Connect with us

Video Stories

ചട്ട ലംഘനത്തിന്റെ മന്ത്രി മാതൃക

Published

on

രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്

കേരളത്തിലെ സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി നടക്കുന്ന മാര്‍ക്ക് ദാനവും മറ്റു നടപടികളും ഉന്നത വിദ്യാഭ്യാസരംഗത്തെ ചരിത്രത്തില്‍ ഉണ്ടാകാത്തവിധത്തിലുള്ള പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഉന്നതമായ മൂല്യങ്ങളാലും ഉയര്‍ന്ന ദിശാബോധത്താലും നയിക്കപ്പെടേണ്ടവയാണ് സര്‍വകലാശാലകള്‍. മികച്ച അക്കാദമിക് പണ്ഡിതന്മാരാല്‍ അവ നയിക്കപ്പെടണമെന്നാണ് രാഷ്ട്രശില്‍പ്പികള്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് അവക്ക് സ്വയംഭരണമുള്‍പ്പെടെയുള്ള അധികാരങ്ങള്‍ നല്‍കിയതും. സംസ്ഥാനത്ത് ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം പ്രൊഫസര്‍ സി.രവീന്ദ്രനാഥും തുടര്‍ന്ന് ഡോ. കെ.ടി ജലീലുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിമാരായത്. കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായതോടെ കേരളത്തിലെ സര്‍വകലാശാലകളുടെ വിശ്വാസ്യതയും അക്കാദമിക് മികവും തകര്‍ക്കപ്പെടുന്ന അതീവ ദുഃഖകരമായ അവസ്ഥയാണുണ്ടായത്. ശ്രേഷ്ഠമായ സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകളെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയും സിണ്ടിക്കേറ്റുകളെ നോക്കുകുത്തികളാക്കുകയും വൈസ് ചാന്‍സലര്‍മാരെ ആജ്ഞാനുവര്‍ത്തികളാക്കുകയുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ചെയ്യുന്നത്. സംസ്ഥാനം രൂപീകൃതമായ ശേഷം പ്രഗത്ഭമതികളായ എത്രയോ മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ ജലീലിനെപ്പോലെ ഇത്രയും നഗ്‌നമായി സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്ത മറ്റൊരു മന്ത്രിയില്ല. കള്ളം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ താന്‍ ഒന്നും ചെയ്തിട്ടില്ല, സിണ്ടിക്കേറ്റും വൈസ്ചാന്‍സലറുമാണ് എല്ലാം ചെയ്തതെന്നുമായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. തെളിവുകള്‍ നിരത്തി മന്ത്രിയുടെ ഇടപെടല്‍ സ്ഥാപിച്ചപ്പോള്‍ താന്‍ ഇനിയും ചട്ടവും വകുപ്പുകളും ലംഘിക്കുമെന്ന് പ്രഖ്യാപിക്കാനുള്ള ധാര്‍ഷ്ഠ്യവും മന്ത്രി പ്രകടിപ്പിച്ചു.
