ഭോപ്പാല്‍ മധ്യപ്രദേശ് ലോകായുക്ത പൊലീസ് വ്യാഴാഴ്ച ഭോപ്പാലിലും നര്‍മ്മദാപുരം ജില്ലയിലും നടത്തിയ റെയ്ഡില്‍ കോടികളുടെ സ്വത്ത്, സ്വര്‍ണം, വെള്ളി, ആഡംബര വാഹനങ്ങള്‍ എന്നിവ പിടികൂടി. വിരമിച്ച പി.ഡബ്ല്യുഡി എഞ്ചിനീയര്‍ ജി.പി. മെഹ്‌റയുടെ വസതികളിലാണ് ഇവ കണ്ടെത്തിയത്.
റെയ്ഡുകള്‍ ലോകായുക്ത ഡയറക്ടര്‍ ജനറല്‍ യോഗേഷ് ദേശ്മുഖയുടെ മേല്‍നോട്ടത്തില്‍ നടന്നതായി പൊലീസ് അറിയിച്ചു. മെഹ്‌റയുടെ സര്‍വീസിലായിരുന്ന കാലത്ത് അഴിമതിയിലൂടെ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചതാണ് അന്വേഷണത്തിന്റെ അടിസ്ഥാനമെന്ന് എസ്പി ഡി. റാഥോഡ് വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭോപ്പാല്‍ ഗോവിന്ദ്പുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള കെ.ടി ഇന്‍ഡസ്ട്രീസ് ഫാക്ടറിയില്‍ നിന്നും ഫാക്ടറി ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍, ഉടമസ്ഥാവകാശ രേഖകള്‍ എന്നിവ കണ്ടെടുത്തു. മെഹ്റയുടെ മകന്‍ രോഹിതിന്റെയും കൈലാഷ് നായിക് എന്നയാളുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് പിവിസി പൈപ്പ് നിര്‍മാണ യൂണിറ്റ് എന്നാണ് റിപ്പോര്‍ട്ട്. സൈനി ഗ്രാമത്തിലുള്ള മെഹ്‌റയുടെ ഫാം ഹൗസില്‍ നിന്നും 17 ടണ്‍ തേന്‍, ആറ് ട്രാക്ടറുകളും കാര്‍ഷിക യന്ത്രങ്ങളും പിടിച്ചെടുത്തു. നിര്‍മാണത്തിലിരിക്കുന്ന 32 കോട്ടേജുകളും പൂര്‍ത്തിയായ ഏഴ് കോട്ടേജുകളും ഇയാള്‍ക്കുണ്ട്. രണ്ട് മത്സ്യ ഫാമുകള്‍, രണ്ട് പശുത്തൊഴുത്തുകള്‍, രണ്ട് വലിയ കുളങ്ങള്‍, ഒരു ക്ഷേത്രം എന്നിവയും മെഹ്‌റയുടെ ഉടമസ്ഥതയിലുണ്ട്.
ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ സ്ലാവിയ, കിയ സോണറ്റ്, മാരുതി സിയാസ് എന്നിവയുള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങളെല്ലാം മെഹ്റയുടെ കുടുംബാംഗങ്ങളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പിടിച്ചെടുത്ത രേഖകളും ഡിജിറ്റല്‍ രേഖകളും പരിശോധിക്കുന്നതിനായി ഫോറന്‍സിക് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.