Connect with us

Culture

പഞ്ചാബില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ്

Published

on

സക്കീര്‍ താമരശ്ശേരി

പഞ്ചാബില്‍ കാര്യങ്ങളിപ്പോള്‍ കോണ്‍ഗ്രസിന്റെ വഴിക്കാണ്. അവസാന വാക്ക് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റേതും. നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല തിരിച്ചുവരവ് കോണ്‍ഗ്രസിന് തെല്ലൊന്നുമല്ല ആശ്വാസമായത്. 2014 ലെ ബി.ജെ.പി തരംഗത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും 2017ല്‍ ഗംഭീര തിരിച്ചുവരവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 77ഉം നേടി ക്യാപ്റ്റനും ടീമും വിജയത്തേരിലേറി. തുടര്‍ന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും താരം കോണ്‍ഗ്രസ് തന്നെ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി സ്വപ്‌നത്തിന് ഒന്നാന്തരം പ്രഹരം. പാകിസ്താനുമായും ജമ്മു കശ്മീരുമായും അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍ അവസാന ഘട്ടമായ മെയ് 19നാണ് തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ സീറ്റ് വിഭജനമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

2014 ലെ ചിത്രം
13 മണ്ഡലങ്ങള്‍. ശിരോമണി അകാലിദള്‍-4, ആം ആദ്മി പാര്‍ട്ടി-4, കോണ്‍ഗ്രസ്- 3, ബി.ജെ.പി 2. മൂന്ന്് സീറ്റ് മാത്രമാണ് നേടിയതെങ്കിലും 33.2 ശതമാനം വോട്ടുവിഹിതവുമായി കോണ്‍ഗ്രസായിരുന്നു ശക്തര്‍. 26.4 ശതമാനം വോട്ട് അകാലിദളും 24.5 ശതമാനം വോട്ട് ആം ആദ്മി പാര്‍ട്ടിയും നേടി. 8.8 ശതമാനമായിരുന്നു ബി.ജെ.പി വോട്ട് വിഹിതം. ബി.എസ്.പിക്ക് 1.9 ശതമാനവും. ശിരോമണി അകാലിദള്‍ ആണ് കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളി. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും ശക്തമായ സാന്നിധ്യവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തുണ്ട്. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റ് നേടി അവര്‍ മുഖ്യ പ്രതിപക്ഷമായി. 10 വര്‍ഷം സംസ്ഥാനം ഭരിച്ച ശിരോമണി അകാലിദള്‍ 14 സീറ്റിലേക്കൊതുങ്ങി. അകാലിദളിന്റെ തണലില്‍ നിലനില്‍ക്കുന്ന ബി.ജെ.പിക്ക് മൂന്ന് സീറ്റ് മാത്രമാണ് നേടാനായത്.

സിങ് ഈസ് കിങ്
തെരെഞ്ഞടുപ്പ് ഏതുമായിക്കൊള്ളട്ടെ പഞ്ചാബില്‍ താരം മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആണ്. രാജ്യസ്‌നേഹം പ്രവര്‍ത്തിയിലൂടെ തെളിയിച്ച നേതാവ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് ബിരുദമെടുത്ത അമരീന്ദര്‍ 1963 ജൂണില്‍ സൈന്യത്തില്‍ ചേര്‍ന്നു. 1965 ലെ ഇന്ത്യ-പാക് യുദ്ധവേളയില്‍ പട്ടാളത്തില്‍ ക്യാപ്റ്റനായിരുന്നു. പിന്നീട് രാജിവെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങി. ബാലാക്കോട്ട് ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ വെല്ലുവിളിച്ച് ആദ്യം രംഗത്തെത്തിയതും ക്യാപ്റ്റന്‍ തന്നെ. പാക് സേനയുടെ പിടിയിലായ വോമ്യസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തിരികെയെത്തിയപ്പോള്‍ വാഗ അതിര്‍ത്തി സ്വീകരിക്കാനും മുന്‍നിരയില്‍ ക്യാപ്റ്റനുണ്ടായിരുന്നു. തൊഴിലില്ലാത്ത പഞ്ചാബിലെ ചെറുപ്പക്കാര്‍ മയക്കുമരുന്ന് കടത്തലിലേക്ക് തിരിഞ്ഞ സമയത്താണ് ക്യാപ്റ്റന്‍ പഞ്ചാബിന്റെ അമരക്കാരനാകുന്നത്. ആദ്യ നടപടി തന്നെ ലഹരിമാഫിയയെ തകര്‍ത്തെറിയുകയായിരുന്നു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം റെയ്ഡുകളും ഏറ്റുമുട്ടലുകളും നടത്തി പൂര്‍വ സ്ഥിതിയിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

സിദ്ദു കാ മാജിക്
ഒരു പഞ്ചാബിയുടെ തലയെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ നവജോത് സിങ് സിദ്ദുവില്‍ കാണാം. ജനങ്ങളെ കയ്യിലെടുക്കുന്ന പ്രസംഗ ശൈലി, അളന്നു മുറിച്ചുള്ള വാക് ചാതുരി, ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കാന്‍ സിദ്ദുവിനോളം പോന്ന നേതാവില്ല. കുറിക്കു കൊള്ളുന്ന വാചകങ്ങളിലൂടെ ജനങ്ങളെ ഹരം കൊള്ളിക്കാനുള്ള മുന്‍ ക്രിക്കറ്റ് താരത്തിന്റെ കഴിവ് അപാരം. രാഷ്ട്രീയം, സിനിമ, സ്‌പോര്‍ട്‌സ് എല്ലാം സമാ സമം ചേര്‍ത്ത് ഉഗ്രന്‍ പ്രസംഗം. തദ്ദേശസ്വയംഭരണം, ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്. 2016ലാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്. പാര്‍ട്ടിയുടെ താരപ്രചാരകനായ സിദ്ദു അടുത്തിടെ ബി.ജെ.പിക്കുണ്ടാക്കിയ തലവേദന ചില്ലറയല്ല. ബാലാകോട്ട് വ്യോമാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശവാദം പൊള്ളയാണെന്ന് അദ്ദേഹം തെളിയിച്ചു. നിങ്ങള്‍ പിഴുതെടുത്തതു ഭീകരവാദികളെയോ മരങ്ങളെയോ എന്ന സിദ്ദുവിന്റെ ട്വീറ്റുകള്‍ക്ക് ബി.ജെ.പിക്ക് മറുപടിയുണ്ടായിരുന്നില്ല. കര്‍താര്‍പുര്‍ ഇടനാഴിയുടെ പാകിസ്താന്‍ ഭാഗത്തിലെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തത് വിവാദമാക്കാനുള്ള ബി.ജെ.പി നീക്കവും അദ്ദേഹം പൊളിച്ചടുക്കി. ഭാര്യക്ക് സീറ്റ് ലഭിക്കാത്തത് നീരസമുണ്ടാക്കിയെങ്കിലും പ്രചാരണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് പറക്കാനൊരുങ്ങുകയാണ് താരം.

മന്‍മോഹന്‍ വരുമോ ?
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പഞ്ചാബില്‍ നിന്ന് മല്‍സരിക്കണമെന്ന മുറവിളി ശക്തമാണ്. അമൃത്‌സറില്‍നിന്നു ജനവിധി തേടണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാല്‍ അദ്ദേഹം ഇതുവരെ മനസ് തുറന്നിട്ടില്ല. 82 കാരനായ മന്‍മോഹന്‍ ഇനിയൊരങ്കത്തിന് തയ്യാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1991 മുതല്‍ അസമില്‍നിന്നുള്ള രാജ്യസഭാംഗമായ മന്‍മോഹന്റെ കാലാവധി ജൂണ്‍ 14ന് അവസാനിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ ഇതുവരെ ജയിച്ചിട്ടില്ല.1991ല്‍ സൗത്ത് ഡല്‍ഹിയില്‍നിന്ന് ലോക്‌സഭയിലേക്കു മല്‍സരിച്ചെങ്കിലും ബി.ജെ.പിയിലെ വി.കെ.മല്‍ഹോത്രയോടു തോറ്റു. 2009ലും മന്‍മോഹന് വേണ്ടി അമൃത്സര്‍ കൊതിച്ചിരുന്നു. പക്ഷെ അദ്ദേഹം ഒഴിഞ്ഞുമാറി. 2014 ല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് അമൃത്സറില്‍ വിജയക്കൊടി നാട്ടിയത്. മറിച്ചിട്ടത് സാക്ഷാല്‍ അരുണ്‍ ജെയ്റ്റിലിയെ. ഭൂരിപക്ഷം-1,02,770. അമരീന്ദര്‍ മുഖ്യമന്ത്രിയായതോടെ 2017ല്‍ ഉപതെരഞ്ഞെടുപ്പ്. ജയം കോണ്‍ഗ്രസിന് തന്നെ. 1,97,491 ഭൂരിപക്ഷത്തോടെ ഗുര്‍ജീത് സിങ് ഓജ്‌ല പാര്‍ലമെന്റില്‍.

ചര്‍ച്ചകള്‍ തുടരുന്നു
കോണ്‍ഗ്രസുമായി സഖ്യത്തിന് കിണഞ്ഞു ശ്രമിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസ് അനുകൂലമല്ല. ക്യാപ്റ്റന്റെ എതിര്‍പ്പ് തന്നെ മുഖ്യകാരണം. ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് പുതുതായി രൂപവത്കരിച്ച ശിരോമണി അകാലിദള്‍ (തക്‌സലി) എന്ന പാര്‍ട്ടിയുമായും ആം ആദ്മി സഖ്യശ്രമം നടത്തുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബിര്‍ സിങ് ബാദലുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടത്. ബി.എസ്.പി പിന്തുണയോടെ മഹാസഖ്യം മാതൃകയില്‍ പഞ്ചാബ് ഡെമോക്രാറ്റിക് അലയന്‍സും(പി.ഡി.എ) രൂപം കൊണ്ടു. ആം ആദ്മി പാര്‍ട്ടിയിലേയും ശിരോമണി അകാലിദളിലേയും വിമതരാണ് പി.ഡി.എയിലെ പ്രമുഖര്‍. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പട്യാല എം.പി ധരംവീര ഗാന്ധി പഞ്ചാബ് മഞ്ചെന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ച് പി.ഡി.എയുടെ ഒപ്പമുണ്ട്. കൂടാതെ, കെജ്‌രിവാളിനെതിരെ പാര്‍ട്ടിയില്‍ കലാപം നടത്തിയ സുഖ്പാല്‍സിങ് ഖൈറ ആം ആദ്മി പാര്‍ട്ടിയിലെ ആറു വിമത എം.എല്‍.എമാരെയും കൂടെ കൂട്ടി പഞ്ചാബ് ഏകതാപാര്‍ട്ടിയും രൂപവത്കരിച്ചു. അകാലിദള്‍-ബി.ജെ.പി ചര്‍ച്ച പൂര്‍ത്തിയാക്കി. അകാലിദള്‍ 10ഉം ബി.ജെ.പി മൂന്നും സീറ്റുകളില്‍ മത്സരിക്കും.

വിലപ്പോവില്ല വര്‍ഗീയത
ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണങ്ങള്‍ക്ക് മുഖം കൊടുക്കുന്ന പ്രകൃതമല്ല പഞ്ചാബിന്റേത്. പുല്‍വാമ- ബാലാക്കോട്ട് ആക്രമണങ്ങളെ മുതലെടുക്കാനുള്ള ബി.ജെ.പി നീക്കവും വിലപ്പോയില്ല. വികസനവും കൃഷിയുമാണ് ചര്‍ച്ചാ വിഷയം. അമരീന്ദര്‍ സിങ് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളാണ് കോണ്‍ഗ്രസിന്റെ തുറുപ്പ്ചീട്ട്. പൊതു-സ്വകാര്യ മേഖലയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയും വിജയം കണ്ടു. വിവിധ വകുപ്പുകളിലേക്കായി 1.2 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യം, വിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിലെല്ലാം മുന്നേറ്റമുണ്ടാക്കാനായി. മയക്കുമരുന്ന് മാഫിയയെ അടിച്ചൊതുക്കി. മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വലിയൊരു വിഭാഗം യുവാക്കളെ ബോധവത്കരണത്തിലൂടെ തിരിച്ചെത്തിച്ചു. ഇതെല്ലാം വോട്ടാവുമെന്ന് കോണ്‍ഗ്രസിനുറപ്പുണ്ട്. 13 ല്‍ ചുരുങ്ങിയത് 10 സീറ്റാണ് ലക്ഷ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending