ഗസ്സ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതികളുമായി ബന്ധപ്പെട്ട് ഈജിപ്തില്‍ ഇസ്രാഈലും ഹമാസും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകളുടെ ആദ്യദിവസം പൂര്‍ത്തിയായി. ആദ്യ ദിന ചര്‍ച്ചകള്‍ ”പോസിറ്റീവായി” അവസാനിച്ചതായി ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ ചൊവ്വാഴ്ച തുടരും.
തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെ ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ബോംബാക്രമണങ്ങള്‍ ചര്‍ച്ചകളെ ദുഷ്‌കരമാക്കുന്നുവെന്ന് ഹമാസ് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ രക്ഷപ്പെട്ട ഖലീല്‍ അല്‍-ഹയ്യ, സഹിര്‍ ജബാരിന്‍ എന്നിവര്‍ ഹമാസ് പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുത്തു.
തടവുകാരുടെ കൈമാറ്റം, വെടിനിര്‍ത്തല്‍, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ആദ്യ ദിവസത്തെ ചര്‍ച്ചയില്‍ പ്രധാനമായി ചര്‍ച്ചയായതായി ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഓവല്‍ ഓഫീസില്‍ നിന്നു മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, ”ഒരു കരാറിലെത്താനുള്ള നല്ല സാധ്യതയുണ്ട്” എന്ന് വ്യക്തമാക്കി. ട്രംപിന്റെ മരുമകനും മുന്‍ വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജാരെഡ് കുഷ്നറും യുഎസ് പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഗസ്സയിലുടനീളം ഇസ്രാഈല്‍ സൈന്യം നടത്തിയ പുതിയ ആക്രമണങ്ങളില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് പേര്‍ മാനുഷിക സഹായം തേടുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.