരോപണത്തെ കുറിച്ച് വിശദീകരിക്കണമെന്ന ആവശ്യം തള്ളി. ലാലുവും നിതീഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെയാണ് വേര്‍പിരിയല്‍ യാഥാര്‍ഥ്യമായത്.
പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒന്നിച്ച് എതിര്‍ക്കാന്‍ പ്രതിപക്ഷം പടപ്പുറപ്പാട് തുടങ്ങിയ വേളയില്‍ തന്നെ നിതീഷ്‌കുമാര്‍ കളംമാറിയത് വേദനാജനകമാണ്. വരും തെരഞ്ഞെടുപ്പില്‍ പതിനെട്ടു പാര്‍ട്ടികളുടെ വന്‍സഖ്യം മാതൃകയാക്കാനിരുന്നത് ബിഹാറിനെയായിരുന്നു. ഈ ബന്ധം അധികകാലം നീണ്ടുനില്‍ക്കില്ല എന്ന് വിലയിരുത്തിയവരോട് ‘കാത്തിരുന്നു കണ്ടോളൂ’ എന്ന് മറുപടി നല്‍കിയ വിശാല മതേതര സഖ്യം നേതാക്കളുടെ വാക്കുകള്‍ മറക്കാനായിട്ടില്ല. മതേതര സഖ്യം തകരുകയും ഫാസിസ്റ്റ് ചേരി കരുത്താര്‍ജിക്കുകയും ചെയ്യുന്നതിന്റെ ആശങ്കയിലാണ് രാജ്യം നിലനില്‍ക്കുന്നത്. ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയെന്നു വിശേഷിപ്പിക്കപ്പെട്ട ബിഹാറിലെ മതേതര മഹാസഖ്യം (മഹാഗഡ് ബന്ധന്‍) തകരാതിരുന്നെങ്കില്‍ എന്ന് ആശിക്കുന്നത് അത്രമേല്‍ അതിന്റെ പ്രസക്തിയും പ്രാധാന്യവും കുടികൊള്ളുന്നതുകൊണ്ടാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending