Connect with us

kerala

ലാവ്‌ലിന്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ജലീലിനെ രാജിവെപ്പിച്ച് മുഖം രക്ഷിക്കാന്‍ ശ്രമം

ലാവ്‌ലിന്‍ കേസില്‍ നേരത്തെ തന്നെ സിപിഐ പിണറായി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. പുതിയ സാഹചര്യത്തില്‍ ലാവ്‌ലിന്‍ ആയുധമാക്കി പിണറായിയെ പ്രതിരോധത്തിലാക്കാനുള്ള ആലോചന സിപിഐ നേതൃത്വത്തിനുണ്ട്.

Published

on

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലുകളില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കാനിരിക്കെ കെ.ടി ജലീലിനെ രാജിവെപ്പിച്ച് മുഖം രക്ഷിക്കാനുള്ള നീക്കവുമായി പിണറായി. കെ.ടി ജലീലിനെതിരെ കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഇതിന് പിന്നാലെ ലാവ്‌ലിന്‍ കേസില്‍ കോടതിയില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും വിരുദ്ധ പരാമര്‍ശങ്ങളുണ്ടായാല്‍ പിണറായിയുടെ രാഷ്ട്രീയ ഭാവിയില്‍ അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇത് മുന്‍കൂട്ടി കണ്ടാണ് ജലീലിനെ രാജിവെപ്പിക്കാന്‍ നീക്കമാരംഭിച്ചത്. ഇതിലൂടെ വിഷയം വഴിതിരിച്ചുവിട്ട് മുഖം രക്ഷിക്കാനാണ് പിണറായിയുടെ നീക്കം.

ജലീലിനെതിരെ സിപിഎമ്മിനുള്ളിലും ഇടത് മുന്നണിയിലും കടുത്ത അമര്‍ഷമുണ്ട്. മുഖ്യമന്ത്രിയുമായി ജലീലിന്റെ അടുത്ത ബന്ധമാണ് ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ചു നിര്‍ത്തിയത്. എന്നാല്‍ പിണറായി തന്നെ ലാവ്‌ലിന്‍ കേസില്‍ വീണ്ടും പ്രതിസന്ധിയിലായതോടെയാണ് ജലീലിനെ കൈവിട്ടത്. സിപിഐ നേതൃത്വവും ജലീലിനെതിരെ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. നിയമസഭയില്‍ അവിശ്വാസപ്രമേയത്തിനിടെ ജലീലിനെതിരെ പ്രതിപക്ഷം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മാത്രമാണ് ജലീലിനെ പ്രതിരോധിച്ചത്.

ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ അപ്പീലും, വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലുകളിലുമാണ് കോടതി വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് തിങ്കളാഴ്ച ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാറിനെയും ബിജെപി നേതൃത്വത്തെയും പരമാവധി സുഖിപ്പിച്ച് കേസ് വഴിതിരിച്ചുവിടാന്‍ പിണറായി ശ്രമിച്ചിരുന്നെങ്കിലും കോടതിയില്‍ നിന്ന് എന്തെങ്കിലും എതിരായ പരാമര്‍ശമുണ്ടായാല്‍ അത് തനിക്ക് തിരിച്ചടിയാവുമെന്ന ഭയം പിണറായിക്കുണ്ട്. നേരത്തെ 18 തവണയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. കോവിഡിന്റെയും മഹാപ്രളയങ്ങളുടെയും മറവില്‍ സഹമന്ത്രിമാരെയും പാര്‍ട്ടി നേതാക്കളേയും നിശബ്ദരാക്കി ഒറ്റക്ക് മുന്നോട്ടു പോവുന്ന പിണറായിക്ക് ലാവ്ലിന്‍ ഹര്‍ജി ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുകയാണ്. കേസില്‍ കോടതിയില്‍ നിന്ന് എന്തെങ്കിലും എതിരായ പരാമര്‍ശമുണ്ടായാല്‍ തനിക്കെതിരെ ആദ്യം എതിര്‍പ്പുയരുന്നത് പാര്‍ട്ടിക്കകത്ത് നിന്നായിരിക്കും എന്ന ബോധ്യം പിണറായിക്കുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ജികള്‍ പരിഗണിക്കുന്നത് പരമാവധി നീട്ടാന്‍ പിണറായി നീക്കം നടത്തിയിരുന്നു.

തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുന്നതിനെതിരെയും സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കെഎസ്ഇബി മുന്‍ ചെയര്‍മാനും കേസിലെ പ്രതിയുമായ ശിവദാസന്റെ അഭിഭാഷകനാണ് അപേക്ഷ നല്‍കിയത്. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയ ഒരു വ്യക്തിയുടെ അഭിഭാഷക നല്‍കിയ മെയിലിലെ ആവശ്യം പരിഗണിച്ചാണ് തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ലാവ്ലിന്‍ അപ്പീലുകള്‍ ഉള്‍പ്പെടുത്തിയത്. ഇത് തങ്ങളുടെ അറിവോടെയല്ലെന്നും കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും പുനരാരംഭിച്ച ശേഷം തുറന്ന കോടതിയില്‍ വിശദമായി വാദം കേള്‍ക്കണമെന്നുമാണ് ശിവദാസന്റെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഇതോടെയാണ് പിണറായി കുരുക്കിലായത്.

സിപിഐ നേതൃത്വത്തിനും പിണറായിയുടെ ഏകാധിപത്യ പ്രവണതയില്‍ അമര്‍ഷമുണ്ട്. എന്നാല്‍ ഇതുവരെ അത് തുറന്നുപറയാന്‍ അവസരം ലഭിച്ചിട്ടില്ല. ലാവ്‌ലിന്‍ കേസില്‍ നേരത്തെ തന്നെ സിപിഐ പിണറായി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. പുതിയ സാഹചര്യത്തില്‍ ലാവ്‌ലിന്‍ ആയുധമാക്കി പിണറായിയെ പ്രതിരോധത്തിലാക്കാനുള്ള ആലോചന സിപിഐ നേതൃത്വത്തിനുണ്ട്. ഇതെല്ലാം മറികടക്കാന്‍ ജലീലിനെ രാജിവെപ്പിച്ച് വിഷയം വഴിതിരിച്ചുവിടാമെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍. ഇതിനായുള്ള ആലോചനകളാണ് ഇപ്പോള്‍ പിണറായി നടത്തുന്നത്.

 

kerala

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതിയില്‍

Published

on

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കേസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ മാത്യു കഴിഞ്ഞ തവണ കോടതിയില്‍ ഹര്‍ജി പരിഗണിക്കണവേ ഹാജരാക്കിയിരുന്നു.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നതിന്റെ തെളിവുകളാണ് മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കിയത്.

Continue Reading

kerala

ലൈസൻസ് ടെസ്റ്റുകൾ പുനഃരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിഷേധം; ടെസ്റ്റുകൾ ഇന്നും മുടങ്ങും

Published

on

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് ലൈസൻസ് ടെസ്റ്റുകൾ പുനഃരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതിയായ കെഎംഡിഎസ് അറിയിച്ചതോടെ ലൈസൻസ് ടെസ്റ്റുകൾ ഇന്നും മുടങ്ങും. ​ഗതാ​ഗത കമ്മീഷണറുടെ സർക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്നും പുതിയ ഹർജി ഫയർ ചെയ്യുമെന്നും കെഎംഡിഎസ് അറയിച്ചു.

ഭൂരിപക്ഷം ഡ്രൈവിങ് സ്കൂളുകളും കെഎംഡിഎസിന് കീഴിലാണെന്നിരിക്കെ പ്രതിഷേധത്തെ മറികടന്ന് ടെസ്റ്റുകൾ നടത്തുന്ന മോട്ടോർ വാഹന വകുപ്പിന് എളുപ്പമായിരിക്കില്ല. പുതിയ സാഹചര്യത്തിൽ ഡ്രൈവിങ് സ്കൂളുകൾ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് കെഎംഡിഎസ് പറയുന്നത്.

Continue Reading

kerala

കേരള തീരത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്, കടലിൽ ഇറങ്ങരുത്

Published

on

തിരുവനന്തപുരം: കേരളാ തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ് തുടരുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് വൈകിട്ട് 03.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.

5. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും ഇന്ന് രാത്രി 08 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല.

6. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടൽ പ്രക്ഷുബ്‌ധമായിരിക്കും.

Continue Reading

Trending