Connect with us

Video Stories

തുണി അഴിഞ്ഞുവീണ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

Published

on

‘പീതാംബരന്‍ സ്വന്തംനിലക്ക് കൊലപാതകം നടത്താന്‍ സാധ്യതയില്ല. നടത്തിയെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയായിരിക്കും.’ കാസര്‍കോട്ട് പെരിയ കല്യോട്ട് ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ രണ്ടു യുവാക്കളെ അതിഭീകരമായി കൊലചെയ്ത കേസില്‍ അറസ്റ്റിലായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ വാക്കുകളാണിവ. പീതാംബരനെ പൊലീസ് പിടികൂടിയതിന്റെ പിറ്റേന്ന് ബുധനാഴ്ചയാണ് മഞ്ജു ഇങ്ങനെ വെളിപ്പെടുത്തിയത്. പ്രമുഖ ചാനലുകളെല്ലാം മഞ്ജുവിന്റെയും മകളുടെയും സംഭാഷണം പുറത്തുവിട്ടതാണ്. എന്നാല്‍ ആ കുടുംബം ഇപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കുന്നില്ല. സി.പി.എം നേതാക്കള്‍ പീതാംബരന്റെ കുടുംബത്തെ സമീപിച്ച് പണവും കേസില്‍നിന്നുള്ള വിടുതലും വാഗ്ദാനം ചെയ്തതായാണ് വിവരം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സ്വന്തംപാര്‍ട്ടിയെ വെള്ളപൂശി തടിതപ്പാനുള്ള ഭഗീരഥ പ്രയത്‌നത്തിലുമാണ്. ആരെ ഏതുവിധം കൊന്നാലും പാര്‍ട്ടി ഭാരവാഹികളെയും പ്രവര്‍ത്തകരെയും എന്തു വില കൊടുത്തും സംരക്ഷിച്ചിരിക്കുമെന്നറിഞ്ഞിട്ടും സി.പി.എം നേതാക്കള്‍ പ്രതികളായ കേസില്‍ അവരുടെ വീട്ടുകാര്‍ തന്നെ സ്വന്തം പാര്‍ട്ടിക്കെതിരായി രംഗത്തുവരിക എന്ന അത്യപൂര്‍വതയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കാര്യങ്ങള്‍ സി.പി.എം നേതൃത്വത്തിന്റെ കയ്യിലിനി ഒതുങ്ങില്ലെന്നതിന്റെ ഒന്നാന്തരം തെളിവാണിത്.
പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്ന് സംസ്ഥാന സെക്രട്ടറിതന്നെ പ്രഖ്യാപിച്ചിട്ടുള്ള നിലക്ക് സി.പി.എം നേതാക്കള്‍ എത്രതന്നെ കിണഞ്ഞുശ്രമിച്ചാലും പാര്‍ട്ടിയുടെമേല്‍ പതിച്ചിരിക്കുന്ന ചോരക്കറ മാറുമെന്ന് തോന്നുന്നില്ല. അത്രകണ്ട് പകല്‍ സമാനമായ വസ്തുതകളാണ് കൃപേഷ്, ശരത്‌ലാല്‍ എന്നീ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാര്യത്തില്‍ പൊലീസിനും ജനങ്ങള്‍ക്കുംമുന്നില്‍ തുറിച്ചുനില്‍ക്കുന്നത്. ബുധനാഴ്ച വൈകീട്ട് 3.15ന് തന്നെ വന്നുകണ്ട മാധ്യമ പ്രവര്‍ത്തകരിലൊരാളോട്, ഞങ്ങള്‍ക്ക് ഇനിയൊന്നും പറയാനില്ല. അപ്പോഴത്തെ വിഷമങ്ങള്‍കൊണ്ട് പറഞ്ഞുപോയതാണ് എന്നാണ് പീതാംബരന്റെ ഭാര്യ പറഞ്ഞിരിക്കുന്നത്. ഇത്ര പെട്ടെന്ന് നിലപാടില്‍ മാറ്റംവരുത്താന്‍ ഈ കുടുംബത്തെ പ്രേരിപ്പിച്ചത് പണമോ ഭരണസ്വാധീനമോ മാത്രമായിരിക്കില്ല. കളിച്ചാല്‍ ബാക്കിയുള്ളവരെകൂടി കാലപുരിക്കയക്കും എന്ന ഭീഷണിയായിരിക്കണം.
രണ്ട് ഇളം യുവാക്കളെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ അരിഞ്ഞുകൊല്ലാനുള്ള തീരുമാനം പീതാംബരന്‍ ഒറ്റക്കെടുത്തുവെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയും കോടിയേരിയും അടക്കമുള്ള സി.പി.എം നേതാക്കള്‍ പൊലീസിനെ ഉപയോഗിച്ച് വൃഥാ ശ്രമിക്കുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ മാത്രം സി.പി.എമ്മുകാര്‍ അറുത്തുകൊന്ന ശതക്കണക്കിന് മനുഷ്യജീവനുകളെക്കുറിച്ചുള്ള കേസ് രേഖകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തിവൈരാഗ്യം കൊണ്ടാണ് അതൊക്കെ നടത്തിയതെന്ന് ആര്‍ക്കാണ് വിലയിരുത്താനാകുക. കഞ്ചാവ് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും പാര്‍ട്ടി സഹായിക്കാതിരുന്നതിനാല്‍ കൊലപാതകം തനിച്ച് ആസൂത്രണം ചെയ്ത് നടത്തിയതാണെന്നുമാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറികൂടിയായ പീതാംബരന്‍ മൊഴി നല്‍കിയിരിക്കുന്നതത്രെ. എന്നാല്‍ ഇന്നലെ സി.പി.ഐയുടെയും കാസര്‍കോട് ജില്ലയുടെയും മന്ത്രി ഇ. ചന്ദ്രശേഖരനോട് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ അത്തരം നേരിയ സന്ദേഹംപോലും ജനിപ്പിക്കുന്നില്ല. കോളജിലെ തര്‍ക്കവുമായി ബന്ധപ്പെട്ട സംഘട്ടനത്തില്‍ പീതാംബരന് കൈക്ക് പരിക്കേറ്റതിന് പ്രതികാരം ചെയ്തതാണെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ ഇത്ര ചെറിയൊരു കാര്യത്തിന് പൊലീസ് പ്രതിപ്പട്ടികയിലുള്ള രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാത്രി കാറില്‍ചെന്ന് അരിഞ്ഞുവീഴ്ത്താന്‍ ഒരാള്‍ മാത്രം പദ്ധതിയിട്ടു എന്നു പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.
സി.പി.എമ്മില്‍നിന്ന് പുറത്തുപോയ വടകര ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരനെ നടുറോഡിലിട്ട് കൊലചെയ്തത് സി.പി.എം സഹയാത്രികരായ കുപ്രസിദ്ധ ഗുണ്ടകളും ഗൂഢാലോചന നടത്തിയത് സി.പി.എം ഏരിയാതല നേതാക്കളുമാണെന്നും അവരിപ്പോഴും ജയിലുകളില്‍ കഴിയുകയാണെന്നും അറിയുന്ന മലയാളിക്കൊരിക്കലും മേല്‍വാദങ്ങള്‍ അപ്പടി വിഴുങ്ങുക സാധ്യമല്ല. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനിടെ നടന്ന ചന്ദ്രശേഖരന്റെ കൊലപാതകം തങ്ങള്‍ ചെയ്യുമോ എന്ന് ചോദിച്ചപോലെയാണ്, പാര്‍ട്ടി കേരള സംരക്ഷണ ജാഥ നടത്തുന്നതിനിടെ രണ്ടു പേരെ പാര്‍ട്ടി അറിഞ്ഞ് കൊല്ലുമോ എന്ന ചോദ്യവും. ഇനിയും ക്ഷമ പരീക്ഷിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പെരിയ കൊലക്ക്മുമ്പ് ജില്ലാസെക്രട്ടറിയേറ്റംഗം വി.പി.പി മുസ്തഫ പറഞ്ഞതും നേതൃത്വത്തിന്റെ പങ്കല്ലാതെന്താണ്. മദ്യപിക്കുകയോ പുകവലിക്കുക പോലുമോ ചെയ്യാത്ത പീതാംബരന്‍ എന്തിനാണ് താന്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കിയത്. ടി.പി കേസില്‍ പ്രതികള്‍ ഇസ്‌ലാമിക തീവ്രവാദികളാണെന്ന് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി കളവ് ബോധ്യപ്പെടുത്താന്‍ പാഴ്ശ്രമം നടത്തിയ നേതാവ് ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ ആ നേതാവിനുകീഴില്‍ ഈകേസ് തുരുമ്പെടുക്കുമെന്ന് കരുതിയാല്‍ തെറ്റില്ല. ആ അവിശ്വാസമാണ് സി.ബി.ഐ അന്വേഷണം എന്ന ആവശ്യം ഉന്നയിക്കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. സി.പി.എം സഹയാത്രികനായിരുന്ന കൃപേഷിന്റെ പിതാവിന് പാര്‍ട്ടി വഴികള്‍ നല്ലതുപോലെ അറിയാവുന്നതുകൊണ്ടുതന്നെയാണ് അദ്ദേഹവും സി.ബി.ഐ അന്വേഷണവുമായി കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. എല്ലാത്തിനും സി.ബി.ഐ വേണമെന്നുവന്നാല്‍ കേരള പൊലീസിന്റെ ആവശ്യമില്ലല്ലോ എന്ന കോടിയേരിയുടെ ന്യായവാദം പഴയ പേപ്പട്ടിക്കഥ പോലെയാണ്. അധികാര പ്രമത്തതയുടെ രക്തകിരീടവുമായി കേരളം വാഴുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഇല്ലാത്ത ഒരൊറ്റ കൊലപാതകക്കേസും ഇവിടെ അടുത്ത കാലത്തുണ്ടായിട്ടില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ പെരിയവരെ 26 പേരാണ് സംസ്ഥാനത്ത് കൊലക്കത്തിക്കിരയായത്. അതിനെ ന്യായീകരിക്കുന്ന സി.പി.എമ്മുകാരന്റെ വസ്ത്രം അഴിഞ്ഞുവീണിരിക്കുകയാണെന്ന് അയാള്‍ അറിയുന്നേയില്ല.



kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending