ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം ലഭിച്ചു. സുധ ഭരദ്വാജ് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് മുംബൈ കോടതി അംഗീകരിക്കാന്‍ തയ്യാറായത്.

പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഡിസംബര്‍ 8 ന് ഭരദ്വാജിനെ ഹാജരാക്കും. ജാമ്യത്തില്‍ വിടുന്നത് അന്തിമമാക്കുകയും ജാമ്യ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.

യു.എ.പി.എയുടെ പരിതിയിലുള്ള കേസുകള്‍ കേള്‍ക്കാന്‍ നിയോഗിക്കപ്പെട്ട ജഡ്ജിയെ നിയമിച്ചിട്ടില്ലാത്തതിനാല്‍ തനിക്കെതിരായ കേസില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യം ഉന്നയിച്ച് ഭരദ്വാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടായിരുന്നു.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി 1ന് ഉണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു സുധ ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്. അന്ന് നടന്ന സംഘര്‍ഷങ്ങളുമായും അതിനു മുന്‍പ് നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോ സംഘടനകളുമായും  ബന്ധമുണ്ട് എന്നാരോപിച്ചാണ് ഭരദ്വാജ് ഉള്‍പ്പെടെ 16 മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്.