ട്രിപ്പോളി: 118 പേരുമായി പറന്ന ലിബിയന്‍ യാത്രാ വിമാനം അകാശമധ്യേ റാഞ്ചി. ഹാന്റ് ഗ്രനേഡ് കൈവശമുണ്ടെന്നും വഴിതിരിച്ചുവിട്ടില്ലെങ്കില്‍ സ്‌ഫോടനത്തിലൂടെ വിമാനം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു റാഞ്ചല്‍. മാള്‍ട്ടയിലെ ലുഖ വിമാനത്താവളത്തില്‍ നിര്‍ബന്ധിച്ച് ലാന്റു ചെയ്യിച്ച വിമാനത്തിലെ എല്ലാ യാത്രക്കാരെയും പിന്നീട് മോചിപ്പിച്ചു. മാള്‍ട്ട സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയ റാഞ്ചികളെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

ലിബിയന്‍ മുന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ അനുയായികള്‍ എന്നാണ് റാഞ്ചികള്‍ സ്വയം വിശേഷിപ്പിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ ബന്ദികളെ വിട്ടയക്കൂവെന്നൂവായിരുന്നു നിലപാട്. എന്നാല്‍ റാഞ്ചികളുടെ ഉപാധികള്‍ എന്തെന്ന് മാള്‍ട്ട ഭരണകൂടം വെളിപ്പെടുത്തിയില്ല.

ലിബിയന്‍ വിമാനക്കമ്പനിയായ അഫ്രീഖിയ എയര്‍വെയ്‌സിന്റെ എയര്‍ബസ് എ 320 വിമാനമാണ് തട്ടിയെടുത്തത്. 111 യാത്രക്കാരും ഏഴ് ജീവനക്കാരും രണ്ട് റാഞ്ചികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലിബിയന്‍ നഗരമായ സെബയില്‍നിന്ന് തലസ്ഥാനമായ ട്രിപ്പോളിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. രണ്ടു മണിക്കൂറാണ് ഈ റൂട്ടില്‍ യാത്രാ സമയം. എന്നാല്‍ സെബയില്‍നിന്ന് പറന്നുയര്‍ന്ന് 45 മിനുട്ടിനു ശേഷം ആകാശമാധ്യേ അക്രമികള്‍ പൈലറ്റിനെയും യാത്രക്കാരേയും ഭീഷണിപ്പെടുത്തി, ട്രിപ്പോളിയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള മെഡിറ്ററേനിയന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയിലേക്ക് പറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാള്‍ട്ട യൂറോപ്യന്‍ യൂണിയന്റെ ഭാഗമാണ്.

മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റ് ആണ് വിമാന റാഞ്ചല്‍ വിവരം ആദ്യം സ്ഥിരീകരിച്ചത്. ഏത് സാഹചര്യത്തെയും നേരിടാന്‍ മാള്‍ട്ട സൈന്യം ഉടന്‍ സജ്ജമായി. വിമാനത്തിന് മീറ്ററുകള്‍ മാത്രം അകലെ സൈന്യം നിലയുറപ്പിച്ചു. സന്ധി സംഭാഷണത്തിനുള്ള പ്രത്യേക സംഘത്തെയും സജ്ജമാക്കി. ജോസഫ് മസ്‌ക്കറ്റിന്റെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ ഉന്നതതല സമിതി അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. യാത്രക്കാരെ ഉപദ്രവിക്കില്ലെന്ന് വ്യക്തമാക്കിയ റാഞ്ചികള്‍ ആദ്യ ഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 25 പേരെ വിട്ടയച്ചു. സന്ധി സംഭാഷണത്തിലൂടെ ഘട്ടം ഘട്ടമായി മറ്റ് യാത്രക്കാരെയും വിട്ടയക്കുകയായിരുന്നു. വിമാന ജീവനക്കാരെ വിട്ടയക്കില്ലെന്ന് റാഞ്ചികള്‍ വ്യക്തമാക്കിയെങ്കിലും പിന്നീട് ഇവരെയും മോചിപ്പിക്കുകയും സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയുമായിരുന്നു.

ലുഖ വിമാനത്താവളം വഴിയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരില്‍ കുട്ടികള്‍ ഉള്‍പ്പെടെ 82 പേര്‍ പുരുഷന്മാരും 28 പേര്‍ സ്ത്രീകളുമായിരുന്നു. ഒരു നവജാത ശിശുവും ഉള്‍പ്പെടും.

2011ലുണ്ടായ ജനാധിപത്യ വിപ്ലവത്തിനിടെയാണ് ലിബിയന്‍ മുന്‍ ഭരണാധികാരിയും ഏകാധിപതിയുമായ മുഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടത്. ഗദ്ദാഫി യുഗം അവസാനിച്ചെങ്കിലും തൊട്ടുപിന്നാലെ ലിബിയ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് വഴുതി വീഴുകയായിരുന്നു.