കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായത്. എറണാകുളം റൂറലില്‍ 75 പേരെയും, തൃപ്പൂണിത്തുറയില്‍ 51 പേരെയും പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ ഉച്ചയ്ക്കു ശേഷവും രാത്രിയിലുമായാണ് അറസ്റ്റുകള്‍ രേഖപ്പെടുത്തിയത്. വഴിതടയല്‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം.

പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.