ഫുട്‌ബോളില്‍ ഗോള്‍കീപ്പറുടേത് പോലെ ക്രിക്കറ്റില്‍ നിര്‍ണായക റോളാണ് വിക്കറ്റ് കീപ്പര്‍ക്കുള്ളത്. ഫീല്‍ഡറെ കൂടാതെ മത്സരം പൂര്‍ത്തിയാക്കാമെങ്കിലും വിക്കറ്റ് കീപ്പറില്ലാത്ത മത്സരം ഊഹിക്കാന്‍ പോലും വയ്യ.

സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ മത്സര വിജയത്തില്‍ നിര്‍ണായകമാണ്. വിക്കറ്റ് കീപ്പര്‍ക്ക് ബാറ്റിങ് കൂടി വശമുണ്ടെങ്കില്‍ അത് ടീമിന് ചെയ്യുക ഇരട്ടി ഗുണമാണ്. ഇയാന്‍ ഹീലി, മാര്‍ക്ക് ബൗച്ചര്‍ തുടങ്ങിയവര്‍ ബാറ്റിങിലുപരി കീപ്പിങ് മികവ് കൊണ്ട് ടീമില് സ്ഥാനം നിലനിര്‍ത്തിയവരാണ്. അതേസമയം ആദം ഗില്‍ ക്രിസ്റ്റ്, കുമാര്‍ സംഗക്കാര, ധോണി തുടങ്ങിയവര്‍ വിക്കറ്റിനു മുന്നിലും പിന്നിലും ഒരുപോലെ മികച്ചവരാണ്. വിക്കറ്റിനു പിറകിലെ ഞൊടിയിട നീക്കങ്ങളില്‍ ഇവര്‍ മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത് പലതവണ.

ക്രിക്കറ്റ് ലോകത്തിന് എന്നും മികച്ച കീപ്പര്‍മാരെ സമ്മാനിച്ച രാജ്യമാണ് ഓസ്‌ട്രേലിയ. ഇയാന്‍ ഹീലി മികവുറ്റ കീപ്പറായിരുന്നെങ്കില്‍ പിന്‍ഗാമി ഗില്‍ക്രെസ്റ്റ് വിക്കറ്റ് കീപ്പറുടെ നിര്‍വചനം തന്നെ മാറ്റി.

ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ അഡ്‌ലൈഡ് സ്‌ട്രൈക്കേര്‍സ് വിക്കറ്റ് കീപ്പര്‍ ലൂഡ്മാന്റെ പറക്കും ക്യാച്ച് ഇന്നും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാണ്. കീറന്‍ പൊളാര്‍ഡിന്റെ പന്തില്‍ ഇടതുവശത്തേക്ക് മുഴുനീള ഡൈവ് നടത്തിയ ലൂഡ്മാന്‍ പറന്നുപിടിച്ചത് അവിശ്വസനീയ ക്യാച്ച്.