പബ്ലിക് സര്‍വീസ് കമ്മീഷനിലെ പരീക്ഷാക്രമക്കേടുകളും മാര്‍ക്ക് തട്ടിപ്പും ഞെട്ടിപ്പിച്ചതാണ്. പക്ഷേ അതിനേക്കാള്‍ ഭീമമായ ക്രമക്കേടുകളാണ് സര്‍വകലാശാലകളില്‍നിന്ന് പിന്നാലെ പുറത്തു വന്നത്. നേരത്തെ കേരള സാങ്കേതിക സര്‍വകലാശാലയുടെ എഞ്ചിനീയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ട് ജയിപ്പിച്ച സംഭവം വിവാദമായിരുന്നു. പക്ഷേ അത് മഞ്ഞുമലയുടെ ഒരഗ്രം മാത്രമായിരുന്നു. മന്ത്രിയുടെയും മന്ത്രിയുടെ ഓഫീസിന്റെയും അവിഹിത ഇടപെടലുകളുടെ അമ്പരപ്പിക്കുന്ന വിവരങ്ങളുടെ മലവെള്ളപ്പാച്ചിലാണ് പിന്നാലെ ഉണ്ടായത്. എം. ജി സര്‍വകലാശാലയില്‍ നടന്ന ഗുരുതരമായ മാര്‍ക്ക് ദാനം എല്ലാ സീമകളെയും ലംഘിച്ച് മാര്‍ക്ക് കുംഭകോണത്തിന്റെ സ്വഭാവത്തിലേക്ക് എത്തുക പോലും ചെയ്തു. 2019 ഫെബ്രുവരി 22 ന് എം.ജി സര്‍വകലാശാലയില്‍ നടന്ന ഫയല്‍ അദാലത്തില്‍ കോതമംഗലത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിക്ക് ആറാം സെമസ്റ്ററിലെ പേപ്പറിന് ഒരു മാര്‍ക്ക് കൂട്ടികൊടുക്കാന്‍ കൈക്കൊണ്ട തീരുമാനമാണ് വന്‍തോതിലുള്ള മാര്‍ക്ക് കുംഭകോണത്തിലേക്ക് വഴിവച്ചത്. നാഷണല്‍ സര്‍വീസ് സ്‌കീം അനുസരിച്ചുള്ള ഗ്രേസ് മാര്‍ക്ക് തന്ന് തന്നെ വിജയിപ്പിക്കണമെന്ന കുട്ടിയുടെ അപേക്ഷ നേരത്തേ സര്‍വകലാശാല നിരസിച്ചതാണ്. കാരണം എന്‍.എസ്.എസിന്റെ ഗ്രേസ് മാര്‍ക്ക് നേരത്തെ ആ കുട്ടിക്ക് നല്‍കിയിരുന്നു. എന്നിട്ടും അദാലത്തില്‍വച്ച് ഒരു മാര്‍ക്ക് കൂട്ടി നല്‍കി ആ വിദ്യാര്‍ത്ഥിനിയെ വിജയിപ്പിക്കാനാണ് തീരുമാനിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ കുറിപ്പെഴുതിയതോടെ ആ വിഷയം അക്കാദമിക്ക് കൗണ്‍സിലിലേക്ക് വിട്ടു. പിന്നീടുണ്ടായത് അമ്പരിപ്പിക്കുന്ന നടപടികളാണ്. അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയിലിരിക്കെ തന്നെ സര്‍വകലാശാല സിണ്ടിക്കേറ്റ് വിഷയം പരിഗണിച്ചു. ഈ കുട്ടിക്ക് മാത്രമല്ല, തങ്ങള്‍ക്ക് താല്‍പര്യമുള്ള പല കുട്ടികള്‍ക്കും മാര്‍ക്ക് കൂട്ടിയിട്ടുകൊടുക്കണമെന്ന അവകാശവാദം സിണ്ടിക്കേറ്റിലുണ്ടായി. രണ്ടു മാര്‍ക്കും നാലു മാര്‍ക്കും കൂട്ടിയിട്ടുകൊടുക്കണമെന്ന് വരെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ലേലം വിളി പോലെ ഒടുവില്‍ അഞ്ച് മാര്‍ക്ക് വരെ കൂട്ടി നല്‍കാനും അത് കാലപരിധിയില്ലാതെ കുട്ടികള്‍ക്ക് നല്‍കാനും തീരുമാനിച്ചത്. ‘സര്‍വകലാശാല ഇതുവരെ നടത്തിയിട്ടുള്ള ബി.ടെക് പരീക്ഷകളില്‍ ഏതെങ്കിലും സെമസ്റ്ററുകളില്‍ ഏതെങ്കിലും ഒരു വിഷയം മാത്രം വിജയിക്കാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള മോഡറേഷന്പുറമേ അഞ്ചു മാര്‍ക്ക് കൂട്ടി സിണ്ടിക്കേറ്റ് മോഡറേഷന്‍ നല്‍കാനാണ്’ തീരുമാനിച്ചത്. വിചിത്രമായ ഈ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് ഓരോ സെമസ്റ്ററിലും ഓരോ പേപ്പറില്‍ അഞ്ച് മാര്‍ക്ക് വരെ കൂട്ടിയിട്ടുകൊടുക്കുക പോലുമുണ്ടായി. ആറ് സപ്ലിമെന്ററി പരീക്ഷകളില്‍ തോറ്റ കുട്ടി പോലും അതോടെ ജയിച്ചതായി സര്‍ട്ടിഫിക്കറ്റും വാങ്ങിപ്പോയി. ആകെ 120 കുട്ടികള്‍ ഇങ്ങനെ ജയിച്ചതായി പറയുന്നുണ്ട്.
എം.ജി സര്‍വകലാശാലയില്‍ നടന്നത് മോഡറേഷനാണെന്നും അതിനെ മാര്‍ക്ക് ദാനമെന്ന് ചിത്രീകരിക്കുന്നത് ശരിയല്ലെന്നുമാണ് മന്ത്രി കെ.ടി ജലീല്‍ വാദിക്കുന്നത്. എന്നാല്‍, ഇവിടെ നടന്നത് മാര്‍ക്ക്ദാനം പോലുമല്ല, അതിനുമപ്പുറം മാര്‍ക്ക് കൊള്ളയാണ്. ഓരോ പരീക്ഷയിലും റിസള്‍ട്ട് വരുന്നതിനുമുമ്പ് പരീക്ഷയുടെ പൊതുവായ സ്വഭാവവും സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങളുടെ എണ്ണവും വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലെ പ്രകടനവും മറ്റും കണക്കിലെടുത്ത് എക്‌സാമിനേഷന്‍ പാസ് ബോര്‍ഡുകളാണ് മോഡറേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. എത്ര മോഡറേഷനാണ് കിട്ടിയിരിക്കുന്നതെന്ന് അത് ലഭിച്ച വിദ്യാര്‍ത്ഥികള്‍പോലും അറിയാന്‍ പാടില്ലെന്നാണ് തത്വം. റിസള്‍ട്ട് വന്ന് കഴിഞ്ഞാല്‍ റീവാല്യുവേഷന്‍ മാത്രമേ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുള്ള പോംവഴിയായി അവശേഷിക്കുന്നുള്ളു. സിണ്ടിക്കേറ്റുകള്‍ക്കോ, മന്ത്രിക്കോ മാര്‍ക്ക് കൂട്ടിയിട്ട് നല്‍കാന്‍ അധികാരമില്ല. ഇവിടെ സിണ്ടിക്കേറ്റാണ് മാര്‍ക്ക് കൂട്ടി കൊടുക്കാന്‍ തീരുമാനിച്ചത്. ഇത് തീര്‍ത്തും നിയമവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധ കാര്യങ്ങളാണ് താന്‍ ഇനിയും ചെയ്യുമെന്ന് മന്ത്രി വീമ്പു പറയുന്നത്.
എം.ജി. സര്‍വകലാശാലയിലെ മാര്‍ക്ക് കൊള്ളക്ക് പിന്നില്‍ ഗൂഢാലോചന നടന്നു എന്ന് വ്യക്തമാണ്. മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ ആദ്യാവസാനം പങ്കെടുത്തത് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വീഡിയോ കോണ്‍ഫ്രന്‍സ് വഴി അദാലത്ത് ഉദ്ഘാടനം ചെയ്ത മന്ത്രി തന്നെയാണ് തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്. അദാലത്തില്‍ പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രൈവറ്റ് സെക്രട്ടറിയുടെ നാട്ടുകാരിയാണ് മാര്‍ക്ക് കൂട്ടിയിടണമെന്ന് അപേക്ഷ നല്‍കിയ കുട്ടി എന്നതുതന്നെ പ്രൈവറ്റ് സെക്രട്ടറിയുടെ പങ്കിന് അടിവരയിടുന്നു. ഉദ്ഘാടനച്ചടങ്ങളില്‍ മാത്രമേ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തുള്ളു എന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. മന്ത്രിയുടെ ആ വാദത്തെ പൊളിച്ചു പ്രൈവറ്റ് സെക്രട്ടറി മണിക്കൂറുകളോളം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടി.വി ചാനലുകള്‍ പുറത്തുവിട്ടു. മന്ത്രി എന്തിനാണ് അസത്യം പറഞ്ഞത്? സംശയം ബലപ്പെടുത്തുന്നത് അതാണ്.
എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക് കൊള്ള ഒറ്റപ്പെട്ട സംഭവമല്ല. വളയമില്ലാത്ത ചാട്ടങ്ങള്‍ മിക്ക സര്‍വകലാശാലകളിലും നടന്നു. സാങ്കേതിക സര്‍വകലാശാലയിലും തോറ്റ കുട്ടികള്‍ക്ക് അഞ്ച് മാര്‍ക്ക് വീതം കൂട്ടിക്കൊടുക്കാനെടുത്ത തീരുമാനമാണ് മറ്റൊന്ന്. എം.ജി സര്‍വകലാശാലയിലെ തന്നെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മാര്‍ക്ക് കൂട്ടിയിട്ടു നല്‍കിയത് വേറൊന്ന്. ആരോഗ്യസര്‍വകലാശാലയിലെ എം.ബി.ബി.എസ്സിന് മാര്‍ക്ക് കൂട്ടി നല്‍കാന്‍ തീരുമാനിച്ചത് ഇനിയൊന്ന്. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെയും മെഡിക്കല്‍ കൗണ്‍സിലിന്റെയും മാനദണ്ഡങ്ങള്‍ക്ക് എതിരാണ് ഈ തീരുമാനങ്ങള്‍.
കേരള സര്‍വകലാശാലയിലെ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ചെല്ലുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു എന്ന് പരാതി ഉണ്ടായി. കേരള സര്‍വകലാശാലയിലെ സിണ്ടിക്കേറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പങ്കെടുത്തത് ചട്ടവിരുദ്ധമായതിനാല്‍ ചില സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ വിട്ടുനിന്നു. ഇങ്ങനെ അവസാനിക്കാതെ നീളുകയാണ് സര്‍വകലാശാലയിലെ വിക്രിയകള്‍. ഇതിനൊക്കെ പുറമെ വി.സിയെ മറികടന്ന് മന്ത്രി നേരിട്ട് ഇടപെട്ടതിന് ഉദാഹരണമാണ് ചേര്‍ത്തല എന്‍.എസ്.എസ് ഒന്നാം വര്‍ഷക്കാരിയായ ഒരു വിദ്യാര്‍ത്ഥിനിക്ക് തിരുവനന്തപുരം വിമന്‍സ് കോളജിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ്. കേരള സാങ്കേതിക സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കലിലും പരീക്ഷാനടത്തിപ്പിനുമായി എക്‌സാമിനേഷന്‍ മാനേജിങ് കമ്മിറ്റിയെ (ഇ.എം. സി.) വെക്കാല്‍ മന്ത്രി വൈസ് ചാന്‍സലര്‍ക്ക് നേരിട്ട് ഉത്തരവ് നല്‍കിയത് സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ മന്ത്രി കൈകടത്തിയതിനുള്ള സംസാരിക്കുന്ന മറ്റൊരു തെളിവാണ്.
സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ പുറത്തുവന്നതോടെ കണ്ണീര്‍ക്കഥകള്‍ ചമച്ച് സഹതാപമുയര്‍ത്തി രക്ഷപ്പെടാനാണ് മന്ത്രിയുടെ ശ്രമം. അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹമായത് നല്‍കാന്‍ ചട്ടവും വകുപ്പുകളും ലംഘിക്കുമെന്നാണ് മന്ത്രി പറയുന്നത്. അര്‍ഹമായത് അര്‍ഹമായവര്‍ക്ക് നല്‍കുന്നതിന് ആരും എതിരല്ല. പക്ഷേ, അത് നിയമാനുസൃതം നല്‍കണം. തോറ്റു കിടക്കുന്ന കുട്ടികള്‍ക്ക് വെറുതേ മാര്‍ക്ക് വാരിക്കോരി നല്‍കി ജയിപ്പിക്കുന്നതല്ല അര്‍ഹമായത് നല്‍കല്‍. വീട്ടില്‍ ദാരിദ്ര്യമാണ്, അച്ഛന് ചെറിയ ജോലിയാണ് എന്ന് പറഞ്ഞ് ഒരു കുട്ടിക്ക് മാര്‍ക്ക് കൂട്ടിയിട്ടുകൊടുക്കാന്‍ കഴിയുമോ? ദയാഹര്‍ജി പരിഗണിച്ചല്ല, മാര്‍ക്ക് നല്‍കേണ്ടതെന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കളുടെ വാക്കുകളാണ് ഈ അവസരത്തില്‍ മന്ത്രിയെ ഓര്‍മ്മിപ്പിക്കാനുള്ളത്. മന്ത്രിയുടെ ഇതുവരെയുള്ള വാദമുഖങ്ങളെല്ലാം പൊളിക്കുന്നതാണ് അറിയപ്പെടുന്ന ഇടതുപക്ഷ സഹയാത്രികനും വിദ്യാഭ്യാസ വിചക്ഷണനുമായ രാജന്‍ ഗുരുക്കളുടെ വാക്കുകള്‍. മാനുഷിക പരിഗണനയെക്കുറിച്ച് ഇപ്പോള്‍ വാചാലനാവുന്ന മന്ത്രി പഴയ കഥ ഓര്‍ക്കണം. 2012 ല്‍ റാഗിങിനെത്തുടര്‍ന്ന് കോഴിക്കോട് സര്‍വകലാശാലയുടെ എന്‍ജിനീയറിങ് കോളജിലെ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ആ കുട്ടിയെ കോഴിക്കോട് എന്‍ജിനീയറിങ് കോളജിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് വി.സി ഉത്തരവിറക്കി. അതിനെതിരെ സമരം ചെയ്ത് ഉത്തരവ് റദ്ദാക്കിച്ചവരാണ് സി.പി.എമ്മുകാര്‍. ഇവിടെയാകട്ടെ വി.സിയെ മറികടന്നായിരുന്നു മന്ത്രിയുടെ ഉത്തരവ്.
നിയമലംഘനങ്ങളെല്ലാം നടത്തിയശേഷം മാനുഷിക പരിഗണനയുടെ വാചക കസര്‍ത്തു നടത്തി രക്ഷപ്പെടാന്‍ മന്ത്രിക്ക് കഴിയില്ല. ഇതുവരെ കേരളം ഭരിച്ച മിക്കവാറുമെല്ലാ വിദ്യാഭ്യാസമന്ത്രിമാരും മാനുഷിക പരിഗണന കൊടുത്തുതന്നെയാണ് ഭരണം നടത്തിയിട്ടുള്ളത്. പക്ഷേ, അവര്‍ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമാണ് പാവപ്പെട്ടവരും സാധുക്കളുമായ വിദ്യാര്‍ത്ഥികളെ സഹായിച്ചത്. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ജോണ്‍മത്തായി സന്ദര്‍ശത്തിന് അനുമതി ചോദിച്ചപ്പോള്‍ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് അങ്ങോട്ട് ചെന്ന് കാണുകയാണുണ്ടായത്. അതാണ് കേരളം വി.സിമാര്‍ക്ക് നല്‍കുന്ന ആദരവ്. കെ.ടി ജലീല്‍ അത് അറിയണം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending