Connect with us

Video Stories

വയോധികരോട് ഇതാണോ കേരളം ചെയ്യേണ്ടത്

Published

on

വയോധികര്‍ക്കുനേരെ കേരളത്തില്‍ തുടരെത്തുടരെയായി നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ അക്രമങ്ങളും അതിക്രമങ്ങളും അവഗണനയും നമ്മുടെയാകെയും വിശിഷ്യാ നാട് ഭരിക്കുന്നവരുടെയും കണ്ണു തുറപ്പിക്കുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല, ഇതുസംബന്ധിച്ച രാജ്യത്തെ നിയമങ്ങള്‍പോലും നോക്കുകുത്തിയാകുന്ന അവസ്ഥയാണ് സംസ്ഥാനത്ത് അടുത്ത കാലത്തായി സംജാതമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ബാലരാമപുരത്തെ വീട്ടില്‍ മാസങ്ങളായി മകന്റെ മാനസിക-ശാരീരിക പീഡനത്തിനിരയായി എല്ലും തോലുമായി കഴിഞ്ഞിരുന്ന എഴുപത്തഞ്ചുകാരിയായ ലളിതയെ മകളും അയല്‍വാസികളും ചേര്‍ന്ന് പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. സ്വത്തു തര്‍ക്കമാണത്രെ ഈ പീഡനത്തിന് കാരണം. കൊല്ലത്ത് രണ്ടു മാസം മുമ്പ് വീട്ടിനടത്തുള്ള കക്കൂസ് മുറിയില്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് മറ്റൊരു വൃദ്ധമാതാവിനെ കേരളം ഞെട്ടലോടെ കാണാനിടയായത്. ഇതിനിടെ ഇന്നലെ കൊച്ചിയില്‍നിന്ന് ഇതുസംബന്ധമായ മറ്റൊരുവാര്‍ത്തകൂടിയായതോടെ പ്രബുദ്ധ കേരളം വയോധികരുടെ സുരക്ഷിതഭൂമിയല്ലെന്ന് മാത്രമല്ല, അവര്‍ക്ക് ശ്വാസം വിടാനാകാത്തവിധം പ്രേതഭൂമിയായിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്.

കൊച്ചിയിലെ കോര്‍പറേഷന്‍ വക അഗതി കേന്ദ്രത്തിലെ വൃദ്ധയെ അതിന്റെ സൂപ്രണ്ടാണ് അതിക്രൂരമായി ആക്രമിച്ചതായി ഇന്നലെ വാര്‍ത്ത പുറത്തുവന്നത്. മകളെ സൂപ്രണ്ടിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ അന്യായമായി ജോലിചെയ്യിച്ചതിനെ ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് വയോധികയായ കാര്‍ത്യായനിക്ക് ക്രൂരമായ മര്‍ദനം നേരിടേണ്ടിവന്നതെന്നത് മനസ്സ് ശിലയല്ലാത്ത ഏതൊരാളെയും വേദനിപ്പിക്കേണ്ടതാണ്. വയോധികയെ അവരെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സൂപ്രണ്ട് പട്ടാപ്പകല്‍ പരസ്യമായി മര്‍ദിക്കുന്ന ചലന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇതിനകം തരംഗമായിക്കഴിഞ്ഞു. പൊതു ഉടമസ്ഥതയിലുള്ള അഗതി മന്ദിരത്തിലാണ് ഈ അവസ്ഥയെങ്കില്‍ പിന്നെ നാട്ടില്‍ കൂണുപോലെ മുളച്ചുപൊന്തിയിരിക്കുന്ന നൂറുകണക്കിന് വയോ-അഗതി മന്ദിരങ്ങളുടെ ചുമരുകള്‍ക്കകത്ത് നടക്കുന്നതെന്താണെന്ന് ഊഹിക്കാന്‍ കഴിയുന്നതേയുള്ളൂ. ഇവിടുത്തെതന്നെ രാധാമണി എന്ന വയോധികക്കും സൂപ്രണ്ടിന്റെ മര്‍ദനമേറ്റു.

ഇതൊക്കെ കാണിക്കുന്നത് കേരളീയ പൊതുസമൂഹത്തിനുമാത്രമല്ല, സാമൂഹിക നീതി വകുപ്പിനും ഭരണകൂടത്തിനും അവരെ നിയന്ത്രിക്കുന്ന അധികാരികള്‍ക്കുമൊന്നും നാട്ടിലെ വയോധികരുടെ കാര്യത്തില്‍ യാതൊരുവിധ കരുതലുമില്ലെന്ന യാഥാര്‍ത്ഥ്യമാണ്. വീട്ടിലെ പട്ടിയുടെ വില പോലും മാതാപിതാക്കള്‍ക്കില്ലാതെ പോകുന്നത് കഷ്ടംതന്നെ. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതനുസരിച്ച് ദേശീയ ശരാശരിയേക്കാള്‍ കേരളത്തില്‍ വയോധികരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. നമ്മുടെ ആരോഗ്യബോധവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണവും നിലവാരവും സര്‍വോപരി അതിനനുസൃതമായ വരുമാനവും ജീവിത നിലവാരവും കൊണ്ടാണ് ഇത് സാധ്യമായത്. അസുഖം ബാധിക്കുമ്പോഴോ അതിനുമുമ്പോതന്നെ വൈദ്യ ശുശ്രൂഷ തേടാന്‍ മലയാളി മുന്‍കാലത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കേരളത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വരുമാന ഒഴുക്കാണ് ഇത് സാധ്യമാക്കിയത്. താരതമ്യേന എല്ലാ വിഭാഗങ്ങളിലും ആരോഗ്യ ശുചിത്വ ബോധം പകരാന്‍ ഇവിടുത്തെ പ്രസ്ഥാനങ്ങള്‍ക്കും കഴിഞ്ഞു.

എന്നാല്‍ ഇതൊരു അനുഗ്രഹമായി മാറുന്നതിനുപകരം വയോധികരെ ശല്യമായും ഉപയോഗശൂന്യമായും കാണുന്ന പ്രവണത കേരളീയ സമൂഹത്തില്‍ കൂടിവരുന്നുണ്ടോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നാണ് അടുത്തിടെയായി സംസ്ഥാനത്ത് നടന്നുവരുന്ന ഓരോ സംഭവങ്ങളിലുടെയും വ്യക്തമാകുന്നത്. 2011 സെന്‍സസ് പ്രകാരം കേരള ജനസംഖ്യയുടെ 12.6 ശതമാനം പേര്‍ 60 പിന്നിട്ടവരാണ്. ഇവരുടെ സംഖ്യ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. 2018ലെ കണക്കനുസരിച്ച് കേരളത്തിലെ 631 വയോധിക കേന്ദ്രങ്ങളിലെ അന്തേവാസികളുടെ സംഖ്യ 23,823 ആണ് -9,596 സ്ത്രീകളും 14,227 പുരുഷന്മാരും. ഇവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും സാമ്പത്തിക ശേഷിയുള്ള മക്കളുണ്ടെന്നതാണ് കൗതുകകരം.

കണ്ണൂരില്‍ സ്വന്തം അമ്മയെ വിധവയായ മകള്‍ ചൂലുകൊണ്ടും മറ്റും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം അവരുടെ മകന്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കേരളം മറന്നുകാണില്ല. അത്രയും അസഹനീയമായാണ് അമ്മക്ക് മകളുടെ പീഡനം സഹിച്ചുജീവിക്കേണ്ടിവന്നത്. വയസ്സാകുമ്പോള്‍ മാതാപിതാക്കളെ ശല്യമായി കരുതുകയും എന്നാല്‍ അവര്‍ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനത്തിലൂടെയുണ്ടാക്കിയ സമ്പത്ത് തട്ടിയെടുക്കാന്‍ ക്രൂരവും കുല്‍സിതവുമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രവണത എന്തുകൊണ്ടോ കൂടിവരുന്നതായാണ് സമീപകാല അനുഭവങ്ങള്‍. ജീവിതത്തിന്റെ മാല്‍സരികമായ പരക്കംപാച്ചിലിനിടെ സകലവിധമൂല്യങ്ങളും കൈവിട്ടുകൊണ്ടുള്ള ഈ പോക്കിനെതിരെ മത പ്രബോധകരും എഴുത്തുകാരും മാധ്യമങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുകയുണ്ടായിട്ടുണ്ടെങ്കിലും അത്രക്കും വിദേശ-പാശ്ചാത്യ ആഢംബര ഭ്രമത്തിന് അടിമപ്പെട്ടതുമൂലം അതില്‍നിന്ന് തലയൂരാന്‍ കഴിയുന്നില്ല. പൗരന്മാരുടെയും വിശിഷ്യാ വയോധികരുടെയും കാര്യത്തില്‍ സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പിനാണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുക. എന്നാല്‍ നാലും അഞ്ചും അക്കങ്ങള്‍ ശമ്പളംപറ്റുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് യാതൊന്നും ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അനുദിനം പുറത്തുവരുന്ന വാര്‍ത്തകള്‍ ലോകത്തോട് വിളിച്ചുപറയുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മലപ്പുറം തവനൂരിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ രണ്ടു ദിവസത്തിനിടെ നാല് അന്തേവാസികളായ വയോധികര്‍ അസ്വാഭാവികമായി മരണപ്പെടുകയും അത് മൂടിവെക്കുകയും ചെയ്തത് സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയതാണ്. മിക്ക അഗതി മന്ദിരങ്ങളിലും വേണ്ടത്ര പരിചാരകരോ ആതുര സംവിധാനമോ ഇല്ലാത്തതാണ് ഇതിനുകാരണം. ഇവിടെ ഡോക്ടര്‍മാരുടെ സ്ഥിര സേവനം ഉറപ്പുവരുത്തണമെന്നാണ് ചട്ടമെങ്കിലും സാമ്പത്തിക പരിമിതി കാരണം അതും സാധ്യമാകുന്നില്ല. എങ്കിലും ജീവിച്ചിരിക്കുന്നിടത്തോളമെങ്കിലും ഈ മണ്ണിനെയും നാടിനെയും നമ്മെയും താലോലിച്ച് വലുതാക്കിയ പൂര്‍വ തലമുറയെ സാന്ത്വനപൂര്‍വവും മര്യാദയോടെയും പരിഗണിക്കുകയും പരിചരിക്കുകയും ചെറുകൈത്താങ്ങ് നല്‍കുകയും ചെയ്യാതെ വരുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാകുക? ഗുരുതര രോഗികള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ കാരുണ്യ ചികില്‍സാപദ്ധതിപോലും നിര്‍ത്തലാക്കിയ ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ഇതിലധികം എന്ത് പ്രതീക്ഷിക്കാനാണ്!

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Trending