ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി ചൂണ്ടിക്കാട്ടി, കേന്ദ്രസര്‍ക്കാറിനെ പഴയ നോട്ടുപോലെ ചുരുട്ടിക്കൂട്ടാനുള്ള പ്രതിപക്ഷത്തിന്റെ ഏകീകൃത ശ്രമം ആരംഭിച്ചു. നാളെ പാര്‍ലമെന്റ് ആരംഭിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി(യു), ജെ.എം.എം, സി.പി.ഐ, സി.പി.എം, ആര്‍.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കക്ഷികളാണ് ഒന്നിക്കുന്നത്. പാര്‍ലമെന്റില്‍ തന്ത്രമൊരുക്കുന്നതിന്റെ ഭാഗമായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ഓഫീസില്‍ പ്രതിപക്ഷം യോഗം ചേര്‍ന്നു.

ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ, സുധിപ് ബന്ദോപാധ്യായ, ഡെറക് ഒബ്രയാന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ശരദ് യാദവ് (ജെ.ഡി.യു), സീതാറാം യെച്ചൂരി (സി.പി.എം), ഡി. രാജ (സി.പി.ഐ), പ്രേം ചന്ദ് ഗുപ്ത (ആര്‍.ജെ.ഡി), സുഷീല്‍ കുമാര്‍ (ജെ.എം.എം), എം. രാജ്‌മോഹന്‍ റെഡ്ഢി (വൈ.എസ്.ആര്‍ കോണ്‍ഗ്രസ്) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഡി.എം.കെ, അണ്ണാ ഡി.എം.കെ, എന്‍.സി.പി കക്ഷികള്‍ വിട്ടുനിന്നു. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര്‍ സുമിത്ര മഹാജന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു മുമ്പായിരുന്നു യോഗം.

നോട്ടുകള്‍ക്കുള്ള നിരോധനം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് 100 പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. എം.പിമാരുടെ സംഘം രാഷ്ട്രപതിയെ കാണുകയും ചെയ്യും. ഇരുസഭകളിലെയും എല്ലാ ജോലികളും നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനായി ഇരുസഭകളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. പാര്‍ലമെന്റില്‍ സര്‍ക്കാറിനെതിരെ ഒന്നിച്ചു നീങ്ങാമെന്നാണ് ഇവര്‍ പ്രതിപക്ഷ നേതാക്കളെ അറിയിച്ചിട്ടുള്ളത്.

ഇവരെ കൂടാതെ, സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും പ്രതിപക്ഷത്തിന്റെ സംയോജിത നീക്കത്തില്‍ പങ്കാളികളാകും. സര്‍ക്കാര്‍ രാജ്യത്തെ സ്തംഭിപ്പിച്ചിരിക്കുകയാണെന്നും ബി.ജെ.പി സംഘടിപ്പിച്ച ഭാരത ബന്ദ് പോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ബി.എസ്.പി അധ്യക്ഷ മായാവതി കുറ്റപ്പെടുത്തി. ആം ആദ്മി പാര്‍ട്ടി നേരത്തെ തന്നെ പ്രതിപക്ഷ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.