Connect with us

Video Stories

സന്തോഷ് ട്രോഫി ടീം; മലപ്പുറത്തുനിന്ന്‌ നാലംഗ സംഘം

Published

on

മലപ്പുറം: നിലവിലെ ചാമ്പ്യന്മാര്‍ എന്ന പോരിശയുമായി സന്തോഷ് ട്രോഫി മത്സരത്തിനിറങ്ങുന്ന കേരളത്തിന് കരുത്താകാന്‍ മലപ്പുറത്തിന്റെ നാലു ചുണക്കുട്ടികള്‍. അജ്മല്‍ പി.എ (ഗോള്‍കീപ്പര്‍), അബ്ദുറഹീം കെ.കെ (മധ്യനിര), മുഹമ്മദ് സാലിം.യു (പ്രതിരോധം), അമീന്‍.കെ (പ്രതിരോധം) എന്നിവരാണ് മലപ്പുറത്തുനിന്നും 22 അംഗ സന്തോഷ് ട്രോഫി ടീമില്‍ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ മഞ്ചേരിയിലും കോട്ടപ്പടിയിലുമായി നടന്ന സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമില്‍ അംഗമായിരുന്ന ജില്ലക്കാരാരും ഇത്തവണ ടീമില്‍ ഇല്ല. നാലു പേരും പുതുമുഖങ്ങളാണ്.

അജ്മല്‍ പി.എ (ഗോള്‍കീപ്പര്‍)

ഗോകുലം കേരളയോടൊപ്പം ഐ ലീഗ് ചാമ്പ്യനാണ് ചേലേമ്പ്ര സ്വദേശി അജ്മല്‍. 2016-17 വര്‍ഷത്തെ അഖിലേന്ത്യാ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും അംഗമായി. കേരള പ്രീമിയര്‍ ലീഗില്‍ എഫ്.സി അരീക്കോടിന്റെ കാവല്‍കാരനാണ്. എന്‍.എന്‍.എം.എച്ച്.എസ്.എസ് ചേലേമ്പ്രയിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. സുബ്രതോ കപ്പ് റണ്ണേഴ്സ്അപ്പായ മലപ്പുറം എംഎസ്പി സ്‌കൂള്‍ ടീമിലും അംഗമായിരുന്നു. ഫാറൂഖ് കോളെജില്‍ നിന്നാണ് യൂണിവേഴ്സിറ്റി ടീമില്‍ ഇടം നേടുന്നത്. അണ്ടര്‍-23 ഇന്ത്യന്‍ ദേശീയ ടീം ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണ്ണാന്‍തൊടി അബ്ദുറഹിമാന്‍ ആണ് ഉപ്പ. ഉമ്മ: ജാസ്മിന്‍. ആദില്‍, അദിനാന്‍, ഹസ്ന എന്നിവര്‍ സഹോദരങ്ങളാണ്.

അബ്ദുറഹിം .കെ.കെ (മധ്യനിര താരം)

കാടാമ്പുഴ എസി നിരപ്പ് സ്വദേശിയായ അബ്ദുറഹിം മികച്ച പ്രതിരോധ താരമാണ്. എഫ്.സി കല്‍പകഞ്ചേരിയിലൂടെ കളിച്ചുവളര്‍ന്ന അബ്ദുറഹീം നിലവില്‍ കേരള പ്രീമിയര്‍ ലീഗില്‍ ബാസ്‌കോ ഒതുക്കുങ്ങലിന്റെ താരമാണ്. ശ്രീകൃഷ്ണ കോളെജില്‍ പഠന സമയത്ത് ബാഡ്മിന്റണില്‍ യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു. ജില്ലാ സീനിയര്‍ മത്സരങ്ങളില്‍ കോഴിക്കോടിനും മലപ്പുറത്തിനുമായി ബൂട്ടുകെട്ടിയിട്ടുണ്ട്. പി.ജി പൂക്കാട്ടിരി സഫ കോളെജിലായിരുന്നു. കഴിഞ്ഞ തവണത്തെ സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ് കാമ്പുകളിലുണ്ടായിരുന്നു. കല്ലന്‍ ഉമ്മറിന്റെയും ആസ്യയുടെയും മകനാണ്. ഷമീര്‍, സുഹൈല്‍, സുമയ്യ എന്നിവര്‍ സഹോദരങ്ങളാണ്.

മുഹമ്മദ് സാലിം.യു (പ്രതിരോധ താരം)

കേരള പ്രീമിയര്‍ ലീഗില്‍ കെ.എസ്.ഇ.ബിക്കായി ഗസ്റ്റ് കളിക്കുന്ന പ്രതിരോധ താരമായ സാലിം കഴിഞ്ഞ തവണ ഗോകുലം കേരളക്കും ബൂട്ടുകെട്ടിയിട്ടുണ്ട്. വളാഞ്ചേരി വെണ്ടല്ലൂര്‍ സ്വദേശിയാണ്. അണ്ടര്‍ 19 മുന്‍ കേരള താരമായ സാലിം അഖിലേവന്ത്യാ യൂണിവേഴ്സിറ്റി മൂന്നാംസ്ഥാനം നേടിയ എം.ജി യൂണിവേഴ്സിറ്റി താരമായിരുന്നു. എം.ഇ.എസ് ഇരിമ്പിളത്തിനായി കളിച്ചു തുടങ്ങിയ സാലിം ബസേലിയസ് കോട്ടയത്തിനായി കളിച്ചാണ് എം.ജി യൂണിവേഴ്സിറ്റി ടീമില്‍ അംഗമാകുന്നത്. ഫറൂഖ് കോളെജിലായിരുന്നു പി.ജി പഠനം. ഖേലോ ഇന്ത്യ ചാമ്പ്യനാണ്. ഉണ്ണിയേങ്ങല്‍ മുഹമ്മദ് നാസറാണ് ഉപ്പ. ഉമ്മ മൈമൂനത്ത്. സഹോദരങ്ങള്‍: മുഹമ്മദ് നിയാസ്, മുഹ്സിന, മുഹമ്മദ് നവാസ്, മുര്‍ഷിദ.

അമീന്‍.കെ (പ്രതിരോധ താരം)

കേരള പ്രീമിയര്‍ ലീഗില്‍ എഫ്.സി അരീക്കോടിന്റെ താരമായ അമീന്‍ പ്രതിരോധത്തിലെ വന്‍മതിലാണ്. സംസ്ഥാന ജില്ലാ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ജില്ലാ ടീമില്‍ അംഗമായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രതിരോധ താരത്തിനുള്ള പട്ടം കരസ്ഥമാക്കിയ അമീന്‍ മമ്പാട് എം.ഇ.എസ് കോളെജിനൊപ്പം ഇന്റര്‍സോണ്‍ ചാമ്പ്യനായിട്ടുണ്ട്. നെല്ലിക്കുത്ത് ജി.എച്ച്.എസ്.എസിലൂടെ വളര്‍ന്ന അജ്മല്‍ മഞ്ചേരി നെല്ലക്കുത്ത് കോട്ടക്കുന്ന് അബ്ദുല്‍ സലാമിന്റെ മകനാണ്. ഫൗസിയയാണ് ഉമ്മ. ഫര്‍സാന, അജ്മല്‍ സഹോദരങ്ങളാണ്.

 

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending