ഗസ്സ: ഇസ്രാഈല്‍ തടവറയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ഫലസ്തീന്‍ കുട്ടികള്‍ ജീവനു വേണ്ടി കേഴുന്നു. ഇസ്രാഈലിലെ വിവിധ തടവറയിലായി 350 കുരുന്നുകളാണ് ദുരിതം പേറി കഴിയുന്നത്.

ഫലസ്തീന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രാദേശിക സന്നദ്ധ സംഘടന നടത്തിയ സര്‍വെയില്‍ കൂടിയാണ് കുട്ടികളുടെ നിശബ്ദ തേങ്ങലുകള്‍ പുറംലോകമറിഞ്ഞത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഇസ്രാഈല്‍ തടവറയില്‍ നടക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ കഴിയുന്ന കുട്ടികള്‍ക്ക് 12നും 18നും ഇടയില്‍ പ്രായമുണ്ട്. പ്രാദേശിക സന്നദ്ധ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് ശരിയാണെന്നു ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി വ്യക്തമാക്കി. യുണൈറ്റഡ് നേഷന്‍സ് ലോകവ്യാപകമായി ചില്‍ഡ്രന്‍സ് ഡെ ആചരിക്കുന്ന വേളയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

തടവറയില്‍ കഴിയുന്ന കുട്ടികളില്‍ പെണ്‍കുട്ടികളുമുണ്ട്. 12 പെണ്‍കുട്ടികളും ജയിലില്‍ കഴിയുന്നവരില്‍പെടുന്നു. 2015ല്‍ രണ്ടായിരത്തോളം പ്രായപൂര്‍ത്തിയാകാത്ത ഫലസ്തീന്‍ കുട്ടികളെയാണ് ഇസ്രാഈല്‍ പിടികൂടിയത്. ഇതില്‍ പലരെയും നിയമങ്ങള്‍ ലംഘിച്ചു തടവറയിലേക്കു മാറ്റി. ചിലരെ ക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം വിട്ടയച്ചു. കുട്ടികള്‍ക്കെതിരെ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ അനുദിനവും തുടരുകയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെടുന്ന കുട്ടികളും ഏറെയാണ്. അക്രമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ കാണാതാകുന്ന കുട്ടികളും ഏറെയാണ്. തടങ്കലില്‍ കഴിയുന്ന കുട്ടികള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണവും വെള്ളവും നല്‍കാതെ കുട്ടികളെ പീഡിപ്പിക്കുകയാണ്. ക്രൂരമായ മര്‍ദ്ദനത്തിന്

ഇരയാകുന്നവരുമുണ്ട്. സംഘടന തയാറാക്കിയ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന ഇസ്രാഈലിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടിലുണ്ട്. വ്യാജ കുറ്റകൃത്യങ്ങള്‍ ചുമത്തി കുട്ടികളെ ഇസ്രാഈല്‍ സൈന്യം കോടതി മുറിയിലെത്തിക്കുകയാണെന്നും ആരോപണമുണ്ട്. രണ്ട് മുതല്‍ 10 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട കുട്ടികളും തടവറയിലുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യൂണിസെഫിനെയും അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളെയും സമീപിക്കാനൊരുങ്ങുകയാണ് സന്നദ്ധ സംഘടന. എന്നാല്‍, 7000 കുട്ടികള്‍ ഇസ്രാഈലിന്റെ തടവറയില്‍ കഴിയുന്നതായി ഫലസ്തീന്‍ സര്‍ക്കാര്‍ അറിയിച്ചു.